താരസംഘടനയില്‍ നിന്നും അനുയോജ്യ നടപടിക്കു പൊരുതുന്ന ഡബ്ല്യുസിസിക്കെതിരെയുളള കെപിഎസി ലളിതയുടെ നിലപാടില്‍ പ്രതികരണവുമായി രേവതി. താരസംഘടനയായ എഎംഎംഎയില്‍ നിന്നും നേരിടുന്ന നീതിനിഷേധങ്ങളെക്കുറിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് നടത്തിയ വാര്‍ത്താസമ്മേളനത്തെ കഴിഞ്ഞ ദിവസം കെപിഎസി ലളിത വിമര്‍ശിക്കുകയായിരുന്നു. കെപിഎസി ലളിതയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്ന് ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രേവതി പ്രതികരിക്കുകയായിരുന്നു.
തന്റെ ആദ്യസിനിമ തൊട്ട് കെപിഎസി ലളിതയെ അറിയാമെന്നും അന്നൊക്കെ അമ്മയെ പോലെ നോക്കിയിരുന്ന ആളാണെന്നും രേവതി പറഞ്ഞു. 1983ല്‍ മോഹന്‍ലാലിനെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് രേവതി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഈ ചിത്രത്തില്‍ കെപിഎസി ലളിതയുടെ അനന്തരവളായിട്ടാണ് രേവതി വേഷമിട്ടത്. തുടക്കം മുതല്‍ അമ്മയെ പോലെ കണ്ട് വ്യക്തിയില്‍ നിന്നുളള ഇത്തരത്തിലൊരു വിമര്‍ശനം ഞെട്ടലാണ് ഉണ്ടാക്കിയത്.
തന്റെ ഭര്‍ത്താവ് സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ച ആളാണ് ഇപ്പോള്‍ മോഹന്‍ലാല്‍ നടിയെന്ന് വിളിച്ചതില്‍ പരാതി പറഞ്ഞതെന്നും ആ വേഷത്തിലേക്ക് മറ്റൊരാളെ ആയിരുന്നു ആദ്യം കാസ്റ്റ് ചെയ്തതെന്നും, അവര്‍ക്ക് പറ്റാത്തതുകൊണ്ടാണ് രേവതിയെ അഭിനയിപ്പിച്ചതെന്നും പേരെടുത്ത് പറയാതെ കെപിഎസി ലളിത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനെതിരെ ആരോപണമുന്നയിച്ചത് ശരിയായില്ലെന്നും പുറത്തുപോയവര്‍ തിരിച്ചുവന്ന് മാപ്പ് പറണമെന്നും കെപിഎസി ലളിത ആവശ്യപ്പെട്ടിരുന്നു. ഇതിനോടായിരുന്നു രേവതിയുടെ പ്രതികരണം.