ബോളിവുഡ് ഗോസിപ്പുകളില്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ് മിക്ക താരങ്ങളും. ഈയിടെ അര്ജുന് കപൂറും മലൈക അറോറയും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിലെ താരവിവാഹങ്ങള്ക്കൊപ്പം തന്നെ മറ്റൊരു ചൂടന്‍ ചര്‍ച്ചാ വിഷയമാണ് മലൈക അറോറ- അര്ജുന് കപൂര്‍ ബന്ധം. ഇതിനിടെ മലൈക എ എം എന്ന ഇംഗ്ലീഷ് അക്ഷരങ്ങളുള്ള പെന്‍ഡന്റ് കൂടി ധരിച്ചതോടെ ഇവരുടെ പ്രണയത്തിന് പുതിയ അര്‍ഥതലങ്ങള്‍ വരെ നല്കി ആരാധകര്‍.
മലൈക അര്ജുന് പ്രണയത്തിന്റെ സ്ഥിരീകരണമായാണ് വലിയൊരു വിഭാഗം ആരാധകര്‍ ഈ മാലയെ കണ്ടത്. ഇതിലെ 'എ' അര്‍ജുന്റെയും 'എം' മലൈകയുടെ ആദ്യാക്ഷരങ്ങളാണെന്നായിരുന്നു ഇവര്‍ കണ്ടെത്തിയത്. അതല്ല മകനായ അര്ഹാന് ഖാനെയാണ് 'എ' കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നു ചിലര്‍ വാദിച്ചു. ഈ ചര്‍ച്ചകള്‍ക്കിടയിലാണ് വിശദീകരണവുമായി മലൈക രംഗത്തെത്തിയിരിക്കുന്നത്.
പുതിയ പെന്‍ഡന്റിലെ അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത് മലൈക അറോറ എന്നാണെന്നു താരം വ്യക്തമാക്കിയിരിക്കുന്നത്. മാല ഒരുക്കിയ വാഹ്ബിസ് മെഹ്തയ്ക്കു നന്ദി അറിയിച്ചുകൊണ്ടുമാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴുത്തില്‍ കിടക്കുന്നത് 'എം എ' ആണെന്നു ഈ ചിത്രത്തില്‍ നിന്നു മനസ്സിലാക്കാം. സെല്‍ഫി എടുക്കുമ്പോള്‍ ചിത്രം തിരിഞ്ഞു പോയതുകൊണ്ടാണ് 'എ എം' ആയി മാറിയത്.
പ്രണയം ഇരുവരും നിഷേധിക്കുന്നുണ്ടെങ്കിലും അടുത്തിടെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ താന്‍ സിംഗിള്‍ അല്ലെന്ന് അര്ജുന് കപൂര്‍ വ്യക്തമാക്കുകയും കൂടി ചെയ്തതോടെ ഇവരുടെ പ്രണയം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇരുവരും അടുത്ത വര്‍ഷം വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മലൈകയും അര്‍ജുനും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാത്തതിനാല്‍ വാര്‍ത്ത ഗോസിപ്പായി ആരാധകര്‍ തള്ളിക്കളഞ്ഞു.