മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് കടുവ. മികച്ച പ്രതികരണമായിരുന്നു ആദ്യ ദിനത്തിൽ തിയേറ്ററിൽ നിന്നും ലഭിച്ചിരുന്നത്. എട്ടുവർഷത്തെ ഇടവേളക്കുശേഷം ഷാജി കൈലാസിന്റെ വരവ് വളരെ അധികം ഗംഭീരമായി തന്നെയാണ്. എന്നാൽ ഇപ്പോൾ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ഷാജി കൈലാസ് രംഗത്ത് എത്തിയിരിക്കുകയാണ്. മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം നൽകുന്നത് പ്രേക്ഷകർ നൽകുന്ന സ്നേഹമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കൂടി കുറിക്കുകയും ചെയ്തു.
‘നന്ദി… ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി. ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു’വെന്നാണ് ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചത്. ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചുവരവാണ് കടുവ എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നതും.
വളരെ വേഗത്തിൽ ലാഗില്ലാതെ സഞ്ചരിക്കുന്ന കഥയിൽ ആക്ഷന് പ്രാധാന്യം നൽകുന്നുണ്ട്. ആവേശം പകരുന്ന രീതിയിലാണ് ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും നിർമ്മാണം. അതേസമയം കടുവയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങിയെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.
കടുവ രണ്ടാം ഭാഗം ഉടൻ ഉണ്ടാകും. ചിത്രത്തിന്റെ വിജയമാണ് രണ്ടാം ഭാഗത്തേക്ക് നയിക്കുന്നത്. ‘ജന ഗണ മന’ എന്ന ചിത്രവും അങ്ങനെ തന്നെയായിരുന്നു. രണ്ടാം ഭാഗം റിലീസിന് മുൻപ് തന്നെ ഉണ്ടെന്നു പറഞ്ഞെങ്കിലും സിനിമയുടെ വിജയം തന്നെയാണ് അടുത്ത ഭാഗം എടുക്കാൻ തീരുമാനമായത്.’ ലിസ്റ്റിൻ അഭിപ്രായപ്പെട്ടു.