ലോക്ഡൗണ്‍ രാജ്യത്ത് നടപ്പിലാക്കിയതിന് പിന്നാലെ നിരവധി നടീനടന്‍മാരാണ് ജീവന്‍ വെടിഞ്ഞത്. ഷൂട്ടിങ്ങുകള്‍ക്കും വിലക്കുള്ളതിനാല്‍ ഡിപ്രഷനും വരുമാനം നിലച്ചതും കാരണമാണ് ചിലര്‍ ജീവനൊടുക്കിയത്. ഇപ്പോള്‍ പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കയാണ്. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് നടനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് നടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എംഎസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' പ്രധാന ചിത്രമാണ്. ബോളിവുഡില്‍ ഹിറ്റായ ഈ ചിത്രം നൂറ് കോടി ക്ലബ്ബില്‍ എത്തിയതോടെ മുന്‍നിര താരമായി സുശാന്ത് വളര്‍ന്നിരുന്നു. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. അപ്രതീക്ഷിതമായി സുശാന്തിന്റെ മരണവാര്‍ത്ത എത്തിയ ഞെട്ടലിലാണ് ബോളിവുഡ് ലോകം.
അഞ്ച് ദിവസം മുമ്പ് സുശാന്ത് സിങ് രാജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സലൈന്‍ ആത്മഹത്യ ചെയ്തിരുന്നു. മുംബൈയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ദിഷ ജീവനൊടുക്കിയത്. ലാഡിലെ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്നാണ് ചാടിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിരുന്നില്ല. മുന്മാനേജറുടെ ആത്മഹത്യയുമയി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം സുശാന്തിന്റെ മരണത്തിന് ഉണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. ദിഷ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് പ്രതിശ്രുത വരന് ഒപ്പമായിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നത്. ദിഷയുടെ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദിഷയുടെ പ്രതിശ്രുത വരന്റെയും മൊഴി രേഖപ്പെടുത്തുകയുണ്ടായി. ദിഷയുടെ ആത്മഹത്യയിലെ അന്വേഷണം പുരോഗമിക്കവേയാണ് സുശാന്ത് ആത്മഹത്യ ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ടെലിവിഷന്‍ താരം, അവതാരകന്‍, നര്‍ത്തകന്‍ എന്നീ നിലയിലും പ്രശസ്തനാണ് സുശാന്ത് സിങ് രജ്പുത്. ശുദ്ധ് ദേശീ റോമാന്‍സ് എന്ന ചിത്രം ഹിറ്റായതോടെ സുശാന്ത് ബോളിവുഡിലെ മുന്‍നിര നായകന്മാരുടെ പട്ടികയിലേക്ക് ഉയര്‍ന്നു. എം.എസ്. ധോണി; ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ടൈറ്റില്‍ റോളിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഏറെ നിരൂപക പ്രശംസയും ഈ ചിത്രം നേടിയിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ചിച്ചോര്‍ ആണ് അവസാന ചിത്രം. ബീഹാറിലെ പാറ്റ്‌നയിലാണ് സുശാന്ത് സിങ് രാജ്പുത് ജനിച്ചത്. 2002 ല്‍ അമ്മയുടെ മരണശേഷം സുശാന്തും കുടുബവും ഡല്‍ഹിയിലേക്ക് താമസം മാറി. ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പ്രവേശനം നേടി. ഭൗതികശാസ്ത്രത്തിലെ ദേശീയ ഒളിമ്പ്യാഡ് ജേതാവാണ് സുശാന്ത് .അഭിനയജീവിതം തുടരാനായി അദ്ദേഹം നാലു വര്‍ഷത്തെ കോഴ്‌സില്‍ മൂന്നു വര്‍ഷം മാത്രമേ പൂര്‍ത്തിയാക്കിയുള്ളൂ.
സാമൂഹ്യപ്രവര്‍ത്തിലും ഏറെ തത്പരനായിരുന്നു. കേരളത്തിലെ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നല്‍കിയും ശ്രദ്ധനേടിയിരുന്നു.