ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് യുകെ മലയാളികളായ ഒരു പറ്റം ചെറുക്കക്കാരുടെ റാപ് ഗാനമാണ്. മാതാപിതാക്കള്‍ക്കും വൈദികര്‍ക്കും മുന്നറിയിപ്പ് നല്‍കിയുള്ള 'ചൊറിച്ചില്‍'എന്ന ഗാനം വളരെ പെട്ടെന്നാണ് ശ്രദ്ധേയമായത്. യുകെയിലെ മലയാളി സമൂഹത്തിനിടയില്‍ ജീവിക്കേണ്ടിവരുമ്പോഴുള്ള പ്രശ്‌നങ്ങളാണ് ഗാനം ചര്‍ച്ച ചെയ്യുന്നത്. യുകെയിലെ മലയാളി പിള്ളേര്‍ നല്ലൊരു ശതമാനവും മറ്റ് നിവര്‍ത്തി ഇല്ലാത്തോണ്ട്് മാതാപിതാക്കളെ അനുസരിക്കുന്നവരാണ്. തങ്ങള്‍ക്കിടയിലേക്ക് ഒളിഞ്ഞുനോക്കുന്നവര്‍ക്ക് നല്‍കുന്ന മറുപടി കൂടിയാണ് ചൊറിച്ചില്‍ നല്‍കുന്നത്.
മക്കളെ അനാവശ്യമായി നിയന്ത്രിക്കരുതെന്നു പരസ്യമായി പറയുന്ന മാതാപിതാക്കള്‍ പോലും തക്കം കിട്ടിയാല്‍ മക്കളെയും അവരുടെ സമപ്രായക്കാരെയും കുറിച്ച് അനാവശ്യമായി ചിന്തിച്ചും അവരുടെ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തിയുമാണ് സമയം കളയുന്നത്. ഇതിങ്ങനെ വിട്ടാല്‍ പറ്റുമോ? ചിന്താശേഷിയുള്ള ഒരു സംഘം ചെറുപ്പക്കാര്‍ ഇതേപ്പറ്റി ആലോചിച്ചപ്പോള്‍ പിറന്ന മലയാളം കോമഡി റാപ് ഗാനമാണ് ചൊറിച്ചില്‍ എന്ന പേരില്‍ പുറത്തു വന്നിരിക്കുന്നത്. വെറും മൂന്നു മിനിറ്റില്‍ തീര്‍ത്ത പാട്ടും ദൃശ്യങ്ങളും ഇതിനകം ചെറുപ്പക്കാരുടെ ഗ്രൂപ്പുകളില്‍ എത്തിക്കഴിഞ്ഞു.
യുകെയിലെ മലയാളി യുവത്വം എത്ര മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നു വെളിപ്പെടുത്തുകയാണ് ചൊറിച്ചില്‍ പാട്ട്. തങ്ങള്‍ക്കു അറിയുന്ന കാര്യങ്ങള്‍ തങ്ങളുടേതായ ഭാഷയില്‍ അവര്‍ പറഞ്ഞപ്പോള്‍ അവര്‍ക്കിടയില്‍ അത് തരംഗമായി. ഞങ്ങളോടുള്ള നിങ്ങളുടെ കാഴ്ചപ്പാടില്‍ ഞങ്ങള്‍ക്ക് നല്ലവണ്ണം ചൊറിയുന്നുണ്ട് എന്ന ലളിതമായ ഭാഷയിലാണ് ഈ റാപ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. മുഴുവന്‍ സ്വാതന്ത്രമാണ് എന്ന് പറയുമ്പോഴും സമൂഹവും മാതാപിതാക്കളും മതവും രാഷ്ട്രീയവുമെല്ലാം എങ്ങനെ നമ്മുടെ സ്വാതന്ത്രത്തില്‍ കൈകടത്തുന്നു എന്ന് പാട്ട് ചര്‍ച്ച ചെയ്യുന്നു. പാട്ടിന്റെ രീതി കേട്ട് ഏതോ തരികിട പിള്ളേരുടെ നേരംപോക്ക് എന്നൊന്നും കരുതേണ്ടതില്ല. പാട്ടിനെ അകമറിഞ്ഞു സ്‌നേഹിക്കുന്ന യുവമനസുകള്‍ തന്നെയാണ് ഈ പാട്ടിന്റെ പുറകില്‍ ഉള്ളത്. ജീവിതത്തില്‍ മെഡിക്കല്‍ പ്രൊഫഷനിലാണ് ഇവരില്‍ മിക്കവരും. എന്നാല്‍ മനസ് നിറയെ പാട്ടും സിനിമയും അടക്കമുള്ള കലയാണ് ഇവര്‍ക്ക്.
