നാട്ടുകാരുടെയും കുടുംബക്കാരുടെയും മെഡിക്കല്‍ സയന്‍സിന്റെ കരുതലുകൾക്കപ്പുറമുള്ള വേദനകളില്ലാത്ത ലോകത്തേക്ക് ഒടുവില്‍ അഥീന ജോണ്‍ എന്ന 28കാരി യാത്രയായിരിക്കുകയാണ്. ബ്രെയിന്‍ സ്റ്റെം കാന്‍സര്‍ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. എറണാ്കുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ബിടെക്കും എംബിഎയും കഴിഞ്ഞ് പീഡിയാട്രിക് കോഓര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്തു വരവെ രണ്ടു വര്‍ഷം മുമ്പാണ് അഥീന ജോണിന് കാന്‍സര്‍ ബാധ സ്ഥിരീകരിക്കുന്നത്. എന്നാൽ ഇപ്പോള്‍ അഥീനയെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സീമ ജി നായര്‍.
കുറിപ്പിന്റെ പൂര്‍ണരൂപം,
അഥീന വിടരും മുന്‍പേ കൊഴിഞ്ഞു പോയ എന്റെ പ്രിയപ്പെട്ടവള്‍കുറെ നാളുകള്‍ക്കു മുന്നേ അഥീന മോളുടെ അമ്മ ബിന്‍സിയുടെ ഫോണ്‍ കാള്‍ ആണ് എനിക്കു വന്നത്. ശാന്തിവിള ദിനേശേട്ടനെ വിളിച്ചാണ് എന്റെ നമ്പര്‍ എടുത്തത്. ആ വിളി വന്ന ദിവസം എനിക്കോര്‍മയുണ്ട്. ഞാനും ശരണ്യയുടെ നാത്തൂന്‍ രജിതയും കൂടി ആഴിമല അമ്പലത്തിലെ തിരുമേനിയെ കാണാന്‍ പോയ ദിവസം ആയിരുന്നു.
ശരണ്യയുടെ ചടങ്ങുകളെ കുറിച്ച് ചോദിക്കാനാണ് പോയത്. അന്ന് അഥീനയുടെ അമ്മ ബിന്‍സി വിളിച്ചപ്പോള്‍ ആകെ എന്നോട് പറഞ്ഞത് എന്നെ ഒന്ന് കാണണം എന്നയിരുന്നു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവളെ കാണാന്‍പോയി. അവളുടെ കിടപ്പു കണ്ടപ്പോള്‍ പെട്ടെന്ന് ശരണ്യയെ എനിക്കോര്‍മ്മ വന്നു. അവളെ കുറിച്ച് ഞാന്‍ ഒരു വ്‌ലോഗും ചെയ്തു ശരണ്യയെ പോലെ അഥീന എന്നും പറഞ്ഞു. പിന്നെ അവള്‍ എന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു.
നെല്ലിക്കുഴി പീസ് വാലിയില്‍ കൊണ്ടുപോയി ഫിസിയോ തെറാപ്പിയിലൂടെ കൈകാലുകളുടെ ചലന ശേഷി വീണ്ടെടുക്കാന്‍ ശ്രമിച്ചു. ഈ കഴിഞ്ഞ 18 ന് അവളുടെ പിറന്നാള്‍ ആയിരുന്നു, ചെല്ലാം എന്ന് പറഞ്ഞെങ്കിലും ആ വാക്കുപാലിക്കാന്‍ എനിക്ക് സാധിച്ചില്ല. ഇന്നലെ എല്ലാ പ്രാര്‍ത്ഥനകളും വിഫലമാക്കി ഒരുറക്കത്തിന്റെ രൂപത്തില്‍ ഒരിക്കലും ഉണരാത്ത ഉറക്കമായി. സ്‌നേഹിച്ചവരെയെല്ലാം വേദനയിലാക്കി അവള്‍ യാത്രയായി. 18 ന് കാണാന്‍ വരാം എന്നു പറഞ്ഞ വാക്ക് പാലിക്കാനായി ഞാന്‍ ഇന്ന് അവളുടെ നാടായ നെടുങ്കണ്ടത്തിനു പോകുന്നു. അവസാനമായി അവളെ ഒരു നോക്കു കാണാന്‍. എന്നെ നോക്കി അവള്‍ നിഷ്‌കളങ്കമായി ചിരിക്കില്ല എന്നറിയാം, എന്നാലും.