മാനസികാരോഗ്യത്തെ സംബന്ധിച്ച നടി കൃഷ്ണപ്രഭയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതികരണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ ഡിപ്രഷനും മൂഡ് സ്വിങ്‌സും പോലുള്ള പ്രശ്‌നങ്ങളെ നിസ്സാരമായി കാണിക്കുന്ന തരത്തിലാണ് താരം സംസാരിച്ചത്.
'ഇപ്പോള്‍ ആളുകള്‍ എല്ലാം ഡിപ്രഷന്‍, ഓവര്‍തിങ്കിംഗ്, മൂഡ് സ്വിങ്‌സ് എന്നൊക്കെ പറയുന്നുണ്ട്. പണ്ടത്തെ വട്ടത്തെയാണ് പുതിയ പേരുകളില്‍ വിളിക്കുന്നത്. പണിയൊന്നുമില്ലാത്തതുകൊണ്ടാണ് ഇതൊക്കെ വരുന്നത്' എന്നായിരുന്നു കൃഷ്ണപ്രഭയുടെ പരാമര്‍ശം. ഈ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതികരണം ഉണ്ടാക്കിയത്.
സൈക്കോളജിസ്റ്റുകളും സെലിബ്രിറ്റികളും ഉള്‍പ്പെടെ നിരവധി പേര്‍ നടിയുടെ സമീപനത്തെ ചോദ്യം ചെയ്തു. ഒരു സൈക്കോളജിസ്റ്റ് പുറത്തിറക്കിയ വിമര്‍ശന വീഡിയോ നടി സാനിയ അയ്യപ്പന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചതോടെ വിഷയമൂന്നി. അവര്‍ ആരോപിച്ചത് 'മാനസികാരോഗ്യപ്രശ്‌നങ്ങളെ പരിഹസിക്കുകയും അതിനെ നിസ്സാരമായി കാണിക്കുകയും ചെയ്യുന്ന രീതിയാണ് നടിയും അഭിമുഖം നടത്തുന്നവരും സ്വീകരിച്ചത്'' എന്നായിരുന്നു.
ഗായിക അഞ്ജു ജോസഫും പ്രതികരണവുമായി രംഗത്തെത്തി. ''ഡിപ്രഷന്‍ യഥാര്‍ത്ഥ രോഗമാണ്. ലോകത്തിലെ അനേകം ആളുകള്‍ ഇതിലൂടെ കടന്നുപോകുന്നു. ദീപിക പദുക്കോണ്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയവര്‍ പോലും അതിനെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. ജോലിയുണ്ടോ ഇല്ലയോ എന്നത് ഇതുമായി ബന്ധമില്ല. തമാശ പറയുമ്പോഴും വിഷയത്തെക്കുറിച്ച് കുറച്ച് പഠിക്കണം,'' എന്ന് അവര്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായ ചര്‍ച്ചയാണിത് പ്രശസ്തര്‍ അവരുടെ വാക്കുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും, മാനസികാരോഗ്യത്തെ പരിഹസിക്കുന്നത് അതിനെ നേരിടുന്നവര്‍ക്കുള്ള അപമാനമാണെന്നും നിരവധി ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.