മികച്ച പാട്ടുകാരനും പാതി മലയാളിയും കൂടിയായ റെനിത് ഷെയ്ല്‍ ആണ് ഈ പാട്ടിന് പിന്നിലെ പ്രധാനി. കൂടെ ചങ്കുകളായി വിഘ്‌നേഷ് വ്യാസ്, ഇയ്യിടെ മലയാളത്തില്‍ സ്വപ്ന രാജ്യം എന്ന സിനിമ റിലീസ് ചെയ്ത രഞ്ജി വിജയന്‍ എന്നിവരും. സ്വപ്ന രാജ്യം സിനിമയിലും കാറ്റും കോളും അനുരാഗമായ് എന്ന രണ്ടു പാട്ടുകള്‍ പാട്ടു റെനിത് ചെയ്തിട്ടുണ്ട്. സൈഡ് പാര്‍ട്ടീഷന്‍ എന്ന പേരില്‍ ഒരു പാര്‍ട്ട് ടൈം മ്യൂസിക് ബാന്‍ഡ് പോലും ഈ സംഘത്തിന്റെ കയ്യില്‍ ഉണ്ട്. പാട്ടു തങ്ങള്‍ക്കു എത്ര പ്രിയപ്പെട്ടതാണെന്നു റെനിത് തെളിയിച്ചത് തന്റെ പാര്‍ട്ട് ടൈം സംഗീത ബാന്‍ഡിനെ ബിബിസി യില്‍ വരെ എത്തിച്ചാണ്. ചാനല്‍ നടത്തിയ മത്സരത്തില്‍ സെവന്‍ പീസ് സംഗീത ട്രൂപ് ആയ സൈഡ് പാര്‍ട്ടീഷന്‍ അവസാന റൗണ്ടിലെത്തിയിരുന്നു.
ചൊറിച്ചില്‍ സംവിധാനം ചെയ്തത് വിഘ്‌നേശ് വ്യാസ് ആണ്. വിഘ്‌നേഷ് സംവിധാനം ചെയ്ത പല ഷോര്‍ട്ട് ഫിലിമുകളും ചലചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസനൊപ്പവും വിഘ്‌നേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. റെനിത് ആണ് ചൊറിച്ചില്‍ വരികള്‍ ആക്കി, കംപോസ് ചെയ്തത്. പാട്ടിന് ദൃശ്യാ ഭംഗി നല്‍കിയത് വിഘ്‌നേഷിന്റെ ക്യാമറയാണ്. ഷൗവിക് ഘോഷാല്‍, രാംജിത്, രജിത് വില്‍ഫ്രഡ്, മഹേഷ് വ്യാസ്, ഇശ്മീല്‍ നോറിസ്, മുഹമ്മദ് ഹമീദ് എന്നീ സംഘമാണ് ക്യാമറക്കു മുന്നില്‍ എത്തിയത്. ഇതില്‍ റെനിതും രെജിതും വിഘ്‌നേഷും മഹേഷും സഹോദരങ്ങള്‍ ആണെന്ന പ്രത്യേകതയുമുണ്ട്. പാട്ടിന്റെ ലിങ്ക് ഡിപ്ക്രിപ്ഷന്‍ ബോക്‌സില്‍ കാണാം.
ഷോര്‍ട്ട് ഫിലിമുകള്‍, ബാന്‍ഡ് പ്രൊജക്ടുകള്‍, സോളോ പ്രോജക്റ്റുകള്‍, കവര്‍ സോംഗ് തുടങ്ങി 20 തോളം വര്‍ക്കുകള്‍ റെനിത് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനിയും സോളോ പ്രോജക്ടുകള്‍ ചെയ്യണമെന്നും മലയാളത്തിലെ പ്രശസ്തമായ ഗായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കണെന്നുമാണ് റെനിത്തിന്റെ ആ്ഗ്രഹം.