ജിത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അന്‍സിബ. നടിയായും പാട്ടുകാരിയായും അവതാരികയായുമൊക്കെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയയാണ് താരം. ദൃശ്യത്തിനു ശേഷമുളള ഇടവേളയ്ക്കു ശേഷം പഠനം പൂര്‍ത്തീകരിച്ച് ഇനി സിനിമയുടെ സാങ്കേതികവശങ്ങളെ കുറിച്ച് ഉപരിപഠനത്തിനൊരുങ്ങുകയാണ് അന്‍സിബ. സിനിമകഴിഞ്ഞാല്‍ അന്‍സിബ ഏറ്റവും ഇഷ്ടപ്പെടുന്നത് ഡ്രൈവിംഗ് ആണ്.വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പ്രേമമാണ് കൊച്ചിയില്‍ താമസമാക്കിയ ഈ കോഴിക്കോട്ടുകാരിക്ക്. തന്റെ ഓവര്‍ സ്പീഡ് കാരണം ഇഷ്ടപ്പെട്ട വണ്ടി വരെ വില്‍ക്കേണ്ടി വന്നു എന്ന് താരം പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അന്‍സിബ തനിക്ക് വാഹനങ്ങളോടുളള പ്രേമം വ്യക്തമാക്കിയത്.
വീട്ടിലേക്ക് ആദ്യമെത്തിയ കാര്‍ ഒരു മാരുതി എ സ്റ്റാര്‍ ആയിരുന്നു. തങ്ങള്‍ ആറു മക്കളാണ്. പിന്നീട് കുറേക്കാലം തങ്ങളുടെ വലിയ കുടുംബത്തിന്റെ സന്തതസഹചാരിയായിരുന്നു ആ ചെറിയ കാറെന്നു അന്‍സിബ പറയുന്നു. അതിന്റെ പിന്‍സീറ്റിലിരുന്നു മാത്രം കാഴ്ചകള്‍ കണ്ട കാലം. എന്നെങ്കിലും സ്വന്തമായി ഒരു കാര്‍ വാങ്ങുമെന്ന് അന്ന് സ്വപ്നം പോലും കണ്ടിട്ടുണ്ടാകില്ലെന്ന് താരം പറയുന്നു. അന്‍സിബയ്ക്ക് നാല് ആങ്ങളമാരാണ്. നാലുപേരും വാഹനപ്രേമികള്‍. . അവരിലൂടെയാണ് തനിക്കും വാഹനങ്ങളോട് ഇഷ്ടം തോന്നിത്തുടങ്ങുന്നതെന്നും ലൈസന്‍സ് എടുത്ത ശേഷം താനും പതിയെ കാറിന്റെ ഡ്രൈവിങ് സീറ്റ് ചോദിച്ചു വാങ്ങിയെന്നും അന്‍സിബ പറയുന്നു. സിനിമയില്‍ എത്തിയ ശേഷം അന്‍സിബ ആദ്യം സ്വന്തമാക്കിയത് ഒരു ഫോക്‌സ്വാഗണ്‍ പോളോ ജിടി ആയിരുന്നു. സെവന്‍ സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സാണ്. മികച്ച പവറും സേഫ്റ്റിയും കംഫര്‍ട്ടുമുള്ള വാഹനം. കോയമ്പത്തൂരിലായിരുന്നു അന്‍സിബയുടെ കോളജ് വിദ്യാഭ്യാസം. കൊച്ചിയില്‍ ഒരു ഫ്‌ലാറ്റുണ്ട്. കൊച്ചിയില്‍നിന്നും കോയമ്പത്തൂരിലേക്ക് സ്ഥിരം കാറിലായിരുന്നു യാത്ര. ഒറ്റയ്ക്ക് വിടാന്‍ പേടിയായതുകൊണ്ട് അച്ഛനോ ആങ്ങളമാരോ ഒപ്പം ഉണ്ടാകും.
അകത്തിരിക്കുമ്പോള്‍ നമ്മള്‍ ഇത്ര വേഗത്തിലാണ് പോകുന്നതെന്ന് തോന്നുകയേയില്ല. മുത്തശ്ശി തന്റെ സ്പീഡിന്റെ ആരാധികയാണെന്നും അന്‍സിബ പറയുന്നു. അതുകൊണ്ട് മുത്തശ്ശിയുടെ കൂടെ ലോങ്ങ് ഡ്രൈവ് പോകാന്‍ സുഖമാണ്. ബാക്‌സീറ്റ് ഡ്രൈവിങ് ഉണ്ടാകില്ല. തന്റെ ഓവര്‍ സ്പീഡിനെ കുറിച്ച് സ്ഥിരം പരാതിയായപ്പോള്‍ വീട്ടുകാര്‍ മുന്‍കയ്യെടുത്ത് ആ വണ്ടി വിറ്റുവെന്നും അന്‍സിബ പറയുന്നു. എന്നിട്ട് ഒരു നിസ്സാന്‍ മൈക്ര വാങ്ങി നല്‍കി. ആദ്യമൊക്കെ വിഷമം ആയെങ്കിലും പതിയെ താന്‍ മൈക്രയുമായി കൂട്ടുകൂടിയെന്നും അന്‍സിബ പറയുന്നു. തമിഴ് നാട്ടിലെ നാഗൂര്‍ പളളിയില്‍ പോയാതാണ് താന്‍ ഓര്‍ത്തിരിക്കുന്ന ലോങ് ഡ്രൈവെന്നും അന്‍സിബ പറയുന്നു. തമിഴ്നാട്ടിലെ നാഗൂര്‍ പള്ളിയില്‍ മുത്തശ്ശിക്ക് ഒരു നേര്‍ച്ചയുണ്ടായിരുന്നു. മൈക്രയിലാണ് യാത്ര. താനും മുത്തശ്ശിയും രണ്ടു ആങ്ങളമാരും കൂടെയുണ്ട്. കൊച്ചി മുതല്‍ നാഗൂര്‍ വരെ ഡ്രൈവിങ് സീറ്റ് വിട്ടു കൊടുത്തില്ലെന്നും നാഗൂരെത്തിയപ്പോള്‍ അന്നാദ്യമായി എന്തോ നേട്ടം സ്വന്തമാക്കിയ പോലെയായിരുന്നുവെന്നും അന്‍സിബ പറയുന്നു. സിനിമ കഴിഞ്ഞാന്‍ തന്റെ ഇഷ്ടം ഡ്രൈവിങ്ങാണെന്നും താരം പറയുന്നു.