കഴിഞ്ഞ ദിവസം നടന്‍ രവി മോഹന്‍ (ജയം രവി) തന്റെ വിവാഹമോചനത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഭാര്യ ആര്‍തി രവിയ്ക്കും അവരുടെ അമ്മയ്ക്കുമെതിരെ ഗുരുതരമായ വെളിപ്പെടുത്തലാണ് ജയം രവി നടത്തിയത്. ഇപ്പോഴിതാ ജയം രവിയുടെ ആരോപണങ്ങളില്‍ മറുപടിയുമായെത്തിയിരിക്കുകയാണ് ആര്‍തി. തങ്ങളുടെ ബന്ധം തകരാന്‍ കാരണം മൂന്നാമതൊരാളുടെ സാന്നിധ്യമാണെന്ന് ആര്‍തി പറയുന്നു
രവിയുടെ സുഹൃത്തും ഗായികയുമായ കെനിഷ ഫ്രാന്‍സിസിന്റെ പേരെടുത്തു പറയാതെയാണ് പുതിയ കുറിപ്പിലൂടെ ആര്‍തി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിക്കുന്നതിനു മുമ്പ് തൊട്ട് ഈ വ്യക്തി ജീവിതത്തിലുണ്ടായിരുന്നുവെന്നും ജയം രവി പറയുന്നത് മുഴുവന്‍ നുണയാണെന്നും ആര്‍തി കുറിച്ചു.
അവസാനമായി പേടിയില്ലാതെ ചില സത്യങ്ങള്‍ തുറന്നുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്തിടെ നടന്ന ചില അസത്യ പ്രസ്താവനകള്‍ കേട്ടിട്ട് ഒരിക്കല്‍ കൂടി തുറന്നു സംസാരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഞാന്‍ കാണുന്നില്ല. സത്യം എന്നെങ്കിലും പറഞ്ഞേ മതിയാകൂ. പണമോ അധികാരമോ ആവശ്യമില്ലാത്ത ഇടപെടലോ ഇവയൊന്നുമല്ല ഞങ്ങളുടെ വിവാഹബന്ധം തകരാന്‍ കാരണം.
ഞങ്ങളുടെ കുടുംബജീവിതത്തിനിടയില്‍ മൂന്നാമതൊരു വ്യക്തിയുണ്ടായിരുന്നു. ഞങ്ങളെ തകര്‍ത്തത് ഞങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളല്ല മറിച്ച് പുറത്തുള്ള ഒരാളായിരുന്നു. 'നിങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം' ഞങ്ങളിലേക്ക് ഇരുട്ട് മാത്രമാണ് കൊണ്ടുവന്നത്. അതാണ് സത്യം. വിവാഹമോചനത്തിനായി കേസ് ഫയല്‍ ചെയ്യുന്നതിന് എത്രയോ മുന്‍പ് തന്നെ ഈ വ്യക്തി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇതെന്റെ ഊഹമല്ല തെളിവുകളുള്ള കാര്യമാണ്.
ഭര്‍ത്താവിനെ അമിതമായി നിയന്ത്രിക്കുന്ന ഭാര്യ എന്ന പഴി എനിക്കുണ്ട്. പക്ഷേ എന്റെ ഭര്‍ത്താവിനെ സ്വഭാവദൂഷ്യങ്ങളില്‍ നിന്നും ദോഷകരമായ ശീലങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്തിനുവേണ്ടി അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചത് തെറ്റാണെങ്കില്‍ അത് ഞാന്‍ സമ്മതിക്കുന്നു. പ്രേരിപ്പിക്കുന്നുവെങ്കില്‍, അങ്ങനെയാകട്ടെ. സ്‌നേഹവതിയായ ഏതൊരു ഭാര്യയും അവരുടെ ഭര്‍ത്താവിന്റെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ.
അങ്ങനെ ചെയ്യാത്ത സ്ത്രീകള്‍ക്ക്, സമൂഹം പലപ്പോഴും വളരെ മോശമായ ലേബലുകള്‍ ആണ് നല്‍കുന്നത്. ദുഷ്‌കരമെന്നു പറയപ്പെട്ട കാലഘട്ടങ്ങളില്‍ പോലും, ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ കെട്ടുറപ്പുള്ളതായിരുന്നുവെന്നും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഉള്‍പ്പടെ ഞങ്ങളോട് സ്‌നേഹം പങ്കിട്ടിരുന്നുവെന്നുമുള്ളതിന് ഞങ്ങളുടെ സോഷ്യല്‍ മീഡിയ തന്നെ തെളിവാണ്. അവസാന ദിവസം വരെ, മറ്റ് പലരെയും പോലെ സ്‌നേഹവും, വിയോജിപ്പുകളും, ഒരേ സ്വപ്നങ്ങളും, ഇടയ്ക്കിടെയുള്ള ഏറ്റുമുട്ടലുമുള്ള ഒരു യഥാര്‍ഥ കുടുംബജീവിതമാണ് ഞങ്ങള്‍ നയിക്കുന്നതെന്നാണ് എന്നെ വിശ്വസിപ്പിച്ചിരുന്നത്.
വീട് വിട്ടിറങ്ങിയത്, എല്ലാ സ്ഥാവരജംഗമ വസ്തുക്കളും അന്തസ്സും നഷ്ടപ്പെട്ടാണെന്നു പറഞ്ഞല്ലോ, സത്യം എന്താണെന്നോ? ബ്രാന്‍ഡഡ് സ്നീക്കേഴ്സും മുഴുവന്‍ വസ്ത്രങ്ങളും ധരിച്ച്, വാലറ്റും റേഞ്ച് റോവറി എടുത്ത് ഒപ്പം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന മറ്റെല്ലാ സാധനങ്ങളും എടുത്തുകൊണ്ടാണ് അയാള്‍ പോയത്. ഞാന്‍ അയാളെ നാടുകടത്തിയതല്ല മറിച്ച് ശാന്തമായി, ബോധപൂര്‍വം ഒരു പദ്ധതി പ്ലാന്‍ ചെയ്ത് അത് നടപ്പാക്കാനാണ് അയാള്‍ വീടുവിട്ടത്.
എന്റെ പിടിയില്‍ നിന്നു ശരിക്കും രക്ഷപ്പെട്ട് ഓടുകയായിരുന്നുവെങ്കില്‍ അയാള്‍ ഞാന്‍ ഉപേക്ഷിച്ചു എന്നു പറയപ്പെടുന്ന അയാളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. പകരം, ഞങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ നാശം വിതയ്ക്കുന്ന മറ്റൊരു വാതിലില്‍ ആണ് അയാള്‍ മുട്ടിയത്. ഒരു രക്ഷാ ദൗത്യത്തെ നീതിപൂര്‍വമായ ഒരു കൂടിച്ചേരലായി തെറ്റിദ്ധരിക്കരുത്.
അധിക്ഷേപിച്ച് തടവറയില്‍ പൂട്ടിയിട്ടു എന്ന് പറയുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് എന്നെ വിട്ടുപോകാന്‍ ഇത്രയും വര്‍ഷങ്ങള്‍ കാത്തിരിക്കുന്നത്? ജീവിതം തീരെ ദുസ്സഹമായിരുന്നെങ്കില്‍ എന്തിനാണ് എന്നോടൊപ്പം വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിക്കുകയും കുടുംബവുമൊത്ത് ഒരുമിച്ച് അവധിക്കാലം ചെലവഴിക്കാന്‍ പോവുകയും മറ്റും ചെയ്തത്? ചില കാര്യങ്ങള്‍ തുറന്നു ചോദിക്കുന്നതുവരെ അയാള്‍ എല്ലാ സ്വാതന്ത്ര്യത്തോടെയുമാണ് ഇവിടെ താമസിച്ചത്. രഹസ്യങ്ങള്‍ സുരക്ഷിതമല്ല എന്നുവന്നപ്പോഴാണ് വീടു വിട്ടുപോകാന്‍ തീരുമാനിച്ചത് അല്ലാതെ പേടിച്ചിട്ടല്ല.
എന്റെ വീട്ടില്‍ വലിഞ്ഞു കയറിവന്നു താമസിക്കുന്ന മരുമകന്‍ ആണ് അയാളെന്ന തെറ്റിദ്ധാരണ അടിസ്ഥാനരഹിതമാണ്, കാരണം ഞങ്ങള്‍ വിവാഹിതരായ ദിവസം മുതല്‍ അയാളുടെ മാതാപിതാക്കളുടെ വീട്ടിലും അല്‍വാര്‍പേട്ടിലെയും ഇസിആറിലെയും ഞങ്ങളുടെ രണ്ട് വീടുകളിലും മാത്രമാണ് മാറി മാറി താമസിച്ചിരുന്നത്. കോവിഡ് കാലത്ത് വീട്ടില്‍ നിന്ന് മാറിത്താമസിക്കേണ്ടി വന്നപ്പോള്‍ മാത്രമാണ് എന്റെ മാതാപിതാക്കളുടെ ഒപ്പം കുറച്ചുദിവസം താമസിച്ചത്. നമ്മുടെ കുട്ടികള്‍ ആയുധങ്ങളല്ല.
മാതൃത്വം ഒരിക്കലും ഒരു വിക്ടിം കാര്‍ഡായി ഉപയോഗിക്കരുത്, മറിച്ചു പറയുന്നവര്‍ അമ്മ എന്ന വാക്കിന്റെ ആഴമേറിയ അര്‍ഥം ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവരാണ്. കഴിഞ്ഞ വര്‍ഷം കുട്ടികളുടെ അച്ഛന്‍ സ്വന്തം ഇഷ്ടപ്രകാരം അവരെ നാല് തവണ കണ്ടിട്ടുണ്ട്. അവരുടെ ഫോണുകള്‍ ഒരിക്കലും ബ്ലോക്ക് ചെയ്തിട്ടില്ല. അവരുടെ ഹൃദയം തകര്‍ന്നത് അയാളുടെ അഭാവത്താലാണ്. അയാള്‍ക്ക് ഈ ബന്ധം തുടരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ സ്‌നേഹമുള്ള ഒരച്ഛനെ തടയാന്‍ ഒരു ബൗണ്‍സര്‍ക്കും കഴിയില്ല.
പരിചിതമായ സ്ഥലങ്ങളിലോ മുത്തച്ഛന്റെ വീട്ടിലോ ഞങ്ങളുടെ ഓഫിസിലോ മാത്രമേ തങ്ങള്‍ക്ക് സുരക്ഷിതമായി പിതാവിനെ കാണാന്‍ കഴിയൂ എന്ന് കുട്ടികള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അവരുടെ സമാധാനം കവര്‍ന്ന ഒരാളുമായി അവരുടെ അച്ഛന്‍ ജീവിക്കുന്ന ഇടത്തേക്ക് ചെല്ലാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നത് അവര്‍ കൂടുതല്‍ അയാളില്‍ നിന്ന് അകന്നുപോകാന്‍ കാരണമാവുകയേ ഉള്ളൂ. കുട്ടികളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു എന്ന് പറയുന്ന പിതാവ് ഇന്നുവരെ അവരെ സന്ദര്‍ശിക്കണം എന്നോ കസ്റ്റഡി വേണമെന്നോ ആവശ്യപ്പെട്ടിട്ടില്ല.
ഞങ്ങള്‍ക്ക് ചെറിയൊരു കാര്‍ അപകടം സംഭവിച്ചിരുന്നു, കുട്ടികള്‍ക്ക് പരിക്കൊന്നും പറ്റിയിരുന്നില്ല. ഞങ്ങളുടെ കാര്‍ പണി ചെയ്തിറക്കാന്‍ വേണ്ടി ഇന്‍ഷുറന്‍സ് സഹായം തേടേണ്ടി വന്നു. അവരുടെ അച്ഛന്‍ വിദേശത്തായതിനാല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് ഞങ്ങള്‍ നേരെ ഓഫിസിലേക്ക് ചെന്നു. പക്ഷേ ഞങ്ങളുടെ കൂടി ഉടമസ്ഥതയിലുള്ള ഓഫിസ് കെട്ടിടത്തില്‍ നിന്ന് ഒരു ബൗണ്‍സര്‍ ഞങ്ങളെ ആട്ടിയോടിക്കുകയാണ് ചെയ്തത്. അയാളെ പീഡിപ്പിച്ചു എന്ന് പറയുന്നത് ശരിക്കും തമാശ തന്നെ.
ആറടി ഉയരമുള്ള ആരോഗ്യദൃഢഗാത്രനായ ഒരു പുരുഷനെ 5 അടി 2 ഇഞ്ച് ഉയരമുള്ള ഒരു ചെറിയ സ്ത്രീ എങ്ങനെയാണ് ബന്ദിയാക്കിയെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. അയാള്‍ ഞങ്ങളോടൊപ്പം താമസിച്ചത് ബലപ്രയോഗത്തിലൂടെയല്ല അയാളുടെ തന്നെ താല്പര്യം കൊണ്ടായിരുന്നു. അയാളുടെ ജോലിയും ജീവിതവും സുഗമമായി നടക്കാന്‍ വേണ്ടി യുകെയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി ജോലി ചെയ്യാന്‍ തയാറെടുത്ത എന്നെ 15 വര്‍ഷത്തേക്ക് സ്വന്തം കരിയറും സ്വപ്നങ്ങളും ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. എന്നെ ജീവിതകാലം മുഴുവന്‍ സംരക്ഷിച്ചുകൊള്ളാമെന്ന് പറഞ്ഞ വാഗ്ദാനവും നിറവേറ്റിയില്ല.
ഞാന്‍ കുടുംബബന്ധത്തിന്റെ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, എനിക്ക് സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാമായിരുന്നു. ആഡംബരജീവിതം നയിച്ച് സമ്പത്ത് നശിപ്പിച്ചു എന്ന് അയാള്‍ പറയുന്നതിന്റെ ഇരട്ടിയിലധികം എനിക്ക് സമ്പാദിക്കാമായിരുന്നു. ഞങ്ങള്‍ എടുത്ത എല്ലാ സാമ്പത്തിക തീരുമാനവും ഒരുമിച്ച് എടുത്തതാണ്. അതിന്റെയെല്ലാം രേഖകള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. ആ വസ്തുതകള്‍ ഞാന്‍ കോടതിയില്‍ ഹാജരാക്കും. ഇത്രയും അസത്യ പ്രചാരണങ്ങള്‍ എനിക്കെതിരെ നടത്തിയിട്ടും എന്നോട് കാണിച്ച ദയയ്ക്കും സഹാനുഭൂതിക്കും ഞാന്‍ മാധ്യമങ്ങളോടും, സോഷ്യല്‍ മീഡിയയോടും, പൊതുജനങ്ങളോടും കടപ്പെട്ടിരിക്കുന്നു.
ഇതുപോലുള്ള നിമിഷങ്ങളില്‍ നിശബ്ദമായ പിന്തുണ പോലും വളരെയധികം പ്രധാനമാണ്, എന്നെ പിന്തുണച്ച എല്ലാവരോടും ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു. എന്റെ രണ്ട് പ്രിയ യോദ്ധാക്കളോടും എന്റെ കുടുംബങ്ങളിലെ തീരെ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരോടും എന്റെ പ്രിയ സുഹൃത്തുക്കളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇതൊന്നും തുറന്നു പറഞ്ഞ് കുടുംബത്തിന്റെ അന്തസ്സ് കെടുത്തുന്ന പണി ചെയ്യാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന് നിങ്ങള്‍ക്കറിയാം.
ഈ കൊടുങ്കാറ്റിനെ തലയുയര്‍ത്തിപ്പിടിച്ച് നേരിട്ട് നമ്മുടെ കുടുംബം സുരക്ഷിതമായ ഒരു നിലയിലേക്ക് തിരിച്ചെത്തുമെന്ന് ഞാന്‍ വാക്കുനല്‍കുന്നു.18 വര്‍ഷത്തെ കുടുംബജീവിതത്തിനു ശേഷം നിങ്ങള്‍ക്ക് അന്തസ്സോടെ വേര്‍പിരിയാമായിരുന്നു, പകരം നിങ്ങളുടെ തെറ്റുകള്‍ മറയ്ക്കാന്‍ നിങ്ങള്‍ എന്നെ തീയിലേക്ക് വലിച്ചെറിഞ്ഞു. ഇന്ന് എന്റെ അന്തസും സത്യസന്ധതയും പൊതുജനങ്ങളുടെ മുമ്പാകെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.
സത്യം അറിയുന്ന ഒരേ ഒരാളായ എന്റെ ഭര്‍ത്താവ് എനിക്കുവേണ്ടി നിലകൊള്ളില്ല എന്നെനിക്കറിയാം, അത് അദ്ദേഹത്തിന് കഴിയാത്തതുകൊണ്ടല്ല, മറിച്ച് അയാളുടെ നിശബ്ദതയ്ക്ക് മറ്റൊരു ഉദ്ദേശം ഉള്ളതുകൊണ്ടാണ്. അദ്ദേഹത്തിന് സമാധാനം ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. പക്ഷേ എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്നയാളെ അധിക്ഷേപിച്ചുകൊണ്ട് ഒരിക്കലും സമാധാനം തേടരുത്.
ഞാന്‍ ദുര്‍ബലയല്ല. സഹതാപം യാചിക്കാനല്ല ഞാന്‍ ഇതെഴുതുന്നത്. എന്റെ പ്രിയപ്പെട്ടവരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനും, നിശബ്ദമാക്കപ്പെട്ട ദശലക്ഷക്കണക്കിന് മനുഷ്യരോട് ഐക്യദാര്‍ഢ്യം പുലര്‍ത്താനും വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ഇതിനപ്പുറം ഞാന്‍ ഇനിയൊന്നും പറയില്ല. കാരണം ഞാന്‍ ഇപ്പോഴും നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നു.''ആര്‍തി കുറിച്ചു.