ടൊവിനോ തോമസ് നിര്‍മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്സ്'. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷു റിലീസായാണ് സിനിമ എത്തുക. ഒരു പോസ്റ്റാറിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്.
ബേസില്‍, രാജേഷ് മാധവന്‍, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ആദ്യകാഴ്ചയില്‍ ഒരു കോമഡി ചിത്രം എന്ന് തോന്നിപ്പിക്കുന്ന പോസ്റ്ററിലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബ്രില്യന്‍സും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. ബേസിലും സംഘവും നില്‍ക്കുന്നതിന് തൊട്ടുതാഴെയായി ഒരു മൃതദേഹം ഒളിപ്പിച്ചുവെച്ചിരിക്കുന്നതായി കാണാം. ഇതോടെ മരണമാസ്സ് വെറുമൊരു കോമഡി ചിത്രം മാത്രമാകില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
വാഴ, ഗുരുവായൂരമ്പലനടയില്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം, റാഫേല്‍ പോഴോളിപറമ്പില്‍ എന്നിവരാണ് മരണമാസ്സിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോകുല്‍നാഥാണ്.
രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. സംവിധായകന്‍ ശിവപ്രസാദും സിജു സണ്ണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത പൊന്‍മാന്‍ ആണ് ബേസില്‍ നായകനായി തിയേറ്ററില്‍ എത്തിയ അവസാനത്തെ സിനിമ. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമയിലെ ബേസിലിന്റെ പ്രകടനം ഏറെ കൈയ്യടി നേടുന്നുണ്ട്. സജി ഗോപു, ലിജോമോള്‍ എന്നിവരും സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.