തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാലാജിയെ ചെന്നൈയിലെ കൊട്ടിവാകത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് താരത്തിന്റെ വസതിയില്‍ വച്ച് നടക്കും.
തമിഴ് ഉള്‍പ്പടെ നിരവധി ഭാഷകളില്‍ അഭിനയിച്ച ബാലാജി 1975ലാണ് ജനിച്ചത്. അദ്ദേഹം കമല ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെ തമിഴ് അഭിനയലോകത്ത് സജീവമായി.
വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവന്‍ (2017) തുടങ്ങിയവാണ് ബാലാജി അഭിനയിച്ച പ്രധാന തമിഴ് ചിത്രങ്ങള്‍. മമ്മൂട്ടി നായകനായി 2004ല്‍ തീയേറ്ററുകളിലെത്തിയ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര മേഖലയിലേക്ക് അദ്ദേഹമെത്തുന്നത്. തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍, ക്രൈസ്റ്റോറി, ഡാഡി കൂള്‍, ഭഗവാന്‍. എന്നിവയുള്‍പ്പെടെ പത്തോളം മലയാള സിനിമകളില്‍ അദ്ധേഹം അഭിനയിച്ചു. തെലുങ്കു, കന്നഡ സിനിമകളിലും ഡാനിയേല്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലെയും മലയാളത്തിലെും മികച്ച വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്.