സിനിമാ താരങ്ങള്‍ക്കെതിരെയുളള ഭീഷണിയും അക്രമങ്ങളും പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ മലയാള സിനിമയില്‍ അത്തരത്തിലുളള അക്രമങ്ങളുടെ വാര്‍ത്തകള്‍ ഉണ്ടാകുന്നത് വളരെ കുറവാണ്. എന്നാല്‍ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ തനിക്ക് നേരെ സംഭവിച്ച വധശ്രമത്തിന് കേസ് നല്‍കിയതോടെ ആരാധകര്‍ ഞെട്ടലിലായിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ് രാത്രി നടന്ന സംഭവമാണെങ്കിലും ഇന്നലെ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം നടത്തിയ വ്യക്തിയെ പോലീസ് പിടികൂടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിന്ന് കണ്ണൂരിലേയ്ക്ക് പോകാന്‍ രാത്രി മാവേലി എക്‌സ്പ്രസ് കാത്തു നില്‍ക്കവെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍വെച്ചായിരുന്നു സംഭവം നടന്നത്. അഞ്ജാതനായ മധ്യവയസ്‌കന്‍ ആദ്യം താരത്തിന്റെ അടുത്ത് എത്തുകയും അസഭ്യ വര്‍ഷം നടത്തുകയായിരുന്നു. പിന്നീട് ഇയാളുടെ കയ്യിലുള്ള കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ ശബ്ദംകേട്ട് മറ്റു യാത്രക്കാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു
തുടര്‍ന്ന് തീവണ്ടിയില്‍ കണ്ണൂരിലെത്തിയ കുഞ്ചാക്കോ ബോബന്‍ രാവിലെ പാലക്കാട് റെയില്‍വേ പോലീസ് ഡിവിഷനില്‍ ഫോണിലൂടെ പരാതി നല്‍കുകയും കണ്ണൂര്‍ റെയില്‍വേ എസ്ഐ സുരേന്ദ്രന്‍ കല്യാടന്‍ തളിപ്പറമ്പിലെ ഹോട്ടലില്‍ താമസിച്ചിരുന്ന നടന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച വൈകിട്ട് എറണാകുളം റെയില്‍വെ പൊലീസിലും കുഞ്ചാക്കോ ബോബന്‍ പരാതി നല്‍കിയിരുന്നു ഇതിന് പിന്നാലെയാണ് എറണാകുളം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍ നിന്ന് റെയില്‍വേ പോലീസ് അക്രമിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഇയാള്‍ക്കെതിരെ വധ ശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. ഇയാളുടെ പേര് സ്റ്റാന്‍ലി ജോസഫ് എന്നാണെന്നും മാനസിക രോഗിയാണെന്നും പോലീസ് മലയാളി ലൈഫിനോട് പറഞ്ഞു. 76 കാരനായ ഇയാളെ പലപ്പോഴും റെയില്‍വെ ഫ്‌ളാറ്റ്‌ഫോമില്‍ കണ്ടിട്ടുണ്ടെന്നും അലഞ്ഞുതിരിഞ്ഞ് നടക്കാറാണ് പതിവെന്നും റെയില്‍വേസ്റ്റേഷന് സമീപത്തെ കച്ചവടക്കാരും പറയുന്നുണ്ട്. പ്രതിയെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. 76 വയസുണ്ടെങ്കിലും പ്രതി ആരോഗ്യവാനാണ്. ചോദ്യം ചെയ്യലിനോട് തീരെ സഹകരിക്കുന്നില്ല. പ്രതി പറഞ്ഞ വിലാസം അനുസരിച്ച് തോപ്പുംപടി, ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്നും റെയില്‍വെ പൊലീസ് മലയാളി ലൈഫിനോട് പറഞ്ഞു.