ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പുതിയ ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായി തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് എത്തിയത്. വലിയ ആരാധക കൂട്ടമാണ് താരത്തെ കാത്ത് നിന്നിരുന്നത്. വിജയ് കേരളത്തിലെത്തിയത് മുതല്‍ ദളപതിയെ കാണാന്‍ തിക്കിത്തിരക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ മലയാളി ആരാധകരെ അഭിസംബോധന ചെയ്യുന്ന നടന്റെ ഒരു വീഡിയ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുകയാണ്.
പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായായിരുന്നു വിജയ് ആരാധകരെ അഭിസംബോധന ചെയ്തത്. കേരളത്തിലെ ദളപതി ആരാധകരോട് മലയാളത്തിലാണ് വിജയ് സംസാരിച്ചത്. 'ഏന് അനിയത്തി, അനിയന്, ചേച്ചി, ചേട്ടന്മാര്, എന്റെ അമ്മ അപ്പന്മാര്..'' എന്ന് തുടങ്ങിയ വിജയ്ക്ക് ആര്‍പ്പുവിളികളോടെ ആരാധകര്‍ സ്നേഹം പ്രകടിപ്പിച്ചു.
'നിങ്ങളെ എല്ലാവരെയും കാണുന്നതില്‍ ഒരുപാട് ഒരുപാട് സന്തോഷം. ഓണം ആഘോഷത്തില്‍ നിങ്ങള്‍ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോള്‍ എനിക്ക് ഉള്ളത്. എല്ലാവര്ക്കും കോടാനു കോടി നന്ട്രികള്. തമിഴ്നാട്ടിലെ എന്റെ നന്പന്, നന്‍പികള്‍ മാതിരി നിങ്ങളും വേറെ ലെവലിങ്കേ... നിങ്ങള്‍ നല്കുന്ന സ്നോഹത്തിന് വീണ്ടും കോടി നന്ദി അറിയിക്കുന്നു. മലയാള മണ്ണില്‍ വന്നതില്‍ വളരെയധികം സന്തോഷം എന്നും വിജയ് പറയുന്നുണ്ട്.
വിജയ്ക്ക് പിന്നാലെ രജനികാന്തും ഇന്ന് തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തുന്നുവെന്ന സൂചനയുണ്ട്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടൈയ്യനാണ് നടന് എത്തുക.രജനിക്കൊപ്പം മഞ്ജു വാര്യരും ഫഹദ് ഫാസിലുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചതുതന്നെ തിരുവനന്തപുരത്തായിരുന്നു. ഒക്ടോബര്‍ ആദ്യമായിരുന്നു ഇത്. ചിത്രത്തിന്റെ തിരുവനന്തപുരത്തെ അടുത്ത ഷെഡ്യൂളില്‍ പങ്കെടുക്കാന്‍ രജനികാന്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലിലാവും രജനിയും താമസിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിജയ്യുടെ ഗോട്ടിന്റെ തിരുവനന്തപുരം ഷെഡ്യൂള്‍ 23 ന് അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവുമാണ് തിരുവനന്തപുരം ഷെഡ്യൂളിനെ ഗോട്ടിന്റെ ലൊക്കേഷനുകള്‍. എന്നാല്‍ വേളി, ശംഖുമുഖം എന്നിവിടങ്ങളിലാവും വേട്ടൈയന് ചിത്രീകരിക്കുക. ഒക്ടോബറില്‍ വെള്ളായണി കാര്‍ഷിക കോളെജിലും ശംഖുമുഖത്തുമായിരുന്നു വേട്ടൈയന് ചിത്രീകരിക്കപ്പെട്ടത്.
വേട്ടയ്യന് വേളി, ശംഖുമുഖം എന്നിവിടങ്ങളിലാണ് ചിത്രീകരണം.മഞ്ജു വാര്യര്‍, ദുഷാര വിജയന്, റിതിക സിംഗ് എന്നിവരാണ് നായികമാര്‍. രജനികാന്തും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് വേട്ടയ്യന്. അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, കിഷോര്‍, രോഹിണി തുടങ്ങിയവരാണ് മറ്ര് താരങ്ങള്‍.
ജയ് ഭീം എന്ന ചിത്രത്തിനുശേഷം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്. ആര് കതിര് ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ് രവിചന്ദര്‍. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.അതേസമയം ജയിലര്‍ 2 വില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് രജനികാന്ത്. ലോകേഷ് കനകരാജ് ചിത്രത്തിനുശേഷം ജയിലര്‍ 2 വിന്റെ ഭാഹമാകാനാണ് സ്റ്റൈല്‍ മന്നന്റെ തീരുമാനം.