ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ലോനപ്പന്റെ മാമോദീസ' ഇന്ന് തിയേറ്ററില്‍ എത്തുകയാണ്.രമേശ് പിഷാരടി ഒരുക്കിയ പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിന് ശേഷം ജയറാം മറ്റൊരു കുടുംബചിത്രവുമായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രേഷ്മ ്അന്ന രാജന്‍ എന്ന മലയാളികളുടെ പ്രിയങ്കരിയായ ലിച്ചിയാണ് ജയറാമിന്റെ നായികയായി വരുന്നത്, ശാന്തികൃഷ്ണയും പ്രധാന വേഷത്തിലെത്തു്ന്നുണ്ട്. രണ്ടാം വരവില്‍ മികച്ച വേഷങ്ങള്‍ ചെയ്യുന്ന നടി ജയറാമിന്റെ ചേച്ചിയുടെ വേഷമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ ഈ വേഷം ചെയ്യാന്‍ ആദ്യം വിസമ്മതിച്ച കാര്യം പങ്ക് വക്കുകയാണ് നടി.
ലോനപ്പന്റെ മാമോദിസയില്‍ ജയറാമിന്റെ മൂത്ത ചേച്ചിയാണ് ശാന്തി എത്തുന്നത്. ഒരിക്കല്‍ തന്റെ ഹീറോയായി വരെ അഭിനയിച്ചിട്ടുള്ള, സമ പ്രായക്കാരനായ ജയറാമിന്റെ ചേച്ചിയായി അഭിനയിക്കുന്നത് തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് അവര്‍ പറയുന്നു.
ജയറാമിന്റെ നായികയാവുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ചിത്രത്തിന്റെ കഥ പറഞ്ഞ് തുടങ്ങിയിട്ടും എന്റെ റോളിനെ പറ്റി ഒന്നും പറഞ്ഞില്ല. പക്ഷെ ഒരു വല്യേച്ചിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത് അത് എനിക്കുള്ള റോളാണെന്ന്. അതെനിക്ക് അംഗീകരിക്കാനായില്ല. എന്തിന് ഞാന്‍ ജയറാമിന്റെ ചേച്ചിയായി അഭിനയിക്കണം ശാന്തി കൃഷ്ണ പറയുന്നു. അതുകൊണ്ടു തന്നെ ചിത്രം കമ്മിറ്റ് ചെയ്യാന്‍ ശാന്തി കൃഷ്ണ മടിച്ചു. എന്നാല്‍ ജയറാമിന്റെ ഒരു ഫോണ്‍ കോളില്‍ തീരുമാനം മാറ്റുകയായിരുന്നു.
അദ്ദേഹം വിളിച്ചു, ജയറാമിന്റെ വല്യേച്ചി എവിടെ ? എന്നു ചോദിച്ചു. ജയറാം എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തി. മനോഹരമായൊരു കഥാപാത്രമായിരിക്കുമെന്ന് പറഞ്ഞു. ലോനപ്പനും അയാളുടെ സഹോദരിമാരുമായുള്ള ബന്ധവുമാണ് ചിത്രം പറയുന്നത്. ഞാന്‍ വീണ്ടും ചിന്തിച്ചു. ഒടുവില്‍ സമ്മതിക്കുകയായിരുന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ സമകാലികരായ നടന്മാരെല്ലാം ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയെന്നും താനത് മനസിലാക്കുന്നുവെന്നും ശാന്തി കൃഷ്ണ പറഞ്ഞു. അതുകൊണ്ടു തന്നെ കേന്ദ്ര കഥാപാത്രം തന്നെ ചെയ്യണമെന്ന നിര്‍ബന്ധം തനിക്കില്ല. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള പോലുള്ള ചിത്രങ്ങളും ഷീല ചാക്കോയേ പോലുള്ള കഥാപാത്രങ്ങളും എപ്പോഴുമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ വെറും അമ്മ വേഷങ്ങളില്‍ ഒതുങ്ങാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. തന്റെ കഥാപാത്രത്തിന് തിരക്കഥയില്‍ പ്രധാന്യം വേണമെന്നും നടി എന്ന നിലയില്‍ തനിക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതുമായിരിക്കണമെന്നും അവര്‍ പറഞ്ഞു.