ബോളിവുഡിലെ ശ്രദ്ധേയായ നടിയാണ് ശിഖ മൽഹോത്ര. മഹാരാഷ്ട്രയിൽ കൊവിഡ് 19 വ്യാപിച്ചതോടെ അഭിനയം നിര്‍ത്തിയ താരം തന്റെ പഴയ നഴ്സിങ് കുപ്പായം എടുത്തണിഞ്ഞത് മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. 2014ലായിരുന്നു ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം ശിഖ പൂർത്തീകരിച്ചത്. തുടർന്നായിരുന്നു അഭിനയത്തിലേക്ക് താരം ചുവട് വച്ചത്. എന്നാൽ ഇപ്പോൾ അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച താരത്തിന് കോവിഡ് ബാധ ഉണ്ടായിരിക്കുകയാണ്.
''രാജ്യത്തെ ആരോഗ്യമേഖലയില്‍ അടിയന്തിര സാഹചര്യം വന്നതോടെയാണ് താന്‍ രോഗികളെ ചികിത്സിക്കാന്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്ന കാര്യം തീരുമാനിച്ചത്. കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുമ്പോൾ സമൂഹത്തെ പരിചരിക്കാമെന്ന് പ്രതിജ്ഞ എടുത്തതാണ്''- എന്നായിരുന്നു അന്ന് ശിഖ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നതും. ഒടുവില്‍ തന്നെയും കോവിഡ് ബാധിച്ചുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ്. അതേസമയം നടിക്ക് കോവിഡ് വന്നതില്‍ ദുഖമില്ലെന്നും ഉടന്‍ തന്നെ രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ശിഖ അറിയിച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തിയതോടെയാണ് ശിഖ പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധനേടുന്നത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ സിനിമയില്‍ എത്തുന്നതിനും മുന്‍പ് അഞ്ച് വര്‍ഷം നഴ്‌സായി തരാം സേവനമനുഷ്‌ടിക്കുകയും ചെയ്തിരുന്നു.