Latest News

ബാംഗ്ലൂര്‍ സ്വദേശി ഗൗരി സ്പ്രാറ്റ് ബിസിനസുകാരിയും ആറ് വയസുള്ള കുട്ടിയുടെ അമ്മയും; തന്റെ 60 പിറന്നാള്‍ ആഘോത്തിനിടെ അമീര്‍ ഖാന്‍ പരിചയപ്പെടുത്തിയ പുതിയ പ്രണയിനിയുടെ വിശേഷങ്ങള്‍  വാര്‍ത്തകളില്‍ നിറയുമ്പോള്‍

Malayalilife
ബാംഗ്ലൂര്‍ സ്വദേശി ഗൗരി സ്പ്രാറ്റ് ബിസിനസുകാരിയും ആറ് വയസുള്ള കുട്ടിയുടെ അമ്മയും; തന്റെ 60 പിറന്നാള്‍ ആഘോത്തിനിടെ അമീര്‍ ഖാന്‍ പരിചയപ്പെടുത്തിയ പുതിയ പ്രണയിനിയുടെ വിശേഷങ്ങള്‍  വാര്‍ത്തകളില്‍ നിറയുമ്പോള്‍

മികച്ച സിനിമകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ താരമാണ് ആമിര്‍ ഖാന്‍. ബോളിവുഡിലെ മിന്നുന്ന താരം. അതിലുപരി സിനിമാ പ്രേമികളുടെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്. ആമിര്‍ ഖാന്റെ സിനിമകളെല്ലാം വലിയ പ്രത്യേകതയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടായി വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്തുകൊണ്ടിരിക്കുന്ന ഈ താരത്തിന്റെ 60 ാം പിറന്നാള്‍ ആണ് ഇന്ന്. 

പിറന്നാള്‍ ആഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ മുംബൈയിലെ ഹോട്ടലില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗൗരി സ്പ്രാറ്റ് എന്ന യുവതിയുമായി പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.മുംബൈയിലെ ഹോട്ടലില്‍വച്ച് ഗൗരിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ ആമിര്‍ ഖാന്‍ തന്റെ ഭാവിപരിപാടികള്‍ എന്താണെന്നതിനെക്കുറിച്ചും വിശദീകരിച്ചു.

ഗൗരി ഇപ്പോള്‍ തന്റെ കൂടെയാണ് കുറച്ചുകാലമായി താമസമെന്ന് വ്യക്തമാക്കിയ ആമിര്‍. അവരുമായി 25 വര്‍ഷത്തെ പരിചയം തനിക്കുണ്ടെന്ന് വ്യക്തമാക്കി.തമിഴ് വംശജയായ ഗൗരി കുറേക്കാലം ബെംഗലൂരുവിലാണ് താമസിച്ചത്. ഇപ്പോള്‍ തമ്മില്‍ വളരെ ഗൗരവമായതും പ്രതിബദ്ധതയുമുള്ള ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ എന്ന് ആമിര്‍ പറയുന്നു. 

ഇപ്പോള്‍ ആമിറിന്റെ പ്രൊഡക്ഷന്‍ കമ്പനിയിലാണ്  ഗൗരി ജോലി ചെയ്യുന്നത്. ആമിറിന്റെ വരും പ്രൊജക്ടുകളില്‍ ഇവര്‍ സഹകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സല്‍മാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്ക് ആമിര്‍ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ അത്താഴ വിരുന്നില്‍  ഗൗരിയും പങ്കെടുത്തിരുന്നുവെന്ന് ആമിര്‍ അറിയിച്ചു. 

തന്റെ പുതിയ ബന്ധത്തില്‍ തന്റെ മക്കള്‍ക്ക് സന്തോഷമാണ്. എന്നാല്‍ ഔദ്യോഗികമായി ഒരു കുടുംബ ഗെറ്റ്ടുഗതര്‍ ഉണ്ടായിയിട്ടില്ലെന്നും ആമിര്‍ പറയുന്നു. പുതിയ പങ്കാളിക്ക് വേണ്ടി ഗാനങ്ങള്‍ പാടുന്നത് തനിക്ക് ഇഷ്ടപ്പെട്ട കാര്യമാണെന്നും ആമിര്‍ പറഞ്ഞു. ആറു വയസുള്ള ആണ്‍കുട്ടിയുടെ അമ്മയാണ്  ഗൗരി. ലഗാന്‍ ദംഗല്‍ അടക്കം തന്റെ ചില സിനിമകളെ  ഗൗരി കണ്ടിട്ടുള്ളുവെന്നും ആമിര്‍ പറഞ്ഞു.

ലഗാന്‍ എന്ന സിനിമയിലെ തന്റെ കഥാപാത്രമായ ഭുവനെക്കുറിച്ചും ആമിര്‍ പരാമര്‍ശിച്ചു. 'ഭുവന് തന്റെ ഗൗരി കിട്ടി' എന്ന് അദ്ദേഹം പറഞ്ഞു. ആമിര്‍ തന്റെ പങ്കാളി ഗൗരിക്കായി കഭി കഭി മേരെ ദില്‍ മേ എന്ന ഗാനത്തിന്റെ ചില വരികളും ഈ ചടങ്ങില്‍ പാടി.

