ബോളിവുഡില്‍ ഏറെ കോലാഹലം സൃഷ്ടിച്ച പ്രണയങ്ങളില്‍ ഒന്നായിരുന്നു മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ള ബന്ധം. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം തന്നെയായിരുന്നു ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചത്. അര്‍ജുനെക്കാളും 11 വയസ് കൂടുതലാണ് മലൈകയ്ക്ക്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ഗോസിപ്പ് കോളങ്ങളില്‍ സജീവമായിരുന്നു. ഇപ്പോഴിതാ, ആ വാര്‍ത്തകള്‍ സത്യമെന്നു സമ്മതിച്ചിരിക്കുകയാണ് അര്‍ജുന്‍. താനിപ്പോള്‍ സിംഗിള്‍ ആണെന്ന് അര്‍ജുന്‍ വ്യക്തമാക്കുന്നു.
മുംബൈ ശിവാജി പാര്‍ക്കില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ, ആരാധകര്‍ മലൈകയുടെ പേര് ആവര്‍ത്തിച്ച് വിളിച്ചതിനാലാണ് അര്‍ജുന്‍ പ്രതികരിച്ചത്. 'റിലാക്സ് ആയിരിക്കൂ ഞാന്‍ ഇപ്പോള്‍ സിംഗിള്‍ ആണ്'.- അര്‍ജുന്‍ പറഞ്ഞു. എന്നാല്‍ മലൈക ഇതുവരെ വേര്‍പിരിയല്‍ വാര്‍ത്തയോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. അര്‍ജുന്‍ കപൂറിന്റെ ഈ വിഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
അര്‍ജുന്‍ കപൂറും മലൈക അറോറയും 2018 മുതല്‍ ഡേറ്റിങിലായിരുന്നു. 2017-ല്‍ അര്‍ബാസ് ഖാനെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് മലൈക അര്‍ജുന്‍ ബന്ധം ബോളിവുഡ് അറിഞ്ഞത്. തുടര്‍ന്ന് ബോളിവുഡിലെ പല പാര്‍ട്ടികളിലും ഔദ്യോഗിക പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ടായിരുന്നു.
മലൈക മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായുള്ള വിവാഹമോചന നടപടികളുടെ നടുവിലാണ് അര്‍ജുന്റെ പേര് മലൈകയോടൊപ്പം വായിച്ചുതുടങ്ങുന്നത്. 2017-ല്‍ അവര്‍ മാനസികമായ തകര്‍ന്നു നില്‍ക്കുന്ന കാലത്ത് സുഹൃത്തായി അര്‍ജുന്‍ മലൈകയുടെ കൂടെയുണ്ടായിരുന്നു. 2016-ലാണ് അവര്‍ അര്‍ബാസുമായി പിരിയുന്നുവെന്ന തീരുമാനം ലോകത്തെയറിയിച്ചത്.19 വര്‍ഷത്തെ ദാമ്പത്യബന്ധമാണ് 2017-ല്‍ മെയ് 11-ന് മലൈകയും അര്‍ബാസും അവസാനിപ്പിച്ചത്..