ഷാരൂഖ് ഖാന്‍ നായകനായ 'പത്താന്‍' എന്ന സിനിമയെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത് രംഗത്തെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. 'പത്താന്‍' പോലെയുള്ള സിനിമകള്‍ വിജയിക്കുമ്പോള്‍ ഹിന്ദി സിനിമയിലേയ്ക്ക് പ്രേക്ഷകരെ വീണ്ടും ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അത് എല്ലാ സിനിമാപ്രവര്‍ത്തകര്‍ക്കും പ്രചോദനമാണെന്നും കങ്കണ കുറിച്ചു. അതിനിടെ തന്നെ പരിഹസിച്ച് രംഗത്തെത്തിയ ഒരു ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.
പരാജയങ്ങള്‍ മാത്രമുള്ള നടിയാണ് കങ്കണയെന്നും 'പത്താനെ'ക്കുറിച്ച് പറയാന്‍ എന്ത് അര്‍ഹതയുണ്ടെന്നുമായിരുന്നു ട്വീറ്റ്. പത്ത് വര്‍ഷത്തിനിടെ ഷാരൂഖ് ഖാനുണ്ടായ ആദ്യഹിറ്റാണ് 'പത്താന്‍'. ഇന്ത്യയിലെ പ്രേക്ഷകര്‍ അദ്ദേഹത്തിന് നല്‍കിയ അവസരം തങ്ങളെപ്പോലെ എല്ലാവര്‍ക്കും നല്‍കുമെന്ന വിശ്വാസത്തിലാണ് താനെന്ന് കങ്കണ കുറിച്ചു.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കപ്പെട്ടതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് കങ്കണ. പഠാന്റെ വിജയത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് കങ്കണ കുറിച്ച പോസ്റ്റില്‍ മതപരമായ കാര്യങ്ങള്‍ കൂട്ടികലര്‍ത്തിയത് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യയുടെ സ്‌നേഹവും ഉള്‍ക്കൊള്ളലുമാണ് പഠാനെ ഗംഭീര വിജയമാക്കുന്നതെന്ന അവകാശപ്പെട്ട കങ്കണ ശത്രുരാജ്യമായ പാകിസ്ഥാനെയും ഐഎസിനെയും നല്ല വെളിച്ചത്തില്‍ കാണിക്കുകയാണ് പഠാന്‍ എന്നും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ബോളിവുഡിലെ നിലവിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത് മുന്നേറുകയാണ് പഠാന്‍അഞ്ചാം നാള്‍ പിന്നിടുമ്പോള്‍ 550 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും കളക്റ്റ് ചെയ്തിരിക്കുന്നത്.