ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഏറ്റവും ശക്തമായ തിരക്കഥകളുള്ളത് മലയാളത്തിലാണെന്ന് സംവിധായകനും വിജയ്യുടെ മകനുമായ ജേസണ്‍ സഞ്ജയ്. ഒക്ടോബര്‍ രണ്ടിന് റിലീസിനൊരുങ്ങുന്ന 'സിഗ്മ' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് 'പേളി മാണി ഷോ' എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ജേസണ്‍ വ്യക്തമാക്കി.
'മലയാള സിനിമയിലേക്ക് ഒരു അവസരം കിട്ടാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. എനിക്ക് മലയാള സിനിമ ഇഷ്ടമാണ്. ഇന്ത്യയിലെ എല്ലാ ഇന്‍ഡസ്ട്രികളിലും വച്ച് ഏറ്റവും മികച്ച എഴുത്തുകാരുള്ളത് മലയാളത്തിലാണെന്ന് ഞാന്‍ പറയും. അത് ഞാന്‍ തുറന്നു പറയുന്നു. ഇന്നിപ്പോള്‍ ലോകസിനിമയുമായി എല്ലാവര്‍ക്കും പരിചയമുണ്ട്.
നിങ്ങള്‍ ഇതിനെ മറ്റൊരു ഭാഷയായി കാണുന്നില്ല. ഡബ്ബ് വേര്‍ഷനോ റീമേക്ക് വരുന്നതു വരെയോ ഒന്നും ആരും കാത്തിരിക്കുന്നില്ല. അടുത്തിടെ ഞാന്‍ 'മോളിവുഡ് ടൈംസ്' എന്നൊരു സിനിമ കണ്ടിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ആ സിനിമ. അത് വളരെ റിലേറ്റബിള്‍ ആണ്. ഈ പ്രൊഫഷനിലുള്ള ആളുകളുടെ കാരക്ടര്‍ എങ്ങനെയാണെന്ന് ആ സിനിമ കൃത്യമായി കാണിക്കുന്നുണ്ട്. എനിക്ക് നസ്ലിന്റെ പെര്‍ഫോമന്‍സും ഇഷ്ടപ്പെട്ടു. ഐ ലവ് യു നസ്ലിന്‍. ആ സിനിമയിലൊരുപാട് കാര്യങ്ങള്‍ നമുക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാണ്. അതില്‍ നിന്നൊരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്.
ഈ ഇന്‍ഡസ്ട്രിക്കുള്ളില്‍ എന്താണ് നടക്കുന്നത് എന്ന കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും. കാരണം മറ്റുള്ളവര്‍ക്ക് അതേ കുറിച്ച് അറിയില്ല, എന്തൊക്കെ ബുദ്ധിമുട്ടുകളാണ് നമുക്കുള്ളതെന്ന്. ഒരു നിമിഷത്തിന് ഒരാളുടെ ജീവിതം മുഴുവന്‍ എങ്ങനെ മാറ്റിമറിക്കാന്‍ കഴിയുമെന്ന്. അത് രണ്ട് രീതിയിലുമാകാം. പോസിറ്റീവ് അല്ലെങ്കില്‍ നെ?ഗറ്റീവ്. ഭയങ്കര രസമുള്ളൊരു സിനിമയാണ്. ആളുകള്‍ അത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.'' മലയാളത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ വലിയൊരു ആരാധകനാണെന്നും അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി.
തന്റെ ആദ്യ ചിത്രമായ 'സിഗ്മ'യുടെ കഥ ആദ്യം ചര്‍ച്ച ചെയ്തത് നടന്‍ ദുല്‍ഖര്‍ സല്‍മാനോടാണെന്നും ജേസണ്‍ പറഞ്ഞു. ചെന്നൈയിലെ ലീല പാലസ് ഹോട്ടലില്‍ വെച്ചാണ് ദുല്‍ഖറിനോട് കഥ പറഞ്ഞതെന്നും, രണ്ട് മണിക്കൂറോളം നീണ്ട ആ കൂടിക്കാഴ്ച തനിക്ക് വലിയൊരു ആത്മവിശ്വാസമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കഥ പറയുമ്പോള്‍ നോട്ട് ബുക്കുകള്‍ നോക്കി പറയുന്ന ശീലം തനിക്കില്ലെന്ന് ജേസണ്‍ വ്യക്തമാക്കി.
സംവിധായകന്‍ എന്ന നിലയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് നമ്മളില്‍ വിശ്വാസം ഉണ്ടാകൂ. അതിനായി ആറ് മുതല്‍ എട്ട് മാസം വരെ ഒരു സ്‌ക്രിപ്റ്റിനായി താന്‍ കഠിനാധ്വാനം ചെയ്യാറുണ്ട്'- ജേസണ്‍ പറഞ്ഞു. കഥ പൂര്‍ണ്ണമായും മനസ്സില്‍ ഉറപ്പിച്ച ശേഷമാണ് നരേഷന് പോകാറുള്ളതെന്നും ആവേശം മൂലം ചിലപ്പോഴൊക്കെ കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ അഭിനയിച്ചു കാണിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഥ പറയുന്നതിനിടയില്‍ ദുല്‍ഖര്‍ ഒരു ചോദ്യം പോലും ചോദിച്ചില്ലെങ്കിലും അദ്ദേഹത്തിന് കാര്യങ്ങളെല്ലാം വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു. ഒരു നിമിഷം പോലും ശ്രദ്ധ വ്യതിചലിക്കാതെ മികച്ച രീതിയില്‍ തന്നെ ശ്രദ്ധിച്ച അദ്ദേഹം ഒരു നല്ല കേള്‍വിക്കാരനും നിരീക്ഷകനുമാണെന്നും ജേസണ്‍ പ്രശംസിച്ചു. എന്നാല്‍ ഡേറ്റ് സംബന്ധമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് ആ പ്രോജക്ട് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ പോയതെന്നും അദ്ദേഹം മുന്‍പ് വ്യക്തമാക്കിയിരുന്നു