മണി രത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തി വിജയം കൈവരിച്ച ചിത്രത്തിന്റെ വിജയാഘോഷം അണിയറപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ആഘോഷിച്ചു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയെടുത്ത പൊന്നിയിന്‍ സെല്‍വന്റെ വിജയം ആഘോഷം കല്‍ക്കി കൃഷ്ണമൂര്‍ത്തി മെമ്മോറിയല്‍ ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവന നല്‍കിയാണ് ലൈക്ക പ്രൊഡക്ഷന്‍സ് ആഘോഷിച്ചത്.
കല്‍ക്കിയുടെ മകന്‍ കല്‍ക്കി രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ മണി രത്നവും സുബാസ്‌കരനും ചേര്‍ന്നാണ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സീതാ രവിക്ക് ചെക്ക് നല്‍കിയത്.
തമിഴ്നാട്ടില്‍ നിന്ന് മാത്രം പൊന്നിയിന്‍ സെല്‍വന്‍ നേടിയത് 260 കോടിയാണ്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 500 കോടിയിലേക്ക് എത്തിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഒമ്പത് മാസത്തിനുള്ളില്‍ റിലീസ് ചെയ്യുമെന്ന് മണിരത്നം വ്യക്തമാക്കിയിരുന്നു. ഒന്നാം ഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം നടന്നിരുന്നുവെന്നും വിഎഫ്എക്സ് വര്‍ക്കുകള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.ചിത്രം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒടിടിയിലെത്തിയത്. ഒടിടിയിലും വന്‍ സ്വീകാര്യതയാണ് ചിത്രം നേടുന്നത്.
ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താരങ്ങളായ കാര്‍ത്തി, ഷോഭിത, സിദ്ധാര്‍ത്ഥ്, ഐശ്വര്യ റായ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിന്‍ സെല്‍വനില്‍ അണിനിരക്കുന്നത്.