തെന്നിന്ത്യന്‍ സിനിമകളിലെ പ്രശസ്ത നടിയായ ഹന്‍സികയുടെ വിവാഹ വിശേഷങ്ങളുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഹന്‍സിക മോട്വാനിയും വ്യവസായി സുഹൈല്‍ കതൂരിയയും തമ്മിലുള്ള വിവാഹം ലൈവായി ആരാധകര്‍ക്കും കാണാനാകുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്.
450 വര്‍ഷം പഴക്കമുള്ള ജെയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബര്‍ നാലിനാണ് ഇരുവരുടെയും വിവാഹം. ഹന്‍സികയുടെ വിവാഹം തത്സമയം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 4 ന് ജെയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങിന്റെ ചിത്രീകരണം ഒ.ടി.ടി പ്ലാറ്റ്‌ഫോം ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദമ്പതികളുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന പരിമിതമായ ചടങ്ങാണ് നടക്കുക.
ഡിസംബര്‍ രണ്ടിന് സൂഫി നൈറ്റോടു കൂടിയാണ് വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കമാകുക. മെഹന്ദി-സംഗീതാഘോഷം ഡിസംബര്‍ മൂന്നിനാണ്. ഡിസംബര്‍ നാലിന് ഹാല്‍ദി. തൊട്ടടുത്ത ദിവസം വിവാഹം എന്നിങ്ങനെയാണ് ചടങ്ങുകള്‍.പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ സുഹൈല്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രം ഹന്‍സിക പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങളിലൂടെ തങ്ങളുടെ ബന്ധം പരസ്യമാക്കിയ ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകാന്‍ പോകുകയാണെന്നും പറഞ്ഞിരുന്നു.
രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഹന്‍സികയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു, വിവാഹത്തിനുള്ള ലെഹങ്ക വാങ്ങാന്‍ പണം ഇല്ലെന്നായിരുന്നു തമാശയോടെ ഹന്‍സിക പോസ്റ്റില്‍ കുറിച്ചത്. പിന്നാലെ ആരാധകരുടെ കമന്റും എത്തിയിരുന്നു. ഗൂഗിള്‍ പേ നമ്പര്‍ തരൂ പണമയക്കാം എന്നൊക്കെയായിരുന്നു ചിലരുടെ കമന്റുകള്‍. സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്. ഹന്‍സികയുമായുള്ള വിവാഹ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഇദ്ദേഹത്തിന്റെ പഴയ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. കൂടാതെ ഈ വിവാഹത്തിന് ഹന്‍സികയും പങ്കെടുത്തിരുന്നു.
മുംബൈ സ്വദേശിയായ ഹന്‍സിക ടെലിവിഷന്‍ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷന്റെ ഹിറ്റ് ചിത്രമായ കോയി മില്‍ഗയയില്‍ ഹന്‍സിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍, ആപ് കാ സുരൂര്‍, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഹന്‍സിയുടെ 50-ാമത്തെ ചിത്രമായ മഹാ ഈ വര്‍ഷം ആദ്യമാണ് പുറത്തിറങ്ങിയത്. റൗഡി ബേബിയാണ് ഹന്‍സികയുടെ പുതിയ ചിത്രം.