സ്വന്തം നിലപാടുകളും തുറന്നുപറച്ചിലുകളും കൊണ്ട് മാത്രമാണ് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായി മലയാള സിനിമയില്‍ തിളങ്ങുന്ന ഭാഗ്യലക്ഷ്മി മലയാളി മനസില്‍ ഇടം നേടിയത്. തുടര്‍ന്ന് നടിയായും താരം പേരെടുത്തു. ഭാഗ്യലക്ഷ്മി എന്ന പേരിനെ അന്വര്‍ഥമാക്കും വിധം നീണ്ട മുടിയും ശാലീന സൗന്ദര്യവുമാണ് താരത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ച് ഭാഗ്യലക്ഷ്മി തന്റെ പനങ്കുല പോലത്തെ മുടി മുറിച്ച് പുതിയ ലുക്കില്‍ എത്തിയിരിക്കയാണ്. ഇതോടെ നിരവധി കമന്റുകള്‍ താരത്തിനെതിരെ എത്തി. അതേസമയം മുടി കാന്‍സര്‍ റോഗികള്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ വേണ്ടി താരം ദാനം ചെയ്യുകയാണ് ഉണ്ടായത്.
ഭാഗ്യലക്ഷ്മി എന്നു കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓര്‍മ വരുന്നത് അഴിച്ചിട്ട നീണ്ട തലമുടിയാണ്. നീണ്ട ഇടതൂര്‍ന്ന മുടി എല്ലാവരുടെയും സ്വപ്‌നമാണ്. ഈ വേളയിലാണ് തന്റെ മുടി കാന്‍സര്‍ രോഗികള്‍ക്കായി ഭാഗ്യലക്ഷ്മി ദാനം ചെയ്തത്. വഴുതക്കാട് വിമന്‍സ് കോളേജില്‍ ക്യാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയി പോയപ്പോഴാണ് ഭാഗ്യലക്ഷ്മി തന്റെ മുടി ദാനം ചെയ്തത്. മുടി ഡോണേറ്റ് ചെയ്ത ചിത്രവും വീഡിയോയും താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ നിരവധി കമന്റുകളാണ് താരത്തെ തേടിയെത്തുന്നത്. നീണ്ട മുടി മുറിക്കണ്ടായിരുന്നു എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ചിലര്‍ ഒരു പടി കൂടി കടന്ന് താരത്തിന്റെ അഹങ്കാരം കാരണമാണ് മുടി മുറിച്ചതെന്നും പറഞ്ഞു. എന്നാല്‍ നീണ്ട മുടി മുറിച്ചതിന് പരാതി പറഞ്ഞവര്‍ക്ക് താരം മറുപടിയും നല്‍കിയിട്ടുണ്ട്. വെറും മുടിയല്ലേ സൗന്ദര്യം മനസിനകത്തല്ലേ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നുണ്ട്. മുടി മുറിച്ചതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെടുന്നത്. മുടിയായിരുന്നു ഭംഗിയെന്നും ഒരു കൂട്ടര്‍ പറയുന്നുണ്ട്. എന്നാല്‍ പുറമേയല്ല ഭംഗി അകത്താണ് ഭംഗിയെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഒരു അസുഖം വന്നാല്‍ പോകുന്നതാണ് മുടിയെന്നും. അപ്പോള്‍ സ്‌നേഹം പോകുമോ എന്നും താരം ചോദിക്കുന്നുണ്ട്. അതേസമയം ഭാഗ്യലക്ഷ്മിയുടെ തീരുമാനത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം മുടി മൊട്ടയടിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ അവിടെ മുറിക്കാനുള്ള സജ്ജീകരണങ്ങളേ സംഘാടകര്‍ ഒരുക്കിയിരുന്നുള്ളൂ എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. വഴുതക്കാട് വിമന്‍സ് കോളജില്‍ കാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കുമ്പോഴായിരുന്നു ഭാഗ്യലക്ഷ്മിയുടെ അപ്രതീക്ഷിത നീക്കം. ഏറെ കാലമായി മനസില്‍ ഇക്കാര്യം ഉണ്ടായിരുന്നെന്നും സുഹൃത്തുക്കളോടൊക്കെ പറയുമ്പോള്‍ അവര്‍ തടയുമായിരുന്നു എന്നും താരം പറയുന്നു. നീണ്ട മുടിയാണ് ഭംഗി, അത് മുറിക്കരുതെന്നൊക്കെ പറയും. അതുകൊണ്ട് ഇത്തവണ ഞാന്‍ ആരോടും പറഞ്ഞില്ലെന്നും തീരുമാനത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
രാവിലെ കുളി കഴിഞ്ഞ് അഴിച്ചിട്ട മുടിയുമായി ഞാന്‍ സ്റ്റേജില്‍ കയറി മുടി ദാനം ചെയ്യുന്നതിന്റെ മഹത്വത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അവിടെയുള്ള ഒരു കുട്ടിയെങ്കിലും മനസില്‍ വിചാരിക്കില്ലേ, നീണ്ട മുടിയും അഴിച്ചിട്ടാണല്ലോ ഞാനീ പറയുന്നതെന്ന്. വാക്കിലല്ല, നമ്മുടെ പ്രവൃത്തിയിലാണ് കാര്യം. ഞാനീ ചെയ്തത് ആര്‍ക്കെങ്കിലും പ്രചോദനമായിട്ടുണ്ടെങ്കില്‍ അത്രയും സന്തോഷമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. നമ്മുടെ ഐഡന്റിറ്റി എന്നത് മുടിയിലോ രൂപത്തിലോ ഒന്നുമല്ല, ചെയ്യുന്ന ജോലിയിലാണ്. മുടിയൊക്കെ വേണമെങ്കില്‍ പിന്നെയും വളര്‍ന്നോളും. എനിക്കൊരു അസുഖം വന്നാലും മുടി പോകില്ലേ. അപ്പോള്‍ ആളുകള്‍ എന്നെ മറക്കുമോ? എന്നും മുടി മുറിച്ചത് ഐഡന്റിറ്റിയെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഭാഗ്യലക്ഷ്മി പറയുന്നു.