മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ജാഫർ ഇടുക്കി. നിരവധി സിനിമകളിലൂടെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തു കൊണ്ടാണ് താരം ശ്രദ്ധേയനായത്. മിമിക്രി വേദികളില്‍ നിന്നും എത്തിയ താരം മമ്മൂട്ടി ചിത്രം കൈയ്യൊപ്പിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഇപ്പോൾ മമ്മൂക്കയ്‌ക്കൊപ്പമുളള കൈയ്യൊപ്പ് തന്റെ മുന്നാമത്തെ സിനിമയായിരുന്നു എന്ന് ജാഫര്‍ ഇടുക്കി പറയുന്നു. മമ്മൂക്ക, ഖുശ്ബു, മുകേഷേട്ടന്‍ തുടങ്ങിയവർ ഉള്ള സിനിമയിലെ ഒരു അനുഭവമാണ് ജാഫർ തുറന്ന് പറയുന്നത്.
മമ്മൂക്കയാണ് എനിക്ക് ആ പടത്തില് ചാന്‍സ് മേടിച്ച് തന്നത്. അതുപോലെ നമ്മുടെ ബിജുകുട്ടന് പോത്തന്‍ വാവയും കൊടുക്കുന്നു. ഞങ്ങളെകുറിച്ച് മമ്മൂക്ക പറഞ്ഞ കാര്യങ്ങള് ടിനി ടോം എന്നോട് പറഞ്ഞിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് വ്യക്തമായി. അദ്ദേഹമാണ് വിളിച്ചിട്ടുളളത് എന്നൊക്കെ. പിന്നെ കെെയ്യൊപ്പ് സെറ്റില് മമ്മൂക്കയെയെും രഞ്ജിത്തേട്ടനെയും എല്ലാം കൂടി കണ്ടപ്പോള്‍ എനിക്ക് പേടിയായി. ഞാനതില്‍ റൂംബോയ് ഫിറോസ് ബാബു എന്ന കഥാപാത്രമാണ്.
ഞാന്‍ അങ്ങനെ ബക്കറ്റും ചൂലുമൊക്കെയായി വന്നിട്ട് മമ്മൂക്കയോട് ഡയലോഗ് പറയുന്നുണ്ട്. എന്നാല്‍ ഞാന്‍ ഡയലോഗ് മാത്രമേ പറയുന്നൂളളു. ആ ചൂലുകൊണ്ടൊന്നും ചെയ്യുന്നില്ല. അപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞു. നീ ആ ചൂലൊക്കെ എടുത്ത് അടിച്ച് അങ്ങനെ ഡയലോഗ് പറഞ്ഞേ. അങ്ങനെ ചെയാതാലാണ് നന്നാവുക. നിനക്ക് പേടിയുണ്ടോ എന്ന് ചോദിച്ചു. ആരായാ നീ പേടിക്കുന്നത്.
അങ്ങനെ അദ്ദേഹം എന്നെ സഹായിച്ച്. അത്തരത്തിലുളള ഒരനുഭവമായിരുന്നു മമ്മൂക്കയുമായി. പിന്നീട് ഞാന്‍ മമ്മൂക്കയുമായി നാലഞ്ച് സിനിമകളില്‍ പ്രവര്‍ത്തിച്ചു. അങ്ങനെ അദ്ദേഹം അന്ന് നന്നായി പറഞ്ഞതുകൊണ്ട് എനിക്ക് ഇന്ന് ഇവിടെ വരെ എത്താന്‍ പറ്റി. ലാലേട്ടനുമായി അങ്ങനെ വലിയ ഒരു അടുപ്പമൊന്നും എനിക്കില്ലായിരുന്നു എന്ന് നടന്‍ പറയുന്നു. കാണ്ഡഹാര്‍ എന്ന സിനിമയിലാണ് അദ്ദേഹത്തിനൊപ്പം അഭിനയിച്ചത്.
പിന്നീട് ശിക്കാര്‍ എന്ന സിനിമയുടെ സമയത്ത് കലാഭവന്‍ മണി എന്നെ വിളിച്ചപ്പോള്‍ ലാലേട്ടന് കൊടുത്തിരുന്നു. കുറച്ചുനേരം സംസാരിച്ചു. പിന്നെ കാണ്ഡഹാറില് മണി എന്നെ കുറിച്ച് ലാലേട്ടനോട് പറഞ്ഞിട്ടായിരിക്കും എനിക്ക് കിട്ടുന്നത്. കാരണം എന്നെ കുറിച്ച് വേറെയാരും അദ്ദേഹത്തോട് പറയാന്‍ ചാന്‍സില്ല. അങ്ങനെ പറയേണ്ട ആവശ്യവും വരില്ല.
എന്നാല്‍ മണി പറയും. പിന്നെ കാണ്ഡഹാര്‍ സമയത്ത് ഞങ്ങളെല്ലാം ഒരു ആഗ്രഹം പറഞ്ഞു. അമിതാഭ് ബച്ചന്‍ സാറിനും ലാലേട്ടനുമൊപ്പം എല്ലാവര്‍ക്കും കൂടി ഒരു ഫോട്ടോയെടുക്കണമെന്ന്. അങ്ങനെ അന്ന് ലാലേട്ടനാണ് എല്ലാവരെയും സെറ്റ് ചെയ്യുന്നത്. ഞാന്‍ അന്ന് ഒരു സൈഡിലായിരുന്നു നിന്നത്. അപ്പോ എന്നെ കണ്ട് അദ്ദേഹം അടുത്തേക്ക് വിളിച്ചുനിര്‍ത്തി ഫോട്ടോ എടുപ്പിച്ചു. അപ്പോ അതെന്താണെന്നുളളത് എനിക്കറിയില്ല. അന്ന് വേറെയും ആര്‍ട്ടിസ്റ്റുകള്‍ അവിടെ ഉണ്ടായിരുന്നു, എന്നിട്ടും അദ്ദേഹം വിളിച്ചു. അതെല്ലാം എന്നെ സംബന്ധിച്ച് നല്ല അനുഭവമാണ്, ജാഫര്‍ ഇടുക്കി പറഞ്ഞു.