സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നല്‍കുന്ന മഹാനടനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് ചലച്ചിത നിര്‍മ്മതാവ് ലിബര്‍ട്ടി ബഷീര്‍. നല്ലത് മാത്രം ചിന്തിക്കുകയും സ്നേഹത്തോടെ സംസാരിക്കുകയും ചെയ്യുന്ന അപൂര്‍വ്വം നടന്മാരില്‍ ക്യാപ്റ്റന്‍ രാജു മുന്‍ നിരയിലാണ്. ഇക്കാര്യം തനിക്ക് ഒട്ടേറെ അവസരങ്ങളിലും നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍ 'മറുനാടന്‍ മലയാളിയോട് ' പറഞ്ഞു.
അദ്ദേഹത്തിന് നല്‍കുന്ന ഏത് കഥാപാത്രങ്ങളിലേയും വേഷങ്ങള്‍ സാഹസികതയോടെ ഏറ്റെടുക്കുന്നു. ഡ്യൂപ്പില്ലാതെ നൂറ് സതമാനം കൃത്യതയോടെ സാഹസിക രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ക്യാപ്റ്റന്‍ രാജുവിനെ മറികടക്കാന്‍ മലയാള ചലച്ചിത്ര ലോകത്ത് ആരുമില്ല.-ക്യാപ്റ്റന്‍ രാജുവിന് ബ്രേക്ക് ആയ ആവനാഴി അടക്കമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവായ ലിബര്‍ട്ടി ബഷീര്‍ ചൂണ്ടിക്കാട്ടി.
പണം കൊടുത്താല്‍ മാത്രം ഡബ്ബ് ചെയ്യാനെത്തുന്ന താരങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന സ്വഭാവ സവിശേഷതയുള്ള നടനാണ് ക്യാപ്റ്റന്‍ രാജു. പണം നല്‍കിയാലും ഇല്ലെങ്കിലും ഡബ്ബിങ് ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ രാജു എന്നും സന്നദ്ധനായിരുന്നു. പട്ടാളത്തില്‍ നിന്നും വന്നതിന്റെ സാഹസികതയും അച്ചടക്കവുമെല്ലാം അദ്ദേഹം കൈവിട്ടിരുന്നില്ല. വലുപ്പചെറുപ്പമില്ലാതെ എല്ലാവരേയും ബഹുമാനിക്കുന്നതിലും സ്നേഹിക്കുന്നതിലും രാജു പിശുക്ക് കാട്ടിയിരുന്നില്ല.
പട്ടാള ചിട്ട വിടാതെ സൗഹൃദവും സ്നേഹവും നല്‍കുന്നത് വഴി അദ്ദേഹത്തിന് ചലച്ചിത്ര രംഗത്ത് വലിയ ആരാധകരുണ്ടായിരുന്നു. താന്‍ ചെയ്യുന്ന റോളുകള്‍ നൂറ് ശതമാനം പെര്‍ഫക്ട് ആകണമെന്ന് കര്‍ശന നിഷ്ടയുള്ള നടനാണ് ക്യാപ്റ്റന്‍ രാജുവെന്ന് ലിബര്‍ട്ടി ബഷീര്‍ അനുസ്മരിച്ചു. ചലച്ചിത്ര മേഖലയിലെ നിര്‍മ്മാതാക്കളെന്നോ സംവിധായകരെന്നോ താരങ്ങളെന്നോ വേര്‍തിരിവില്ലാതെ എല്ലാവരേയും ആദരിച്ചും ബഹുമാനിച്ചുമാണ് രാജു സിനിമാ രംഗത്ത് സ്ഥിര പ്രതിഷ്ഠ നേടിയത്.-ലിബര്‍ട്ടി ബഷീര്‍ അനുസമരിച്ചു.