ആക്ഷന്‍ ത്രില്ലര്‍ എന്ന സിനിമയില്‍ നിന്നും അല്‍പ്പം ഫാമിലി ഡ്രാമ കൂടി നിറഞ്ഞ സിനിമയായിരുന്നു പുഷ്പ 2. ആ സിനിമയിലെ രംഗങ്ങളെ വെല്ലുന്ന വിധത്തിലായിരുന്നു അല്ലുവിനെ ഇന്ന് പോലീസ് അറസ്റ്റു ചെയതത്. എന്നാല്‍, പുഷ്പ്പരാജിനെ പോലെ നെഞ്ചുവിരിച്ചു തന്നെയാണ് പോലീസ് നടപടിയെ അല്ലു നേരിട്ടതും. വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് തെലങ്കാന പോലീസ് സംഘം നടനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടപടികള്‍ക്കിടെ ഏറെ വൈകാരികമായരംഗങ്ങളും അരങ്ങേറി.
ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിനായി പോലീസ് സംഘം വീട്ടിലെത്തിയസമയത്ത് അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഭാര്യ അല്ലു സ്‌നേഹ റെഡ്ഡി, സഹോദരന്‍ അല്ലു സിരിഷ്, അച്ഛന്‍ അല്ലു അരവിന്ദ് എന്നിവരും സംഭവസമയം നടന്റെ കൂടെ വീട്ടിലുണ്ടായിരുന്നു. അല്ലു അര്‍ജുന്‍ കാപ്പി കുടിച്ചുതീരുന്നത് വരെ പോലീസ് സംഘം കാത്തിരുന്നു. ഇതിനുശേഷമാണ് നടനുമായി പോലീസ് സംഘം സ്റ്റേഷനിലേക്ക് പോയത്.
പോലീസ് സംഘത്തിനൊപ്പം പോകുന്നതിന് മുന്‍പ് ഭാര്യ സ്‌നേഹ റെഡ്ഡിക്ക് അല്ലു അര്‍ജുന്‍ ചുംബനം നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് അല്ലു മടങ്ങിയത്. കാപ്പി കുടിച്ചതിന് പിന്നാലെ ഇനി പോകാം സര്‍ എന്നുപറഞ്ഞാണ് അല്ലു അര്‍ജുന്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം നടന്നുനീങ്ങിയത്. ചെറിയ തര്‍ക്കങ്ങളും ഇതിനിടെ ഉണ്ടായത്. ഇതിനിടെ താങ്കള്‍ ആവശ്യപ്പെട്ടതെല്ലാം തങ്ങള്‍ മാനിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ നടന്‍ ഇതിനുമറുപടി നല്‍കുകയും ചെയ്തു.
നിങ്ങള്‍ ഒന്നും മാനിച്ചില്ലെന്നും തന്റെ ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെന്നുമായിരുന്നു നടന്റെ മറുപടി. അല്‍പ്പം കടുപ്പിച്ചു കൊണ്ട് അല്ലു പറഞ്ഞത് ഇങ്ങനെ: '' സാര്‍, നിങ്ങള്‍ ഒന്നും മാനിച്ചിട്ടില്ല. എനിക്ക് വസ്ത്രം മാറണമെന്നും എന്റെ കൂടെ ഒരാളെകൂടി അയക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ എന്നെ കൊണ്ടുപോകുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ, എന്റെ കിടപ്പുമുറിയിലേക്ക് വരെ വരുന്നത് വളരെ കൂടുതലായിപ്പോയി'', അല്ലു അര്‍ജുന്‍ പറഞ്ഞു. പുഷ്പ സിനിമയിലെ ഡയലോഗായ 'ഫ്‌ളവര്‍ അല്ല, ഫയറാണ്' എന്നെഴുതിയ ഹൂഡി ധരിച്ചാണ് അല്ലു അര്‍ജുന്‍ പോലീസ് സംഘത്തിനൊപ്പം മടങ്ങിയത്.
ഇതിനിടെ അച്ഛന്‍ അരവിന്ദ് പോലീസ് വാഹനത്തില്‍ നടനൊപ്പം കയറാന്‍ ശ്രമിച്ചെങ്കിലും നടന്‍ തന്നെ ഇത് തടഞ്ഞു. അതിനിടെ, പിന്നീട് പോലീസ് സംഘത്തിനൊപ്പം മറ്റൊരു വേഷം ധരിച്ച് അല്ലു അര്‍ജുന്‍ ലിഫ്റ്റില്‍ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നടന്‍ തിയേറ്ററിലെത്തുന്ന വിവരം തങ്ങളെ മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ യുവതിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അല്ലു അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തത്. ഇതേ കേസില്‍ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയെ സമീപിക്കുകയുംചെയ്തു. തിക്കിലും തിരക്കിലും മരിച്ച യുവതിയുടെ കുടുംബത്തിന് നടന്‍ ധനസഹായവും വാഗ്ദാനംചെയ്തിരുന്നു.