മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. നർമ്മത്തിനു പുതിയ ഭാവം നൽകി കൊണ്ട് സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ താരം തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ മോഹന്‍ലാലിനെ കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘സത്യന്‍ അന്തിക്കാടും ഞാനും മോഹന്‍ലാലും നിര്‍മ്മിച്ചിരുന്ന സിനിമകള്‍ സാമ്പത്തികമായി വിജയിച്ചിരുന്ന കാലഘട്ടത്തില്‍ നിര്‍മ്മാതാവ് കെ.ടി കുഞ്ഞുമോന്‍ ഇന്നസെന്റ് മുഖാന്തരം ഞങ്ങളോട് കാര്യം പറയാന്‍ പറഞ്ഞു. ഒരു സിനിമ, മോഹന്‍ലാലും ഞാനും സത്യന്‍ അന്തിക്കാടും ചേര്‍ന്ന് ഒരു പടം നിര്‍മ്മിക്കാനുള്ള പണവും ഞങ്ങളുടെ പ്രതിഫലവും അദ്ദേഹം തരാമെന്നും അതിന് നേതൃത്വം നല്‍കണമെന്നും പറഞ്ഞു. സ്വഭാവികമായിട്ടും ഞാനും സത്യനും ആ ഓഫര്‍ വേണ്ടെന്ന് വെച്ചു. കാരണം അങ്ങനെയൊരു ലാഭ-നഷ്ടത്തിന്റെ ബിസിനസ് പോലെ സിനിമ ചെയ്യാന്‍ വന്നവരല്ല ഞങ്ങള്‍.
അപ്പോള്‍ ഇങ്ങനെയൊരു സിനിമ ചെയ്ത് ലാഭമുണ്ടാക്കിയാല്‍ പിന്നെ നമ്മുടെ ചിന്ത മുഴുവന്‍ പണത്തിന്റെ പിന്നാലെയായിരിക്കും. അതറിയാവുന്നത് കൊണ്ടുതന്നെയാണ് ഈ ഒരു തീരുമാനം അറിയിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് മോഹന്‍ലാല്‍ സ്വന്തം നിലയില്‍ നിര്‍മ്മാതാവായി. അത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല.
എങ്കിലും ഒരു അഭിനേതാവ് നിര്‍മ്മാതാവായി. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ചോദിച്ചാല്‍ നല്ല സിനിമകള്‍ തന്നെയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ മനസ്സില്‍. എന്നാല്‍ സ്വന്തമായി സിനിമ നിര്‍മ്മിച്ച് ലക്ഷക്കണക്കിന് രൂപയാണ് അദ്ദേഹത്തിന് നഷ്ടം വന്നത്. പണം ഒരുപാട് നഷ്ടപ്പെട്ട്, ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ ലാല്‍ ഒരു ഫിലോസഫറെ പോലെയായിരുന്നു. പണം കുറെ പോയിക്കഴിയുമ്പോള്‍ ഫിലോസഫി വരും. ജീവിതം നിരര്‍ത്ഥകമാണ് എന്നൊക്കെ തോന്നും എന്നും ശ്രീനിവാസന്‍ പറഞ്ഞു.