തെലുങ്കിലെ മുന്‍കാല സൂപ്പര്‍താരം അക്കിനേനി നാഗേശ്വരറാവുവിനെതിരെ നടന്‍ നന്ദമൂരി ബാലകൃഷ്ണ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി നടന്മാരായ നാഗചൈതന്യയും അഖില്‍ അക്കിനേനിയും.സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ബാലകൃഷ്ണയ്‌ക്കെതിരെ ഇരുവരും പരോക്ഷവിമര്‍ശനം നടത്തിയത്.
നാഗാര്‍ജുനയുടെ പിതാവും തെലുങ്ക് സിനിമാ ഇതിഹാസവുമായ അക്കിനേനി നാഗേശ്വരറാവുവിനെക്കുറിച്ചായിരുന്നു, പുതിയ ചിത്രമായ വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിനിടെ ബാലയ്യയുടെ ഈ പരിഹാസം.
എന്റെ അച്ഛന്‍ സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ്.വി.രംഗ റാവുവിനെ പരാമര്‍ശിച്ച്), അക്കിനേനിയോ തൊക്കിനേനിയോ മറ്റോ' എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്.
ഇതിനു പിന്നാലെയാണ് നാഗേശ്വര റാവുവിന്റെ മകനും തെലുങ്കിലെ സൂപ്പര്‍ താരവുമായ നാഗാര്‍ജുനയുടെ മക്കളും യുവതാരങ്ങളുമായ നാഗചൈതന്യയും അഖില്‍ അക്കിനേനിയും രംഗത്തെത്തിയത്.
എന്‍.ടി. രാമറാവു, അക്കിനേനി നാഗേശ്വര റാവു, എസ്.വി. രംഗറാവു എന്നിവര്‍ തെലുങ്ക് സിനിമയുടെ നെടുംതൂണുകളാണെന്നും അവരെ അവഹേളിക്കുന്നത് സ്വയം അപമാനിതനാകുന്നതിന് തുല്യമാണെന്നും ഇരുവരും ട്വീറ്റ് ചെയ്തു.അന്തരിച്ച അക്കിനേനി നാഗേശ്വര റാവുവിനെപ്പോലെയുള്ള ഒരു ഇതിഹാസത്തെ അപകീര്‍ത്തിപ്പെടുത്തിയത് തെറ്റായിപ്പോയെന്നാണ് പ്രേക്ഷകരുടെയും വിമര്‍ശനം.
നിരവധിപേരാണ് ഇരുവരേയും പിന്തുണച്ച് കമന്റുകളില്‍ രംഗത്തുവന്നത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബാലയ്യ ചെയ്തത് വളരെ മോശമായിപ്പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിനിമയില്‍ വലിയ വലിയ തത്വങ്ങള്‍ പറയുന്നയാള്‍ ജീവിതത്തില്‍ അത് പാലിക്കുക കൂടി വേണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മുമ്പ് തന്റെ സിനിമയുടെ വിജയാഘോഷത്തിനിടെ നാഗാര്‍ജുന എന്‍ടിആറിനെ ആദരവോടെ സ്മരിച്ചതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സംഭവം തെലുങ്ക് സിനിമാ ലോകത്ത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. കാലങ്ങളായി തെലുങ്ക് സിനിമയെ നയിക്കുന്ന രണ്ട് കുടുംബങ്ങളിലെ താരങ്ങളാണ് ഇപ്പോള്‍ മുഖാമുഖം എത്തിയിരിക്കുന്നത്. സംഭവത്തില്‍ നാഗാര്‍ജുനയുടെ പ്രതികരണം എന്തായിരിക്കും എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുമ്പും തന്റെ വിവാദ പ്രസ്താവനകളിലൂടേയും ചെയ്തികളിലൂടേയും വാര്‍ത്ത സൃഷ്ടിച്ചിട്ടുണ്ട് ബാലയ്യ.
നാഗേശ്വര റാവുവിന്റെ മകന്‍ നാഗാര്‍ജുനയുടെ മക്കളാണ് നാഗചൈതന്യയും അഖില്‍ അക്കിനേനിയും.