Latest News

ഇരുപതാം നൂറ്റാണ്ടില്‍ സാഗര്‍ ഏലീയാസ് ജാക്കിയുടെ നിഴല്‍; എണ്‍പതുകളുടെ ഒടുക്കത്തിലും 90കളുടെ തുടക്കത്തിലും മലയാള സിനിമയുടെ ക്ഷോഭിക്കുന്ന യുവത്വം; നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു; മോഹനിയാട്ടം അവസാന ചിത്രം; എംസി റോഡിലെ വാഹനാപകടത്തില്‍ പൊലിയുന്നത് മലയാളി ഏറെ ഇഷ്ടപ്പെട്ട നടന്റെ ജീവന്‍; സിനിമ സീരിയല്‍ താരം സന്തോഷ് നായര്‍ വിട പറയുമ്പോള്‍

Malayalilife
ഇരുപതാം നൂറ്റാണ്ടില്‍ സാഗര്‍ ഏലീയാസ് ജാക്കിയുടെ നിഴല്‍; എണ്‍പതുകളുടെ ഒടുക്കത്തിലും 90കളുടെ തുടക്കത്തിലും മലയാള സിനിമയുടെ ക്ഷോഭിക്കുന്ന യുവത്വം; നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു; മോഹനിയാട്ടം അവസാന ചിത്രം; എംസി റോഡിലെ വാഹനാപകടത്തില്‍ പൊലിയുന്നത് മലയാളി ഏറെ ഇഷ്ടപ്പെട്ട നടന്റെ ജീവന്‍; സിനിമ സീരിയല്‍ താരം സന്തോഷ് നായര്‍ വിട പറയുമ്പോള്‍

മലയാള സിനിമയിലെ എക്കാലത്തെയും മാസ് ക്ലാസിക് ചിത്രം 'ഇരുപതാം നൂറ്റാണ്ടിലെ' സാഗര്‍ ഏലിയാസ് ജാക്കിയുടെ വിശ്വസ്തനായി വെള്ളിത്തിരയില്‍ തിളങ്ങിയ പ്രമുഖ നടന്‍ സന്തോഷ് നായര്‍ (സന്തോഷ് കെ. നായര്‍) അന്തരിച്ചു. എംസി റോഡില്‍ വെച്ചുണ്ടായ ദാരുണമായ കാര്‍ അപകടത്തിലാണ് അന്ത്യം. സന്തോഷ് സഞ്ചരിച്ചിരുന്ന ഇന്നോവ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ആരെയും കൂസാത്ത യുവത്വവുമായി ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം തിരുവനന്തപുരം കൈതമുക്ക് തേങ്ങാപുരയില്‍ ആണ് താമസിച്ചിരുന്നത്. 

മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍-കെ. മധു കൂട്ടുകെട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ഇരുപതാം നൂറ്റാണ്ടിലെ' ജാക്കിയുടെ നിഴലായുള്ള കഥാപാത്രം അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു. പിന്നീട് 'സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്' എന്ന ചിത്രത്തിലും അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തു. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തത്. 

അപകടവിവരമറിഞ്ഞ് സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയില്‍ മാസ്സ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായി നിറഞ്ഞുനിന്ന സന്തോഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് വലിയ നഷ്ടമാണ്. 'മോഹിനിയാട്ടം' ആണ് അദ്ദേഹം അഭിനയിച്ച് പുറത്തിറങ്ങാനിരുന്ന അവസാന ചിത്രം. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം സിനിമയോടൊപ്പം തന്നെ തന്റെ വ്യക്തിത്വത്തിലെ നിശിതമായ നിലപാടുകള്‍ കൊണ്ടും സുഹൃദ്വലയങ്ങള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു. സിനിമാ മോഹവുമായി എത്തി, വളരെ വേഗത്തില്‍ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമാകാന്‍ സന്തോഷിന് കഴിഞ്ഞിരുന്നു. 

പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത 'ഇതു ഞങ്ങള്‍ടെ കഥ'യിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. പില്‍ക്കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. തിരുവനന്തപുരം പേട്ടയില്‍ ജനിച്ച് വളര്‍ന്ന സന്തോഷ്, മനോഹരമായ ഒരു കരിയര്‍ പടുത്തുയര്‍ത്തുന്നതിനിടയിലാണ് ജീവിതത്തിന്റെ എംസി റോഡില്‍ വെച്ച് വിടവാങ്ങുന്നത്. 

രാഷ്ട്രീയത്തിലും സജീവമായിരുന്നു സന്തോഷ് നായര്‍. ബിജെപിയോട് ചേര്‍ന്ന് നിന്ന പ്രവര്‍ത്തനമായിരുന്നു സന്തോഷ് നടത്തിയിരുന്നത്. തെറ്റു കണ്ടാല്‍ സിനിമയിലായാലും രാഷ്ട്രീയത്തിലായാലും തുറന്നു പറയുന്ന പ്രകൃതമായിരുന്നു സന്തോഷിന്റേത്. സുരേഷ് ഗോപിയുടെ നരച്ച താടിയ്ക്ക് മുമ്പേ ആ സ്‌റ്റൈലിലില്‍ നടന്ന താരം കൂടിയായിരുന്നു സന്തോഷ് നായര്‍. തന്റെ സ്റ്റൈലിനെയാണ് സുരേഷ് ഗോപി അനുകരിച്ചതെന്നും സന്തോഷ് നായര്‍ പറഞ്ഞിരുന്നു.

santhosh nair passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES