തെന്നിന്ത്യയിലെ മുന്‍നിര നായിക ഗീതാഞ്ജലി അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്ന് ഹൈദ്രാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്ന് പുലര്‍ച്ചെ അന്ത്യം സംഭവിച്ചത്. അറുപത് വര്‍ഷമായി തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരുന്നു താരം.
തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിലാണ് ഗീതാഞ്ജലി അഭിനയിച്ചിട്ടുള്ളത്. തെന്നിന്ത്യന്‍ ഭാഷകളായ തെലുങ്ക്, തമിഴ്, മലയാളം സിനിമകള്‍ കൂടാതെ ഹിന്ദി ചിത്രങ്ങളിലും ഗീതാഞ്ജലി അഭിനയിച്ചിട്ടുണ്ട്.
സീനിയര്‍ എന്‍ടിആര്‍ എന്ന് അറിയപ്പെടുന്ന നന്ദമുറി താരക രാമറാവു സ്വന്തം ചിത്രത്തിലൂടെയാണ് ഗീതാഞ്ജലിയെ വെള്ളിത്തിരയിലെത്തിച്ചത്. 1961ല്‍ പുറത്തിറങ്ങിയ സീതാരാമ കല്യാണം എന്ന ചിത്രമായിരുന്നു ഗീതാഞ്ജലിയുടെ കന്നിച്ചിത്രം. ഡോ ചക്രവര്‍ത്തി, ലതാ മനസുലു, ബോബിലി യുദ്ധം, ദേവത, ഗുഡചിരി 116 സംഭരല രംഭബു എന്നീ ചിത്രങ്ങളിലും ഗീതാഞ്ജലി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു.
1966ല്‍ പുറത്തിറങ്ങിയ കാട്ടുമല്ലിക, 1970ല്‍ പുറത്തിറങ്ങിയ സ്വപ്നങ്ങള്‍, 1970ല്‍ പുറത്തിറങ്ങിയ മധുവിധു എന്നീ മലയാള ചിത്രങ്ങളില്‍ ഗീതാഞ്ജലി അഭിനയിച്ചിട്ടുണ്ട്. മണി എന്നാണ് യഥാര്‍ത്ഥ പേര്. ആന്ധ്രാപ്രദേശിലെ കാക്കിനടയില്‍ ജനിച്ച ഗീതാഞ്ജലി സിനിമാ കരിയറില്‍ തിളങ്ങി നില്‍ക്കുന്ന നേരത്താണ് വിവാഹിതയായത്. നടന്‍ രാമകൃഷ്ണനാണ് ഗീതാഞ്ജലിയെ വിവാഹം ചെയ്തത്. അദ്ദേഹത്തോടൊപ്പം കുറച്ചു ചിത്രങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ മകന്‍ ആദിത് ശ്രീനിവാസും സിനിമയില്‍ തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. 2008ല്‍ പുറത്തിറങ്ങിയ ഭൂമയായിരുന്നു ആദിത് നായകനായ ചിത്രം
വിവാഹശേഷം നീണ്ട ഇടവേളയ്ക്ക് ശേഷം സ്വഭാവ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ഗീതാഞ്ജലി തിരിച്ചെത്തിയിരുന്നു. തമന്ന ഭാട്ടിയ നായികയായ തെലുങ്ക് ചിത്രം ദാറ്റ് ഈസ് മഹാലക്ഷ്മിയായിരുന്നു ഗീതാഞ്ജലി ഒടുവില്‍ അഭിനയിച്ച ചിത്രം.