സിനിമയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതും വന്നിട്ടുളളതുമായ ലൈംഗിക പീഡനങ്ങളക്കുറിച്ച് ഭാഷാഭേദമന്യേ നടിമാര്‍ രംഗത്തു വരുന്ന കാലഘട്ടമാണിത്. മലയാള സിനിമയില്‍ തുടങ്ങി ബോളിവുഡില്‍ വരെ ഇക്കാര്യത്തില്‍ മീ ടു കാമ്പയിനുകളടക്കമുള്ള പ്രതിഷേധത്തിന്റെ അലയടി ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ മാത്രമല്ല വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പുരുഷാധിപത്യവും സ്ത്രീകള്‍ക്ക് മേലുള്ള ചൂഷണവും സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് പറയുകയാണ് പ്രമുഖ നടി കെ.പി.എ.സി ലളിത. അടൂര്‍ഭാസി എന്ന മലയാള സിനിമ കണ്ട എക്കാലത്തെയും ഹാസ്യസാമ്രാട്ടില്‍ നിന്നാണ് തനിക്ക് ഓര്‍ക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത അനുഭവങ്ങള്‍ നേരിടേണ്ടി വന്നതെന്ന് കെ.പി.എ.സി ലളിത പറയുന്നു.
ഭാസി അണ്ണന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി. അന്നത്തെ കാലത്ത് നസീര്‍ സാറിനെക്കാള്‍ സ്വാധീനവും പ്രാപ്തിയും അടൂര്‍ഭാസിക്കുണ്ടായിരുന്നു. ഒരിക്കല്‍ സുഹൃത്തുക്കളുമായി വീട്ടിലെത്തി വളരെയധികം മദ്യപിക്കാന്‍ തുടങ്ങി. ഒടുവില്‍ ഛര്‍ദ്ദിച്ച് അവശനായ അദ്ദേഹത്തെ ബഹദൂറിക്ക (നടന്‍ ബഹദൂര്‍) എത്തിയാണ് അവിടെ നിന്നും മാറ്റിയത്. പിന്നെയും ശല്യം തുടങ്ങിയപ്പോള്‍ സഹികെട്ട് അന്ന് മലയാളത്തില്‍ നിലവിലുണ്ടായിരുന്ന സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ ഞാന്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ അടൂര്‍ഭാസിക്കെതിരെ പരാതി നല്‍കാന്‍ നീ ആരെന്ന് ചോദിച്ച് സംഘടനയുടെ അദ്ധ്യക്ഷനായ നടന്‍ ഉമ്മര്‍ ശകാരിക്കുകയായിരുന്നു. നട്ടെല്ലുണ്ടോ നിങ്ങള്‍ക്ക് ഈ സ്ഥാനത്തിരിക്കാന്‍ എന്ന് ഒടുവില്‍ എനിക്ക് ഉമ്മറിക്കയോട് ചോദിക്കേണ്ടി വന്നു-കെ.പി.എ.സി ലളിത പറഞ്ഞു.