Latest News

മൊണാലിസയുടേത് അഭിനയം; നടിയുടെ മാതാപിതാക്കള്‍ തന്റെ വീട്ടിലെന്ന് സംവിധായകന്‍; ലൈംഗിക ആരോപണത്തിന് പിന്നാലെ 'ദ ഡയറി ഓഫ് മണിപ്പൂര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു; കുംഭമേള സുന്ദരിയ്ക്കെതിരെ ബിരേന്ദ്ര നാഥ് മിശ്ര കോടതിയിലേക്ക് 

Malayalilife
 മൊണാലിസയുടേത് അഭിനയം; നടിയുടെ മാതാപിതാക്കള്‍ തന്റെ വീട്ടിലെന്ന് സംവിധായകന്‍; ലൈംഗിക ആരോപണത്തിന് പിന്നാലെ 'ദ ഡയറി ഓഫ് മണിപ്പൂര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു; കുംഭമേള സുന്ദരിയ്ക്കെതിരെ ബിരേന്ദ്ര നാഥ് മിശ്ര കോടതിയിലേക്ക് 

നടി മൊണാലിസ ഭോസ്ലെ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക അതിക്രമ പരാതികള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍ ബിരേന്ദ്ര നാഥ് മിശ്ര. മോണാലിസയ്ക്ക് അഭിനയം പഠിപ്പിച്ചു കൊടുത്തത് താനാണെന്നും, ആ വിദ്യ തനിക്കെതിരെ ഉപയോഗിച്ച് കള്ളക്കഥ മെനയുകയാണ് അവരെന്നും മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. മൊണാലിസയും നടന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹത്തെ താന്‍ എതിര്‍ത്തതാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് മിശ്ര വ്യക്തമാക്കുന്നു. 

ഈ പ്രണയബന്ധത്തോട് മൊണാലിസയുടെ വീട്ടുകാര്‍ക്കും താല്പര്യമില്ല. നടിയുടെ കുടുംബത്തിലെ ഏഴെട്ടോളം അംഗങ്ങള്‍ ഇപ്പോഴും ഉജ്ജയിനിലെ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോണാലിസ പറയുന്നത് കള്ളമാണെന്ന് വ്യക്തമാക്കുന്ന മാതാപിതാക്കളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്ന് മിശ്ര ചൂണ്ടിക്കാട്ടി. ഫര്‍മാന്‍ ഖാനുമായുള്ള വിവാഹത്തിന് തങ്ങള്‍ക്ക് സമ്മതമല്ലെന്ന് അവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. 

തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് നടിക്കെതിരെ ഉടന്‍ തന്നെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിരേന്ദ്ര നാഥ് മിശ്ര സംവിധാനം ചെയ്യുന്ന 'ദ ഡയറി ഓഫ് മണിപ്പൂര്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൊണാലിസ താന്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ചത്. 

തനിക്ക് 18 വയസ്സ് തികയുന്നതിന് മുന്‍പാണ് സനോജ് മിശ്രയില്‍ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് മൊണാലിസ പറഞ്ഞു. 'ആദ്യത്തെ സിനിമയല്ലേ എന്ന് കരുതി വീട്ടുകാര്‍ പോലും അന്ന് ഈ പരാതി കാര്യമായെടുത്തില്ല. അതുകൊണ്ട് ആരോടും പറയാന്‍ പറ്റിയില്ല,' താരം വ്യക്തമാക്കിയിരുന്നു. സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് ഫര്‍മാന്‍ ഖാനൊപ്പമാണ് മൊണാലിസ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. 

മൊണാലിസയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് കേരളത്തില്‍ നടന്നത്. സനോജ് മിശ്ര സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം, പൂവാര്‍ ഭാഗങ്ങളില്‍ നടന്നപ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ഈ ചിത്രത്തിലെ നായകനായിരുന്നു ഫര്‍മാന്‍ ഖാന്‍. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ സംരക്ഷണം തേടിയിരുന്നു. തുടര്‍ന്ന് പൂവാറിനടുത്തെ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. 

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, വി ജോയ്, എ എ റഹിം എംപി തുടങ്ങിയ പ്രമുഖ നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇരുവരുടെയും വിവാഹത്തിന് പിന്നാലെ ലൗ ജിഹാദ് ആരോപണവും മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പ്രചാരണവും ഉയര്‍ന്നിരുന്നു.  എന്നാല്‍ തന്റെ ആധാര്‍ കാര്‍ഡ് ഉയര്‍ത്തിക്കാട്ടി ഈ ആരോപണങ്ങളെ താരം തള്ളി. 'കേരളം നല്ല സ്ഥലമാണ്, ഇവിടുത്തെ മനുഷ്യര്‍ സ്‌നേഹമുള്ളവരാണ്. മൊണാലിസയെ മറ്റൊരു ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാരുടെ താല്പര്യമെന്നും ഇതാണ് എതിര്‍പ്പിന് കാരണമായതെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

Monalisa vs Sanoj Mishra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES