മലയാള സിനിമ മേഖലയിലുള്ളവർക്ക് ഏറെ സുപരിചിതനായ താരമാണ് ജാഫര്‍ ഇടുക്കി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി ചലച്ചിത്ര മേഖലയിൽ നിന്നും എത്തിയിരുന്നത്. സീരിയല്‍രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് താരം എത്തുന്നത്. എട്ടു സുന്ദരികളും ഞാനും എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കലാഭവനില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കാലത്താണ് ഒ കെ ചാക്കോ കൊച്ചിന്‍ മുംബൈ, ചാക്കോ രണ്ടാമന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുന്നത്.രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധ നേടിയതോടെ നിറയെ അവസരങ്ങള്‍ വന്നു. എന്നാൽ ഇപ്പോൾ കലാഭവന്‍ മണിയെക്കുറിച്ചുള്ള മറക്കാനാവാത്ത ഓര്‍മ്മകള്‍ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
ജാഫര്‍ ഇടുക്കിയുടെ വാക്കുകള്‍
'കഴിഞ്ഞ ദിവസം കോട്ടയം നസീറിന്റെ വീട്ടില്‍ പോയി. അവിടെ വച്ച് അദ്ദേഹം മണി ബായിയുടെ ഒരു ചിത്രം വരച്ചത് കണ്ടു. ഞാന്‍ മണിയെ അങ്ങനെയാണ് വിളിക്കാറുള്ളത്. ജീവനുള്ളത് പോലെ തോന്നും. അതു കണ്ടതോടെ പഴയതെല്ലാം ഓര്‍മ വന്നു. കണ്ണു നിറഞ്ഞൊഴുകാന്‍ തുടങ്ങി. മണിയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ ആദ്യ സിനിമ പുറത്തിറങ്ങാതിരുന്ന കാലത്ത് മണി ബായി വഴിയാണ് 'ചാക്കോ രണ്ടാമന്‍' എന്ന സിനിമ കിട്ടിയത്.
മിമിക്രിയില്‍ ഉള്ള കാലം മുതല്‍ക്കേ നല്ല ബന്ധമുണ്ടായിരുന്നു. പല മെഗാ ഷോകളിലും ഒരുമിച്ചുണ്ടായിരുന്നു. അവസാനമായി കണ്ടത് ഇന്നും ഓര്‍മ്മയുണ്ട്. സാധരണ കാണുന്നതിനേക്കാള്‍ സന്തോഷം, പൊട്ടിച്ചിരി, പിറ്റേന്ന് ഒരു സിനിമയില്‍ ഞാന്‍ അഭിനയിക്കാനുള്ളതായിരുന്നു.'