18 മാസമായി ഇരുവരും ഒന്നിച്ചാണ് താമസമെന്ന വെളിപ്പെടുത്തലും വലിയ ചര്‍ച്ചയായി. ബോളിവുഡ് താരങ്ങളുടെ ചെറിയ ചലനങ്ങള്‍ പോലും ഒപ്പിയെടുക്കുന്ന പാപ്പരാസി ക്യാമറകള്‍ക്കും ഗോസിപ്പ് വാര്‍ത്തകള്‍ക്കും പിടി കൊടുക്കാതെ എങ്ങനെയാണ് ആമിര്‍ തന്റെ പ്രണയം രഹസ്യമായി സൂക്ഷിച്ചതെന്ന ചോദ്യവും ഉയര്‍ന്നു. ഒപ്പം ആരാണ് ആമിറിന്റെ ഹൃദയം കവര്‍ന്ന ഗൗരി സ്പ്രാറ്റ് എന്ന സുന്ദരിയെന്ന അന്വേഷണവും സജീവമായി. 

ബെംഗളൂരു സ്വദേശിയാണ് ഗൗരി സ്പ്രാറ്റ്. അമ്മ തമിഴ്‌നാട്ടുകാരിയും അച്ഛന്‍ അയര്‍ലണ്ടുകാരനുമാണെങ്കിലും ദീര്‍ഘകാലമായി ഗൗരി ബെംഗളൂരുവിലാണ് താമസം. ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സില്‍ നിന്ന് എഫ്ഡിഎ സ്‌റ്റൈലിങ് ആന്‍ഡ് ഫോട്ടോഗ്രഫി കോഴ്‌സ് പൂര്‍ത്തിയാക്കിയ ഗൗരി ബെംഗളൂരുവിലെ ബിബ്ലണ്ട് സലൂണിന്റെ  ബിസിനസ് പങ്കാളി കൂടിയാണ്. ആറു വയസ്സുള്ള ഒരു മകനും ഗൗരിക്കുണ്ട്. ആമിറുമായി 25 വര്‍ഷം നീണ്ട സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയത്. ഇപ്പോള്‍ ആമിറിന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ താരത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു. 

ഗൗരിയുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് മുംബൈ ഒഴിവാക്കി ബെംഗളൂരു തിരഞ്ഞെടുത്തതുകൊണ്ടാണ് ഇത്രയും കാലം ഈ ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ കഴിഞ്ഞതെന്ന് ആമിര്‍ ഖാന്‍ വെളിപ്പെടുത്തി. 'നോക്കൂ... ഇത്രകാലം ഞാന്‍ നിങ്ങള്‍ക്കു പിടി തരാതെ ഇരുന്നില്ലേ?' എന്നായിരുന്നു തമാശരൂപത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ആമിര്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത്. 

രണ്ടു തവണ വിവാഹിതനായ താരം അറുപതാം വയസ്സില്‍ വീണ്ടും വിവാഹിതനാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തുറന്നു പറഞ്ഞു. ഗൗരിയുടെ ആറു വയസ്സുള്ള മകനൊപ്പമാണ് ഇരുവരും നിലവില്‍ താമസിക്കുന്നത്. ആമിര്‍ ഖാന്‍ സിനിമയ്ക്കു പുറത്തുള്ള ഒരാളുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ഒന്നരവര്‍ഷം മുന്‍പ് പ്രചരിച്ചിരുന്നു. എന്നാല്‍, ആ വ്യക്തി ആരാണെന്നു മാത്രം വ്യക്തമായിരുന്നില്ല.

ഗൗരിയെക്കുറിച്ച് ആമിര്‍ മാധ്യമങ്ങളോടു സംസാരിച്ചെങ്കിലും ക്യാമറകള്‍ക്ക് മുന്‍പില്‍ അവര്‍ പ്രത്യക്ഷപ്പെട്ടില്ല. ബോളിവുഡിന്റെ ഗ്ലാമര്‍ലോകത്തെ നേരിടാന്‍ ഗൗരിയെ മാനസികമായി ഒരുക്കുന്നതേയുള്ളൂവെന്നും അവരുടെ സമാധാനജീവിതം ഉറപ്പു വരുത്താന്‍ സ്വകാര്യ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആമിര്‍ പറഞ്ഞു. 

സിനിമാ നിര്‍മാതാവായ റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. 1986ലാണ് ഇവര്‍ വിവാഹിതരാകുന്നത്. ഇറ, ജുനൈദ് എന്നിവര്‍ റീനയുടെയും ആമിറിന്റെയും മക്കളാണ്. 16 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2001ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2005ല്‍ ആമിര്‍ ഖാന്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ആസാദ് എന്നൊരു മകനുണ്ട്. 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു

Aamir Khan introduces girlfriend Gauri Spratt

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES