കേരളത്തിലെ മുൻ മന്ത്രിയും മലയാള സിനിമാതാരവുമാണ് കീഴുട്ട് ബാലകൃഷ്ണപിള്ള ഗണേഷ്കുമാർ എന്ന കെ.ബി. ഗണേഷ് കുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്. സഹനടനായും വില്ലൻ കഥാപാത്രങ്ങളിലൂടെയെല്ലാം തന്നെ താരം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്റെ സിനിമാപ്രവേശത്തെ തന്റെ കുടുംബത്തില്‍ അച്ഛനുള്‍പ്പെടെയുള്ള ആരും ആദ്യം അംഗീകരിച്ചിരുന്നില്ലെന്ന് പറയുകയാണ് ഗണേഷ് കുമാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോരമ ന്യൂസിന് ഗണേഷ് കുമാര്‍ നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
‘ അച്ഛനെന്ന നിലയില്‍ ഒരു മകനോട് കാണിക്കേണ്ട വാത്സല്യം അല്ലെങ്കില്‍ ഒരു കൊഞ്ചിക്കല്‍ ഇതൊന്നും അച്ഛനില്‍ നിന്ന് എനിക്ക് കിട്ടിയതായി ഓര്‍മ്മയില്ല. അദ്ദേഹം അതിലേക്ക് പോലും ഫ്ളക്സിബിള്‍ ആകാന്‍ കഴിയുന്ന മാനസികാവസ്ഥയിലുള്ള വ്യക്തിയല്ല.അച്ഛനൊരിക്കലും സ്നേഹക്കുറവുണ്ട് എന്നെനിക്ക് തോന്നിയിട്ടില്ല. മരുമക്കളോട് ഒരു പ്രത്യേക പരിഗണന അച്ഛന് ഉണ്ട്. അവരെല്ലാം വലിയ പദവികളില്‍ ഇരിക്കുന്നവരാണ്.
എന്റെ അച്ഛന്റെ ഒരു സഹോദരി ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് ഇവനെ എന്തിനാ സിനിമയിലേക്ക് വിട്ടതെന്ന്. ഇവനെ പട്ടാളത്തില്‍ ചേര്‍ത്തിരുന്നെങ്കില്‍, ഇവന്‍ വെടിയേറ്റ് മരിച്ചിരുന്നെങ്കില്‍ നമുക്ക് അഭിമാനമല്ലായിരുന്നോ എന്ന്. അതാണ് അന്നത്തെ കാലം,’ ഗണേഷ് കുമാര്‍ പറഞ്ഞു. 1985ല്‍ പുറത്തിറങ്ങിയ കെ.ജി.ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന സിനിമയിലൂടെയാണ് ഗണേഷ് കുമാര്‍ ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്.