മലയാള സിനിമയുടെ തന്നെ താരവിസ്മയമാണ് നടൻ മോഹൻലാൽ. നിരവധി കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. സിനിയോടുള്ള അടക്കാനാവാത്ത പ്രണയമാണ് മോഹൻലാൽ എന്ന നടനെ പ്രേക്ഷരുടെ സ്വന്തം ലാലേട്ടനാക്കി മാറ്റിയത്. എന്നാൽ ഇപ്പോൾ തമിഴ് സിനിമയുടെ പ്രിയപ്പെട്ട സംവിധായകനാണ് സുരേഷ് കൃഷ്ണ തന്റെ സംവിധാനത്തിൽ 1996 ൽ പുറത്തിറങ്ങിയ ദി പ്രിൻസ് ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയിരുന്നില്ല എന്നും മോഹൻലാലിന്റെ ശബ്ദമായിരുന്നു ചിത്രത്തിന്റെ വില്ലനായത് എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താരം തുറന്ന് പറയുകയാണ്.
മോഹൻലാലിന്റെ ശബ്ദത്തിനു ചില പ്രശ്നങ്ങളുള്ളപ്പോഴായിരുന്നു ചിത്രം ഡബ്ബ് ചെയ്ത്. സിനിമ ഇറങ്ങിയ ഉടൻ ഇതു ലാലിന്റെ ശബ്ദമല്ല എന്നു പറഞ്ഞ് വലിയ വിവാദമുണ്ടായി. തമിഴിൽനിന്നു വന്ന സംവിധായകൻ മറ്റാരെക്കൊണ്ടോ ലാലിന്റെ ശബ്ദം ഡബ്ബ് ചെയ്തുവെന്നുവരെ ചിലർ പറഞ്ഞു. ഒടുവിൽ ഇത് എന്റെ ശബ്ദമാണെന്ന് ലാൽ പറയുന്ന പരസ്യം വരെ ചെയ്തുനോക്കിയിട്ടും രക്ഷപ്പെട്ടില്ല. ‘‘ലാലിന്റെ ശബ്ദമോ സ്വന്തം സിനിമയുടെ കുഴപ്പമോ എന്താണു പ്രശ്നമെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല. എന്തായാലും അതിനു ശേഷം മറ്റൊരു മലയാള സിനിമ ചെയ്തിട്ടുമില്ല'
രജനിയുമായുള്ള സൗഹൃദത്തെ കുറിച്ചും സുരേഷ് അഭിമുഖത്തിൽ പറയുന്നു. എവിടെ ചെന്നാലും പലർക്കും അറിയേണ്ടത് രജനിക്കൊപ്പമുള്ള അനുഭവങ്ങളാണ്. അങ്ങനെ താൻ രജനിയുടെ മൂന്നു സിനിമകളിലെ അണിയറ അനുഭവങ്ങൾ ചേർത്തൊരു പുസ്തകമെഴുതിരുന്നു. മൈ ഡേയ്സ് വിത്ത് ബാഷ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. രജനിക്കു വർക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഏഴിനു മേക്കപ്പിട്ട് വരാൻ പറഞ്ഞാൽ കൃത്യം വരും. ഗോസിപ്പില്ല, പരാതിയില്ല. രാത്രിയാണ് ഷൂട്ടെങ്കിൽ അതിനും റെഡി. മേക്കപ്പോടെ 7നു വരണമെങ്കിൽ 5നു തന്നെ റെഡിയാകണം. രജനി വൈകിയതിനാൽ പടം വൈകിയ ചരിത്രമില്ല. നിർമാതാവിന്റെ പത്തുപൈസ വെറുതേ കളയില്ല. ബാബ പരാജയപ്പെട്ടുവെന്നു പറയുമ്പോഴും ഇപ്പോഴും ടെലിവിഷനിൽ ഹിറ്റാണ്. ബാബയിൽ രജനി സംതൃപ്തനായിരുന്നു - സുരേഷ് പറഞ്ഞു.
രജനി ചിത്രങ്ങളുടെ വിജയത്തെ കുറിച്ചും സുരേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. താൻ രജനിയുടെ ഹീറോയിസവും പ്രശസ്തിയും പ്രയോജനപ്പെടുത്തിയെന്നേയുള്ളൂ. ബാഷ അൾട്ടിമേറ്റ് ഹീറോയിസമാണ്. ‘നാൻ ഒരു തടവ സൊന്നാ, നൂറു തടവ സൊന്ന മാതിരി' എന്ന ബാഷയിലെ ഡയലോഗ് ഇപ്പോഴും പ്രേക്ഷകർ ഏറ്റു പറയുന്നു. സത്യത്തിൽ സിനിമയിൽ അഞ്ചിടത്തേ ആ ഡയലോഗുള്ളൂ. പഞ്ച് അറിഞ്ഞ് പ്രയോഗിച്ചതുകൊണ്ടാണ് അതിപ്പോഴും ചൂടോടെ നിൽക്കുന്നത്. നിങ്ങൾ ഒരു സൂപ്പർസ്റ്റാർ ചിത്രം ചെയ്യുമ്പോൾ ഓർക്കുക, പ്രേക്ഷകൻ കാണാൻ വരുന്നത് സൂപ്പർസ്റ്റാറിനെയാകും. അവരെ തൃപ്തിപ്പെടുത്തുക.