മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് കുഞ്ചൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. സാധാരണ താരങ്ങളുടെ മക്കളും അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമയിലേക്കാണ് എത്തുക. എന്നാൽ ഇപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തയാണ് കുഞ്ചന്റെ രണ്ടാമത്തെ മകൾ സ്വാതി. സ്വാതി കുഞ്ചൻ ഇന്ന് സിനിമയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന അറിയപ്പെടുന്ന ഫാഷൻ സ്റ്റൈലിസ്റ്റാണ് . അതും വമ്പൻ താരങ്ങൾക്ക് കീഴിൽ. ഫാഷൻ രംഗത്ത് ശോഭിക്കാനുള്ള വഴികൾ ചെറുപ്പം മുതൽ ചിത്രം വരയോട് താൽപര്യം പുലർത്തിയിരുന്ന സ്വാതി തന്നെയാണ് കണ്ടെത്തിയത്. ഫെമിന, നിത അംബാനിയുടെ ഹെർ സർക്കിൾ എന്നിവിടങ്ങിൽ ജോലി ചെയ്തും ഫ്രീലാൻസ് സ്‌റ്റൈലിസ്റ്റായും പ്രവർത്തിക്കുകയാണ് സ്വാതി. സോഷ്യൽമീഡിയയിലും സജീവമായ സ്വാതി കുഞ്ചൻ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.
'കുട്ടിക്കാലം മുതൽ ചിത്രം വരയിൽ താൽപര്യം ഉണ്ടായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കണം ഫാഷൻ ഡിസൈനറാകണം എന്ന ശക്തമായ മോഹം ജനിച്ചു. എളുപ്പമായിരുന്നില്ല അവിടെ പ്രവേശനം കിട്ടുന്നത് നന്നായി വരയ്ക്കാൻ അറിഞ്ഞാൽ മാത്രം പോര കണക്കിനും ജനറൽ നോളജിലുമെല്ലാം നല്ല സ്‌കോർ നേടിയാൽ മാത്രമേ അവിടേക്ക് പ്രവേശനം ലഭിക്കൂ. ആഗ്രഹിച്ചത് പോലെ തന്നെ എനിക്ക് പ്രവേശനം ലഭിച്ചു. ഫാഷൻ കമ്മ്യൂണിക്കേഷനാണ് തെരഞ്ഞെടുത്തത്.'
'നിഫ്റ്റ് ഒരു വലിയ ലോകമായിരുന്നു. ഒരുപാട് അവസരങ്ങൾ ഞങ്ങൾക്ക് മുമ്പിൽ നിഫ്റ്റ് തുറന്നു തന്നു. ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാനും, ഇൻഡസ്ട്രി എക്സ്പേർട്ട്സിനെ കാണാനും സംസാരിക്കാനുമെല്ലാം അവസരം ലഭിച്ചു. മൂന്നാം വർഷം ഫെമിന മാസികയിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിച്ചു. ഫെമിനയിൽ ഇന്റേർൺഷിപ്പിന്റെ ഭാഗമായാണ് മുംബൈയിൽ എത്തിയത്. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയതിന് ശേഷം ഞാൻ ദുബായിലേക്ക് പോയി. മനീഷ് അറോറയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ വില്ല 88ൽ പ്രവർത്തിക്കാൻ സാധിച്ചു. രണ്ട് വർഷത്തോളം ഫാഷൻ ഷോകളിൽ ഫ്രീലാൻസ് ചെയ്ത് അനുഭവപരിചയം നേടിയതിന് ശേഷമാണ് പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയത്. പിന്നീട് ഫെമിനയിൽ ഹെഡ് ഫാഷൻ സ്റ്റൈലിസ്റ്റായി ജോലി ലഭിച്ചു. ഒരുപാട് ബോളിവുഡ് സെലിബ്രിറ്റികൾക്ക് വേണ്ടി സ്‌റ്റൈൽ ചെയ്യാൻ അവസരം വന്നു. നിത അംബാനി, ദീപിക പദുക്കോൺ, അതിഥി റാവു ഹൈദരി, സൂസാനെ ഖാൻ, സോണാലി ബിന്ദ്രെ തുടങ്ങി ഒട്ടേറെ സെലിബ്രിറ്റികൾക്കൊപ്പം പ്രവർത്തിച്ചു. ശേഷം നീത അംബാനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഹെർ സർക്കിളിലും ഹെഡ് സ്‌റ്റൈലിസ്റ്റായി പ്രവർത്തിച്ചു.
ത്യസ്ത മേഖലയിലുള്ള സ്ത്രീകളുടെ ഉന്നമനത്തിന് പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ഹെർ സർക്കിൾ. ഹെർ സർക്കിളിന്റെ ഫാഷൻ സെഗ്മന്റിന് വേണ്ടിയും നിത അംബാനിയ്ക്ക് വേണ്ടിയും സ്റ്റൈൽ ചെയ്തു. ഒരിക്കലും എന്റെ ആഗ്രഹങ്ങൾക്കൊന്നും നോ പറഞ്ഞിട്ടില്ലാത്തവരാണ് അച്ഛനും അമ്മയും. അവരാണെന്റെ ശക്തി. ചേച്ചി ശ്വേതയും എനിക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നു. ഒരു അവസരം വന്ന് കഴിഞ്ഞാൽ മലയാള സിനിമയിലെ സ്റ്റൈലിങ് രംഗത്തും പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. സ്വന്തമായി ഒരു സംരഭമാണ് എന്റെ അടുത്ത ലക്ഷ്യം. അതിനുള്ള യാത്രയിലാണ്' സ്വാതി കുഞ്ചൻ പറയുന്നു.