Latest News

അഹാനയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് അടിയുടെ പോസ്റ്റര്‍ പുറത്തിറക്കി ദുല്‍ഖര്‍; വിവാഹ ദിനത്തില്‍ അഹാനയുടെ 'അടി' കൊണ്ടിരിക്കുന്ന ചിത്രം ശ്രദ്ധേയമാകുമ്പോള്‍

Malayalilife
അഹാനയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് അടിയുടെ പോസ്റ്റര്‍ പുറത്തിറക്കി ദുല്‍ഖര്‍; വിവാഹ ദിനത്തില്‍ അഹാനയുടെ 'അടി' കൊണ്ടിരിക്കുന്ന ചിത്രം ശ്രദ്ധേയമാകുമ്പോള്‍

ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അടി'. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍. അഹാനയ്ക്ക് പിറന്നാള്‍ സമ്മാനം എന്ന് കുറിച്ച് കൊണ്ടാണ് ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. 

ഗീതിക എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഹാനയെത്തുന്നത്. സജീവ് നായര്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിക്കുന്നത്. ജന്മദിനാശംസകള്‍ അഹാന, ഞാനും വേഫെറര്‍ ടീമും ചേര്‍ന്നു നല്‍കുന്ന ഒരു ചെറിയ സമ്മാനമാണിത്.അടിയിലെ ഗീതികയെ ഗംഭീരവും ജീവസുറ്റതുമാക്കിയിട്ടുണ്ട് അഹാന. എല്ലാവരും അത് കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഞാന്‍. മനോഹരമായ ഒരു വര്‍ഷമാകട്ടെ മുന്നിലുള്ളത്- പോസ്റ്റര്‍ പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചു. 

ദുല്‍ഖറിന് നന്ദി അറിയിക്കാനും അഹാന മറന്നില്ല. ഒരുപാട് നന്ദി ദുല്‍ഖര്‍. ഇത് എനിക്ക് ഏറെ മൂല്യമുള്ളതാണ്. എന്നെ ഇത് ഒരുപാട് സന്തോഷിപ്പിക്കുന്നു. നമ്മുടെ സിനിമ ലോകം കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഇപ്പോള്‍ -എന്നാണ് അഹാന കുറിച്ചിരിക്കുന്നത്. 

ഷൈനും അഹാനയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വേഫെറര്‍ ഫിലിംസിന്റെ നാലാമത്തെ ചിത്രം കൂടിയാണിത്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് അടി ഒരുങ്ങുന്നത്. ധ്രവുന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

രതീഷ് രവിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കുന്നത്. മി മൈ സെല്‍ഫ് ആന്‍ഡ് ഐ എന്ന വെബ് സീരിസാണ് അഹാനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. മലയാളത്തില്‍ ഒട്ടുമിക്ക താരങ്ങള്‍ക്കുമൊപ്പം അഹാന ഇതിനോടകം തന്നെ സ്‌ക്രീന്‍ പങ്കിട്ടു കഴിഞ്ഞു. നടി എന്നതിലുപരി സംവിധായിക, ഗായിക, നര്‍ത്തകി എന്നീ നിലകളിലും അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. പലപ്പോഴും സഹോദരിമാര്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോകളുമായി അഹാന എത്താറുണ്ട്. അഹാനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

 

Adi movie poster out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES