തെന്നിന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ഗൗതമി. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നഡയിലുമെല്ലാം മുന്‍നിര നായികയായി അവര്‍ വളര്‍ന്നു. ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി തിളങ്ങിയിട്ടുള്ള ഗൗതമിക്ക് മലയാള സിനിമയിലും അത്തരത്തില്‍ മികച്ച വേഷങ്ങളാണ് ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി. ജയറാം എന്നിങ്ങനെ സൂപ്പര്‍താരങ്ങളുടെ നായികയായി അവര്‍ അഭിനയിച്ചു..
സിനിമാ താരമായ ഗൗതമിയുടെ ജീവിതം ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവബഹുലമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. നിനച്ചിരിക്കാത്ത നേരത്തുള്ള ക്യാന്‍സറും കുടുംബ ജീവിതത്തിലെ പാളിച്ചകളും മാത്രമല്ല കോടികളുടെ സാമ്പത്തിക തട്ടിപ്പിനും ഗൗതമി ഇരയായിരുന്നു.
എണ്‍പതുകളുടെ അവസാനം മുതല്‍ സിനിമയിലുള്ള ഗൗതമിയുടെ ജീവിതത്തിലെ സംഭവങ്ങള്‍ ഓര്‍ത്തെടുത്തു പറയുകയാണ് ഇപ്പോള്‍ സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കമല്‍ ഹാസനുമായുള്ള ലൈവ് ഇന്‍ ബന്ധവും അതിന് ശേഷമുള്ള വേര്‍പിരിയലും ഒക്കെ അദ്ദേഹം എടുത്തു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
ഗൗതമിയുടെ ജീവിതം ഒരു പാഠപുസ്തകം തന്നെയാണ്. സിനിമാക്കാര്‍ മാത്രമല്ല എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഇതിലുണ്ട്. ഒരുപാട് സുഖങ്ങളും സന്തോഷങ്ങളും അനുഭവിച്ച അവരുടെ കൗമാരകാലം, പിന്നെ സിനിമയില്‍ കാലെടുത്ത് വച്ച യൗവന കാലം. കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അനുഭവിച്ച വേദനകള്‍, ഒരു വര്‍ഷത്തോളം മാത്രം നീണ്ടുനിന്ന വിവാഹ ജീവിതം. അതിന്റെ ബാക്കി പാത്രമായി ലഭിച്ച ഒരു പെണ്‍കുഞ്ഞ്. പിന്നീട് കമല്‍ ഹസനുമായി ഉണ്ടായ പ്രണയവും ലിവ് ഇന്‍ ടുഗെദര്‍ ജീവിതവും. അവിടേക്ക് ഇടിത്തീ പോലെ വന്നുവീണ ക്യാന്‍സര്‍ എന്ന മാരകരോഗം. പ്രതീക്ഷയോടെ മുന്നോട്ട് പോയികൊണ്ടിരുന്ന കമല്‍ ഹാസനുമായുള്ള ബന്ധവും തകര്‍ന്നടിയുന്നു. താന്‍ കഷ്ടപെട്ട് സമ്പാദിച്ച 15 കോടിയുടെ സ്വത്തുക്കള്‍ മറ്റൊരാള്‍ കൈക്കലാക്കുന്നു.
തല മൊട്ടയടിച്ച് ആശുപത്രിയില്‍ നിന്ന് ലഭിച്ച നീല വസ്ത്രവും ധരിച്ച ഗൗതമിയുടെ ചിത്രം കണ്ടപ്പോള്‍ പലരും വിധിയെഴുതി ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന്. എന്നാല്‍ ഒരു ഫീനിക്സ് പക്ഷിയെ പോലെ എല്ലാത്തിനെയും അതിജീവിച്ച് അവര്‍ പറന്നുയര്‍ന്നു. ഇതില്‍ നിന്നൊക്കെയാണ് നമുക്ക് ഒരുപാട് പാഠങ്ങള്‍ പഠിക്കാനുള്ളത്. ആന്ധ്രാ സ്വദേശികളായ ഡോക്ടര്‍ ദമ്പതികളുടെ മകളായിരുന്നു ഗൗതമി. ബന്ധുക്കള്‍ നിര്‍മ്മിച്ച ചില സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തെങ്കിലും സിനിമയിലേക്ക് ശരിക്കുള്ള കടന്നുവരവായി കണക്കാക്കുന്നത് ഗുരുഷ്യനിലൂടെ ആയിരുന്നു. ആ ചിത്രം വന്‍ ഹിറ്റായിരുന്നു. അതോടുകൂടി ഗൗതമി ഏറെ ശ്രദ്ധിക്കപ്പെട്ടു.
തുടര്‍ന്ന് അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ഹിറ്റായി. അങ്ങനെ അവര്‍ ഒന്നാം നിര നായികയായി മാറി. തമിഴില്‍ മാത്രമല്ല ഹിന്ദി, തെലുഗു, കന്നഡ, മലയാളം എന്നിങ്ങനെ എല്ലാ ഭാഷകളിലും അവര്‍ വേഷമിട്ടു. മലയാളത്തില്‍ പത്തോളം ചിത്രങ്ങളില്‍ അവര്‍ വേഷമിട്ടു. മോഹന്‍ലാല്‍ നായകനായ ഹിസ് ഹൈനസ് അബ്ദുള്ള, മമ്മൂട്ടി നായകനായ ധ്രുവം, സുകൃതം, സുരേഷ് ഗോപിയുടെ ചുക്കാന്‍, സാക്ഷ്യം, ജയറാമിന്റെ അയലത്തെ അദ്ദേഹം എന്നിവ ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിലെ ദൃശ്യത്തിന്റെ റീമേക്ക് ആയ പാപനാശത്തില്‍ അവര്‍ കമല്‍ ഹാസനൊപ്പം അഭിനയിച്ചു. ഗൗതമി പാട്ട് രംഗത്തില്‍ മാത്രം അഭിനയിച്ച് തരംഗമായത് 'ചിക്കുബുക്ക് ലൈലെ' ആയിരുന്നു. അന്ന് പുതുമുഖമായിരുന്ന ശങ്കര്‍ ഗൗതമിക്ക് വീട്ടിലെത്തി പാട്ട് കേള്‍പ്പിച്ചു കൊടുത്തു. പിന്നീട് സമാനമായ വേഷങ്ങള്‍ കിട്ടിയെങ്കിലും അവര്‍ അഭിനയിച്ചില്ല. 1998ല്‍ സന്ദീപ് ഭാട്യ എന്ന ബിസിനസുകാരനെ അവര്‍ വിവാഹം ചെയ്തു. എന്നാല്‍ 1999ല്‍ തന്നെ ഈ ബന്ധം വേര്‍പിരിഞ്ഞു. അതില്‍ ജനിച്ച കുട്ടിയാണ് സുബ്ബലക്ഷ്മി.
പിന്നീട് 2005 മുതല്‍ 2016 വരെ വിവാഹമെന്ന കരാര്‍ ഇല്ലാതെ അവര്‍ പരസ്പരം ജീവിച്ചു. ആ ജീവിതത്തിന് ഇടയിലാണ് അവര്‍ക്ക് ക്യാന്‍സര്‍ പിടിപെടുന്നത്. കമല്‍ ഹാസനുമായി വേര്‍പിരിയാന്‍ ഇടയായ കാരണം ഗൗതമി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കമല്‍ ഹാസന്റെ രാഷ്ട്രീയ ജീവിതത്തില്‍ അത് വലിയ തിരിച്ചടിയായി. ക്യാന്‍സര്‍ ബാധിതയായ ഭാര്യയെ നിഷ്‌കരുണം ഉപേക്ഷിച്ച ക്രൂരന്‍, അയാള്‍ക്കെന്ത് ധാര്‍മികത എന്നായിരുന്നു എതിര്‍ കക്ഷികളുടെ പ്രചരണം. ഇതോടെ കമലിന്റെ എംഎംകെ എന്ന പാര്‍ട്ടി ഒരു സീറ്റ് പോലും നേടാതെ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഗൗതമി ക്യാന്‍സര്‍ രോഗിയാണെന്ന് അവര്‍ തന്നെയാണ് കണ്ടെത്തിയത്. സ്തനാര്‍ബുദം ആയിരുന്നു ഗൗതമിക്ക്. അവര്‍ക്ക് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടായിരുന്നില്ല. നമ്മുടെ എത്രയോ താരങ്ങള്‍ ഈ മഹാമാരിക്ക് മുന്‍പില്‍ വീണിട്ടുണ്ട്. സത്യനും ശ്രീവിദ്യയും കവിയൂര്‍ പൊന്നമ്മയും പിന്നെ അകാലത്തില്‍ പൊലിഞ്ഞ ശരണ്യ ശശിയും ജിഷ്ണു രാഘവനും ഒക്കെ. നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന അസുഖമാണ് ഇതെന്ന സന്ദേശമാണ് ഗൗതമിയുടെ ലൈഫ് എഗെയ്ന്‍ ഫൗണ്ടേഷനിലൂടെ നല്‍കുന്നത്.
അവരുടെ രോഗത്തിന്റെ ചികിത്സയ്ക്ക് ഇടയില്‍ 15 കോടിയോളം വിലവരുന്ന വസ്തു തന്റെ വിശ്വസ്തന്റെ പേരില്‍ പവര്‍ ഓഫ് അറ്റോണി കൊടുത്തു. അയാള്‍ അത് തിരിമറി നടത്തി. ഒരുപക്ഷേ ഗൗതമി ചികിത്സ കഴിഞ്ഞ് ജീവനോടെ തിരിച്ചുവരില്ലെന്നായിരിക്കും അയാള്‍ കരുതിയത്. ഈ വസ്തു തിരികെ പിടിക്കുന്നതിനായി അവര്‍ ഒരുപാട് ഇടങ്ങളില്‍ കയറി ഇറങ്ങിയിരുന്നു.
അപകട സമയത്ത് സഹായിച്ചില്ലെന്ന പേരില്‍ ബിജെപിയുമായുള്ള രാഷ്ട്രീയ ബന്ധം അവര്‍ ഉപേക്ഷിച്ചു. പിന്നീട് അവര്‍ കോടതിയെ സമീപിക്കുകയും അവിടെ നിന്ന് നീതി കിട്ടുകയും ചെയ്തു. മലയാളിയായ ഒരു കുന്നംകുളത്ത് സ്വദേശിയും ഈ ക്രൈമില്‍ ഉള്‍പ്പെട്ടിരുന്നു. തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കരുതല്‍ ആയിരുന്നു അതെന്ന് ഗൗതമി പറയുന്നു. മകള്‍ക്ക് പന്ത്രണ്ട് വയസ് മാത്രമുള്ളപ്പോള്‍ അസുഖത്തിന് ഇടയിലും അവര്‍ക്ക് മകള്‍ക്ക് വേണ്ടി പോരാടാന്‍ തോന്നി. അവരുടെ ദൃഢനിശ്ചയവും കരളുറപ്പും അവര്‍ക്ക് ശക്തി പകര്‍ന്നു. ഗൗതമിയുടെ ഒറ്റയാള്‍ പോരാട്ടം വലിയ പാഠങ്ങളാണ്.