കിടപ്പു മുറിയില്‍ നിന്നും വിളിച്ചിറക്കി അറസ്റ്റിന് ശ്രമം; പ്രാതല്‍ കഴിക്കാന്‍ സമയം അനുവദിക്കണമെന്ന ആവശ്യവും പോലീസ് തള്ളി; അച്ഛനും ഭാര്യയും നടനെ കൊണ്ടു പോകാനാകില്ലെന്ന് പറയുന്നതിനിടെ ബലപ്രയോഗം; വാക്കേറ്റം തുടരുന്നതിനിടെ സിനിമാ സ്റ്റൈല്‍ അകത്താക്കല്‍;അറസ്റ്റിനോട് അല്ലു അര്‍ജുന്‍ പ്രതികരിച്ചതും സിനിമാ സ്‌റ്റൈലില്‍ 

Malayalilife
 കിടപ്പു മുറിയില്‍ നിന്നും വിളിച്ചിറക്കി അറസ്റ്റിന് ശ്രമം; പ്രാതല്‍ കഴിക്കാന്‍ സമയം അനുവദിക്കണമെന്ന ആവശ്യവും പോലീസ് തള്ളി; അച്ഛനും ഭാര്യയും നടനെ കൊണ്ടു പോകാനാകില്ലെന്ന് പറയുന്നതിനിടെ ബലപ്രയോഗം; വാക്കേറ്റം തുടരുന്നതിനിടെ സിനിമാ സ്റ്റൈല്‍ അകത്താക്കല്‍;അറസ്റ്റിനോട് അല്ലു അര്‍ജുന്‍ പ്രതികരിച്ചതും സിനിമാ സ്‌റ്റൈലില്‍ 

ല്ലു അര്‍ജുനനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയത് ജയിലില്‍ അടയ്ക്കാന്‍ തന്നെ. പുഷ്പ 2 ന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍. ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. 5 മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, ഈ കേസുകളില്‍ മജിസ്‌ട്രേറ്റിന് ജാമ്യം നല്‍കാന്‍ കഴിയും. 

അതുകൊണ്ട് തന്നെ താരത്തിന് ജാമ്യം കിട്ടുന്നതില്‍ മജിസ്ട്രേട്ടിന്റെ തീരുമാനം നിര്‍ണ്ണായകമാകും. അല്ലു അര്‍ജുനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. നമ്പള്ളി മജിസ്‌ട്രേറ്റിന് മുന്നിലാകും ഹാജരാക്കുക. മെഡിക്കല്‍ പരിശോധന ഓസ്മാനിയ മെഡിക്കല്‍ കോളേജിലാണ് നടക്കുക. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ചാണ് അല്ലു അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് എത്തിയപ്പോള്‍ അല്ലു അര്‍ജുന്‍ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. കിടപ്പ് മുറിയില്‍ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു അര്‍ജുന്‍ ചോദിച്ചു. പ്രാതല്‍ കഴിക്കാന്‍ സമയം തരണം എന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റമുണ്ടായി. പോലീസ് അതിന് അനുവദിച്ചില്ലെന്നാണ് സൂചന.

അച്ഛന്‍ അല്ലു അരവിന്ദും ഭാര്യ സ്നേഹ റെഡ്ഢിയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലും വാക്കേറ്റമുണ്ടായതിനിടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘം അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് സ്വദേശിയായ രേവതി (39)യാണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 

അല്ലു അര്‍ജുന്‍ തിയേറ്ററില്‍ എത്തുമെന്ന വിവരം ലഭിച്ചതോടെ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തുകയായിരുന്നു. തിരക്കേറിയതോടെ ആളുകള്‍ തിക്കും തിരക്കുമായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശിയിരുന്നു. അതിനിടയില്‍പ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേര്‍ ബോധംകെട്ടു വീണു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ലാത്തി വീശലാണ് യഥാര്‍ത്ഥത്തില്‍ അവിടെ തിക്കും തിരക്കും കൂട്ടിയതും ആളുകള്‍ ഓടേണ്ടി വന്ന സാഹചര്യമൊരുക്കിയതും. എന്നാല്‍ കേസെടുത്തത് അല്ലു അര്‍ജുനെതിരേയും. 

അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇതിന് കാരണമെന്ന് ഹെദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി അന്ന് പറഞ്ഞിരുന്നു. നടന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റര്‍ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചത് അവസാന നിമിഷം മാത്രമാണെന്ന് ആരോപണം. തുറന്ന ജീപ്പിലാണ് താരവും കുടുംബവും തിയറ്ററില്‍ എത്തിയത്. താരത്തെ കണ്ടതോടെ ആളുകള്‍ തിക്കിത്തിരക്കി എത്തുകയായിരുന്നു. ഇങ്ങനെ എത്തിയ ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മര്‍ദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നുവെന്നാണ് ആരോപണം. തുടര്‍ന്നാണ് പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടിവന്നത് എന്നാണ് പറയുന്നത്. യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

 എന്നാല്‍, തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നടന്‍ അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഡിസംബര്‍ നാല് ബുധനാഴ്ച രാത്രി 11 മണിക്ക് പ്രീമിയര്‍ ഷോ നടക്കുന്ന ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 35-കാരിയായ രേവതിക്ക് ജീവന്‍ നഷ്ടമായത്. കേസില്‍ അറസ്റ്റ് ഉള്‍പ്പടെ തനിക്കെതിരെയുള്ള തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് അല്ലു അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചിരിന്നത്. എന്നാല്‍, കേസ് പരിഗണിക്കുന്നതിന് മുമ്പുതന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തില്‍ ഡിസംബര്‍ അഞ്ചിന് അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിനും തിയ്യേറ്റര്‍ ഉടമകള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ തിയ്യേറ്റര്‍ സീനിയര്‍ മാനേജറും ഒരു ജീവനക്കാരനും അറസ്റ്റിലായിരുന്നു. അതിനിടെ യുവതിയുടെ മരണവാര്‍ത്തയില്‍ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയ അല്ലു അര്‍ജുന്‍ യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Allu Arjun arrested following tragic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES