Latest News

ലൂസിഫര്‍ കാണാന്‍ കൊച്ചിയില്‍ അപ്രതീക്ഷിത അതിഥികളായി ലാലേട്ടനും പൃഥ്വിയും ടൊവിനോയും; ലാലേട്ടന് ഒപ്പമിരുന്ന് സിനിമാ കാണാന്‍ ഉന്തും തള്ളും

എം.എസ് ശംഭു
ലൂസിഫര്‍ കാണാന്‍ കൊച്ചിയില്‍ അപ്രതീക്ഷിത അതിഥികളായി ലാലേട്ടനും പൃഥ്വിയും ടൊവിനോയും; ലാലേട്ടന് ഒപ്പമിരുന്ന് സിനിമാ കാണാന്‍ ഉന്തും തള്ളും

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന് കൊച്ചിയില്‍ വന്‍ വരവേല്‍പ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തിലൊരുങ്ങിയ ചിത്രത്തിന്റെ ഫാന്‍സ് ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും, ടൊവിനോയും കുടുംബസമേതം നേരിട്ടെത്തി. കൊച്ചിയിലെ കവിതാ തീയറ്ററിലാണ് രാവിലെ 8 മണിയുടെ ഫാന്‍സ് ഷോ കാണാന്‍ താരങ്ങള്‍ എത്തിയത്. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയാ മേനോനും ആദ്യ ഷോ കാണാന്‍ എത്തിയിരുന്നു. താരങ്ങള്‍ തീയറ്ററിലേക്ക് എത്തുന്നു എന്ന് അറിഞ്ഞതോടെ മോഹന്‍ലാല്‍ -പൃഥ്വിരാജ് ഫാന്‍സ് അതി രാവിലെ തന്നെ തീയററ്ററില്‍ തമ്പടിച്ചിരുന്നു. ചെണ്ടമേളവും കൊട്ടും പാട്ടുമൊക്കെയായി ആദ്യ ഷോ ഗംഭീരമായിട്ടാണ് അരങ്ങേറിയത്. താരങ്ങള്‍ക്ക് സുരക്ഷ ഒരുക്കുവാനായി പൊലീസിനെ തീയറ്റിലും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിരുന്നു.

രാവിലെ ആദ്യ പ്രദര്‍ശനത്തിന് തീയറ്റിലേക്ക് എത്തിയ താരങ്ങളെ ആര്‍പ്പുവിളിച്ചും ചെണ്ടമേളം മുഴക്കിയുമൊക്കെയാണ് ആരാധകര്‍ വരവേറ്റത്. സിനിമ കാണാന്‍ രാവിലെ തീയറ്ററിലേക്ക് എത്തിയ ആളുകള്‍ താരങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ഒപ്പമിരുന്ന് സിനിമ കാണാനായി ടിക്കറ്റിനായി ഉന്തും തള്ളുമുണ്ടാക്കി. എന്നാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പകുതിയിലേറെ പൂര്‍ത്തിയായതോടെ ബാക്കിയുള്ള പരിമിതമായ ടിക്കറ്റുകള്‍ക്കായി പിടിവലി നടന്നു. ഹിന്ദി ഉള്‍പ്പടെ വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം 2000 മുകളില്‍ തീയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. കൊച്ചിയിലെ കവിതാ തീയറ്ററിലേക്ക് താരങ്ങള്‍ എത്തുമെന്ന് അറിഞ്ഞതോടെ ഇന്നലെ തന്നെ തീയറ്റര്‍ ഉടമകളും വേണ്ട മുന്നൊരുക്കങ്ങള്‍ ചെയ്തിരുന്നു. 

ആരാധകരുടെ ബഹളം കൂടിയതോടെ താരങ്ങളെ സിനിമ പൂര്‍ത്തിയായ ശേഷം പുറത്തേക്ക് എത്തിക്കാനായി ഏറെ പണിപ്പെട്ടിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ കാത്തുനിന്നെങ്കിലും ഇവരോട് പ്രതികരിക്കാന്‍ നില്‍ക്കാതെ സമയമില്ല എന്ന് മാത്രം പറഞ്ഞാണ് മോഹന്‍ലാല്‍ നടന്നു പോയത്. എല്ലാവരും പടം കാണണമെന്ന് പറയാന്‍ താരം മറന്നില്ല. സുരക്ഷയ്ക്കായി അറിലധികം പൊലീസുകാരും അകമ്പടി സേവിച്ചിരുന്നു. മോഹന്‍ലാലിന് പിറകിലായി പൃഥ്വിരാജും സുപ്രിയയും സിനിമ കണ്ട് പുറത്തേക്ക് ഇറങ്ങിയെങ്കിലും ഇവരും പ്രതികരിക്കാന്‍ തയ്യാറായില്ല. 

ടൊവിനോയും മഞ്ജു വാര്യരും സിനിമ കാണാന്‍ എത്തും എന്ന് അറിയിച്ചെങ്കിലും മഞ്ജു തീയറ്ററിലേക്ക് എത്തിയില്ല. മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമാണ് ടൊവിനോ മടങ്ങിയത്. മോഹന്‍ലാല്‍ പൃഥ്വിരാജ് ഫാന്‍സ് സംയുക്തമായിട്ടാണ് ഫാന്‍സ് ഷോ ആഘോഷങ്ങള്‍ കൊച്ചിയില്‍ ഒരുക്കിയത്. പാലഭിഷേകം നടത്തത്തിയും ചേണ്ടമേളത്തോടൊപ്പവുമാണ് ലൂസിഫറിനെ വരവേറ്റത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്് ആന്റണി പെരുമ്പാവൂരാണ്. മുരളി ഗോപിയുടെ കഥയിലും തിരക്കഥയിലും പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ലഭിക്കുന്നത്.

Mohanlal and prithviraj in Kavitha theatre kochi for Lucifer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES