നിറം എന്ന സുഹൃദവും പ്രണയവും പറഞ്ഞ സിനിമ ആരാണ് മറക്കുക. ഇതിലെ നായിക അല്ലേലും മലയാളികൾ ഏറ്റെടുത്ത നടിയാണ് നടി ജോമോൾ. 1989ൽ വടക്കൻ വീരഗാഥയിൽ ബാലതാരമായിട്ടാണ് ജോമോൾ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ മയിൽപ്പീലികാവിലൂടെയും പഞ്ചാബി ഹൗസിലൂടെയുമാണ് താരം നായികയായി മാറിയത്. അഭിനയിക്കുന്ന കാലത്ത് ജോമോളുടെ ഭാഗ്യനായകനായിരുന്നു കുഞ്ചാക്കോ ബോബൻ. ഇരുവരും ഒരുമിച്ച് അഭിനയിച്ച നിറം, മയിൽപ്പീലിക്കാവ് എന്നീ സിനിമകൾക്ക് ഇന്നും ആരാധകരുണ്ട്. ജോമോൾ അഭിനയം നിർത്തിയെങ്കിലും കുഞ്ചാക്കോ ബോബൻ ഇന്ന് മലയാളത്തിലെ മുൻനിര താരമാണ്.
ഇപ്പോഴിതാ 25 വർഷങ്ങൾക്ക് ശേഷം എബിയും വർഷയും ഒറ്റ ഫ്രെയിമിലൂടെ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. പ്രിയ സഹതാരമായ കുഞ്ചാക്കോ ബോബനെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ പകർത്തിയ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചതും ജോമോൾ തന്നെയാണ്. കുഞ്ചാക്കോ ബോബനൊപ്പം നിറഞ്ഞ ചിരിയോടെ ചേര്‍ന്ന് നില്‍ക്കുന്ന ജോമോളാണ് ചിത്രത്തിലുള്ളത്. വിക്ടറി സൈന്‍ കാണിച്ചാണ് പോസ് കൊടുത്തിരിയ്ക്കുന്നത്. 25 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ എന്നാണ് ഫോട്ടോയ്ക്ക് ജോമോള്‍ കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷന്‍. ഫോട്ടോ വളരെ വേഗത്തിൽ വൈറലായി എന്ന് മാത്രമല്ല. 90സ് കിഡ്സിന് പഴയ സിനിമാ ഓർമകൾ ഇരുവരുടെയും ചിത്രം കണ്ടപ്പോൾ മനസിലേക്ക് എത്തുകയും ചെയ്തു.
നിരവധി ആരാധകരാണ് പ്രിയ ജോഡിക്ക് കമന്റുകളുമായി എത്തിയത്. നൈന്റീസ് കിഡ്‌സിന്റേതാണ് കമന്റുകളിൽ ഏറെയും. 'ഞങ്ങളുടെ ഇഷ്ട ജോഡികള്‍, മയില്‍പ്പീലിക്കാവ് ഓര്‍മവരുന്നു, ഇപ്പോഴും നിങ്ങൾക്ക് ആ കോളേജ് വിദ്യാർത്ഥികളുടെ ചെറുപ്പമുണ്ട്, അന്ന് എല്ലാവരും ചാക്കോച്ചനും ശാലിനിയ്ക്കും പിന്നാലെ പോയപ്പോള്‍ ഞാന്‍ നോക്കിയത് ഈ രണ്ട് ജോഡികളെയുമായിരുന്നു', എന്നൊക്കെയായിരുന്നു കമന്റുകൾ. എബിയേയും വർഷയേയും വീണ്ടും ഒരുമിച്ച് കാണാൻ കഴിഞ്ഞ സന്തോഷവും ചിലർ പങ്കുവെച്ചിട്ടുണ്ട്.