കെജിഎഫ് ചിത്രങ്ങള്‍ക്ക് ശേഷം സൂപ്പര്‍ താരം യാഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടോക്സിക് എ ഫെയറി ടേല് ഫോര്‍ ഗ്രോണ്‍-അപ്സ്'. നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നത്.
ബോളിവുഡ് താരം കരീന കപൂര്‍, തെന്നിന്ത്യന്‍ താരം ശ്രുതി ഹസന്, സായി പല്ലവി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് പ്രചരണം ഉണ്ടായത്. എന്നാല്‍ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍.
ടോക്സിക്കിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് നിരവധി അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. സിനിമയെ ചുറ്റിപ്പറ്റിയുള്ള ആവേശത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ഈ അവസരത്തില്‍ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
ചിത്രത്തിനായുള്ള കാസ്റ്റിംഗ് പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞു. ഞങ്ങളുടെ ഈ ടീമില്‍ ഞങ്ങള്‍ വളരെ ആവേശഭരിതരാണ്. ഈ കഥ ജീവസുറ്റതാക്കാന്‍ ഞങ്ങള്‍ എല്ലാവരും തയ്യാറെടുക്കുമ്പോള്‍, ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കാനാണ് നിങ്ങള്‍ എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്' എന്നാണ് നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞത്.
യാഷിനെ നായകനാക്കി പുതിയൊരു ചിത്രം വരുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ അതിനെ നോക്കികാണുന്നത്. 2025 ല്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.