മലയാള സിനിമയിലെ താരപുത്രന്മാരിൽ ഒരാളാണ് ഗോകുൽ സുരേഷ്. അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് ഗോകുലും അഭിനയ മേഖലയിൽ ചുവട് വച്ച് കഴിഞ്ഞു. നിരവധി സിനിമകളിൽ ഗോകുൽ ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ അച്ഛനും മകനും ഒന്നിച്ചെത്തുന്ന ജോഷി ചിത്രം പാപ്പന്റെ ട്രെയിലർ ലോഞ്ചിനിടെ ഗോകുൽ പറഞ്ഞ വാക്കുകളാണ് വെെറലായി മാറുന്നത്.
“ഒരു സിംഹത്തിന്റെ മടയിൽ കയറിയന്നൊക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ രണ്ട് സിംഹങ്ങളുടെ മടയിലാണ് താൻ കയറിയത്. ഒരുപാട് പേടിയോടെയാണ് പാപ്പൻ സെറ്റിലെത്തിയത്. പക്ഷേ കൺഫർട്ടബിൾ ആയിരുന്നു. മലയാള സിനിമയുടെ തലതൊട്ടപ്പൻമാരിൽ ഒരാളായ ജോഷി സാർ എന്നെ ട്രീറ്റ് ചെയ്തത് അങ്ങനെയാണ്.
അഭിനേതാക്കളുടെ ഗണത്തിൽപ്പെടുത്തുകയാണെങ്കിൽ എന്റെ അച്ഛനും ഒരു തലതൊട്ടപ്പൻ തന്നെയാണ്. നല്ല സപ്പോർട്ടായിരുന്നു ഇരുവരും തന്നത്. എല്ലാ സപ്പോർട്ടിനും പ്രേക്ഷകർക്കും നന്ദി”, എന്നാണ് ഗോകുൽ പറഞ്ഞത്. കൊച്ചി ലുലു മാളിൽ നടന്ന പാപ്പന്റെ ട്രെയിലർ ലോഞ്ചിനിടെ ആയിരുന്നു നടന്റെ പ്രതികരണം.
ചിത്രത്തിൽ സുരേഷ് ഗോപി എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് എത്തുന്നത്. ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, വിജയരാഘവൻ, ജനാർദനൻ, ടിനി ടോം, നന്ദു, ചന്തുനാഥ്, ആശ ശരത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.