മലയാള സിനിമാ സീരിയല്‍ ലോകത്ത് നിറസാന്നിധ്യമായി തിളങ്ങി നിന്നിരുന്ന ഒരു നടന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയാണ് ഇപ്പോള്‍ പ്രേക്ഷകരെ തേടിയെത്തിയിരിക്കുന്നത്. ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്കു മുന്നേ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി എത്തി പിന്നീട് അഭിനയ മേഖലയിലേക്കും മിനിസ്‌ക്രീനിലേക്കും എല്ലാം ചുവടുവച്ച വി പി രാമചന്ദ്രനാണ് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. 81 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. കുറച്ചു നാളുകളായി വാര്‍ധക്യ സഹജമായ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കാരണം ചികിത്സയിലായിരുന്നു അദ്ദേഹം. തുടര്‍ന്നാണ് നടനെ തേടി ഇന്ന് പുലര്‍ച്ചയോടെ മരണമെത്തിയത്.
പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ എന്നതിലുപരി സംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്രമല്ല, മികച്ച വിദ്യാഭ്യാസം നേടിയിരുന്ന അദ്ദേഹം റിട്ടയേര്‍ഡ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു അദ്ദേഹം അഭിനയ മേഖലയില്‍ സജീവമായി മാറിയത്. അതിനുശേഷം അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനായും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്നു. അതിനിടയിലെല്ലാം സിനിമാ സീരിയല്‍ അഭിനയം സജീവമായി മുന്നോട്ടു കൊണ്ടു പോയിരുന്ന വി പി രാമചന്ദ്രന്‍ അത്രത്തോളം ഈ മേഖലയെ സ്നേഹിച്ചിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
പൊലീസ് ഉദ്യോഗസ്ഥരായും സര്‍ക്കാര്‍ ജോലിക്കാരായും അധ്യാപകരായും ഒക്കെ കരിയര്‍ മുന്നോട്ടു കൊണ്ടുപോവുകയും അതിനൊപ്പം സിനിമാ സീരിയല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധി താരങ്ങള്‍ ഉണ്ട്. അവര്‍ക്കെല്ലാം പ്രചോദനമായി മാറിയിരുന്നത് വിപി രാമചന്ദ്രന്‍ പൊതുവാളിനെ പോലുള്ള താരങ്ങളായിരുന്നു. അദ്ദേഹത്തെ തേടി സംഗീത നാടക അക്കാദമി അവാര്‍ഡും എത്തിയിരുന്നു. 1986ല്‍ ഒരിടത്ത് എന്ന ചിത്രത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടായിരുന്നു സിനിമാ മേഖലയിലേക്കുള്ള ചുവടു വയ്പ്പ്. തുടര്‍ന്ന് എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രമായ ന്യൂ ഡെല്‍ഹിയിലും ശബ്ദം നല്‍കി. തുടര്‍ന്ന് ചെറുതും വലുതുമായ ഇരുപതോളം ചിത്രങ്ങളിലാണ് അഭിനയിച്ചത്. മിക്കതിലും ഡോക്ടര്‍, പൊലീസ് വേഷങ്ങളായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്. ഈയടുത്ത കാലം വരെയ്ക്കും സീരിയല്‍ മേഖലയിലും അദ്ദേഹം സജീവമായിരുന്നു.
നാളെ രാവിലെ രാവിലെ ഒമ്പതു മണിയ്ക്ക് സ്മൃതിയിലാണ് സംസ്‌കാരം നടക്കുക. ഭാര്യ: വത്സ രാമചന്ദ്രന്‍ (ഓമന). മക്കള്‍ : ദീപ (ദുബായ്), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, ചെന്നൈ). മരുമക്കള്‍ : കെ മാധവന്‍ (ബിസിനസ്, ദുബായ്), ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ). സഹോദരങ്ങള്‍ : പദ്മഭൂഷന്‍ വി പി ധനജ്ഞയന്‍, വി പി മനോമോഹന്‍, വി പി വസുമതി, പരേതരായ വേണുഗോപാലന്‍ മാസ്റ്റര്‍, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി