ബോളിവുഡിലെ കുട്ടി സെലിബ്രിറ്റിയാണ് തൈമൂർ. താരങ്ങളായ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകന്റെ പിന്നാലെയാണ് ക്യാമറക്കണ്ണുകൾ. കുട്ടിത്താരത്തിന്റെ ചലനങ്ങൾ ഓരോന്നും ഒപ്പിയെടുക്കാൻ ബോളിവുഡ് മാധ്യമങ്ങൾ മത്സരമാണ്. എന്നാൽ ഇത് തന്നെ ഭയപ്പെടുത്തുന്നുവെന്നാണ് കരീന പറയുന്നത്.
തൈമൂറിന്റെ പുറകേ ആൾക്കൂട്ടം ചുറ്റിതിരിയുന്നതിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് കരീന. തൈമൂറിനെ കാണുന്നത് ഞങ്ങൾക്ക് സന്തോഷമാണെന്ന് ചിലർ പറയും. തൈമൂർ ഞങ്ങളുടെ മകനാണ്, നിങ്ങളെ അവൻ സന്തോഷവാനാക്കേണ്ടത് എന്തിനാണെന്നാണ് സെയ്ഫിന്റെ ആറ്റിറ്റിയൂഡ്.
തന്റെ മകനെ ഓർത്ത് ഇപ്പോൾ പേടിയാണ്. പാപ്പരാസികൾ മൂലം മകനെ വീട്ടിൽ നിർത്താൻ തന്നെ തനിക്ക് മടിയാണ്. ഷൂട്ടിന് പോകുമ്പോൾ മകൻ വീട്ടിൽ എന്തുചെയ്യുന്നു എന്ന് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ താൻ അറിയുന്നുണ്ട്. ഇത് വളരെ ഭീകരമാണെന്നും കരീന പറഞ്ഞു.
വളരെ സാധാരണമായ ഒരു കുട്ടിക്കാലമാണ് തന്റെ മകന് വേണ്ടത്. അവന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുകയാണ്. അവൻ വെറും ഒരു കുട്ടിയാണെന്ന് ഒരു സമയത്ത് ആളുകൾക്ക് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും കരീന പറഞ്ഞു.
പോകുന്നിടത്തെല്ലാം പാപ്പരാസികൾ തൈമൂറിനെ പിൻതുടരുന്നതിൽ മുൻപും കരീനയും സെയ്ഫും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അടുത്തിടെ ഒരഭിമുഖത്തിലാണ് മകന്റെ എല്ലാ ചലനങ്ങളും ഒപ്പിയെടുക്കുന്ന, നിരന്തരം പിൻതുടരുന്ന ക്യാമറകൾ തന്നെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുന്നു എന്നു കരീന വെളിപ്പെടുത്തിയത്.
തൈമൂർ വളരെ വികൃതിയാണ്, അവന്റെ അച്ഛനെ പോലെ തന്നെയാണ്. സെയ്ഫ് പറയുന്നത് ഞാനവനെ വഷളാക്കുന്നു എന്നാണ്. അതു ചെയ്യരുത് എന്നു സെയ്ഫ് പലപ്പോഴും പറയും. എന്നേക്കാളും തൈമൂറിനെ പരിചരിച്ചുള്ള പരിചയം സെയ്ഫിനാണ്. തൈമൂറിന് വേണ്ടി ഇത്രയധികം സമയം സെയ്ഫ് മാറ്റി വയ്ക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും കരീന പറയുന്നു.ഏഴു വർഷം മുൻപാണ് സെയ്ഫും കരീനയും വിവാഹിതരാവുന്നത്. 2016 ഡിസംബർ 20 നാണ് സെയ്ഫ്- കരീന ദമ്പതികൾക്ക് തൈമൂർ പിറക്കുന്നത്