ഒരു കാലത്ത് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന താരങ്ങളായിരുന്നു സൽമാൻ ഖാനും കത്രീന കൈഫും. ഇരുവരുടെയും പ്രണയവും വേർപിരിയലുമെല്ലാം ഒരുപാട് ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സൽമാൻ ഖാനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് കത്രീന.
പ്രിയങ്ക പിന്മാറിയ ഭാരത് എന്ന ചിത്രത്തിൽ ആണ് സൽമാന്റെ നായികയാവാൻ കത്രീന എത്തുക. ഭാരതിന്റെ ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനം നിമിഷമായിരുന്നു പ്രിയങ്കയുടെ പിന്മാറ്റമുണ്ടായത്. വ്യക്തിപരമായ കാരണങ്ങളാലാണ് പ്രിയങ്ക പിന്മാറിയതെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. ഒരിടവേളയ്ക്കു ശേഷമുള്ള പ്രിയങ്കയുടെ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഭാരത്.
നിക് ജോനാസുമായുള്ള വിവാഹത്തിന് വേണ്ടിയാണ് പ്രിയങ്ക ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്. ഭാരതിന്റെ സംവിധായകൻ അലി അബ്ബാസ് സഫറാണ് പ്രിയങ്കയുടെ പിന്മാറ്റം സ്ഥിരീകരിച്ച് ആദ്യം രംഗത്ത് വന്നത്. എന്നാൽ ചിത്രത്തിൽ നിന്നുള്ള നടിയുടെ പെട്ടെന്നുള്ള പിന്മാറ്റത്തെ വിമർശിച്ച് സഹ നിർമ്മാതാവ് നിഖിൽ നമിത് രംഗത്തെത്തിയിരുന്നു. വളരെ പെട്ടെന്ന് മുന്നറിയിപ്പുകളൊന്നുമില്ലാതെ ഭരതിൽ നിന്ന് പിന്മാറിയത് പ്രൊഫഷണലല്ല എന്നായിരുന്നു് നിഖിലിന്റെ അഭിപ്രായം.ലണ്ടനിൽ പ്രിയങ്കയുടെ മുപ്പത്തിയാറാംജന്മദിനാഘോഷങ്ങൾക്കിടെയായിരുന്നു വിവാഹനിശ്ചയം എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബറിലാകുംവിവാഹമെന്നാണ് സൂചന.
റേസ് 3യ്ക്കു ശേഷം സൽമാൻ ഖാന്റെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ഭാരത്. അലി അബ്ബാസ് സഫറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു ആക്ഷൻ സിനിമയായിട്ടാണ് സംവിധായകൻ അണിയിച്ചൊരുക്കുന്നത് എന്നാണറിയുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിനു പിന്നിൽ അണിനിരക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന സിനിമയിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് സൽമാൻ ഖാൻ അവതരിപ്പിക്കുന്നത്.