കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി അമ്മയിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി അമ്മയുടെ നേതൃത്വം. നടി എന്ത് വിഷയമുയര്‍ത്തി രാജിനല്‍കിയോ ആ വിഷയത്തിന് സംഘടനയില്‍നിന്നുള്ള ദിലീപിന്റെ രാജിയോടെ പരിഹാരമായെന്നാണ് അമ്മ എക്‌സിക്യുട്ടീവിന്റെ വികാരം. ഇതോടെ അമ്മയിലെ പ്രതിസന്ധി ഒഴിയുന്നു എന്നാണ് സൂചനകള്‍.
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ആരോപണവിധേയനായ ദിലീപിനോട് രാജി ആവശ്യപ്പെട്ട് വാങ്ങിയതാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ നേരത്തെ പരസ്യമായി പറഞ്ഞതോെടയാണ് കാര്യങ്ങള്‍ വ്യക്തമായതെന്നാണ് എക്‌സിക്യുട്ടീവ് അംഗങ്ങളില്‍ ചിലര്‍ പറയുന്നത്.സംഘടയില്‍നിന്ന് രാജിവച്ചെങ്കിലും നടിയുമായി ഈ വിഷയം എക്‌സിക്യുട്ടീവ് അംഗങ്ങളില്‍ ചിലര്‍ സംസാരിച്ചപ്പോള്‍ അനുകൂല മറുപടി ലഭിച്ചുവെന്നാണ് സൂചന. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായുള്ള സ്റ്റേജ് ഷോയുടെ തിരക്കിലായതിനാല്‍ നീണ്ടുപോയ തീരുമാനമെന്നാണ് അമ്മയുടെ തലപ്പത്തുള്ളവര്‍തന്നെ നല്‍കുന്ന വിവരം. ദിലീപിനെ സംരക്ഷിച്ചുവെന്ന പേരില്‍ ഡബ്യുസിസിയുമായി ഏറ്റുമുട്ടി വികൃതമായ മുഖം നന്നാക്കാന്‍ 'അമ്മ' സംഘടനാതലത്തില്‍തന്നെ കാണുന്ന സുപ്രധാന നീക്കം ആക്രമിക്കപ്പെട്ട നടിയെ സംഘടനയ്ക്കുള്ളില്‍ തിരിച്ചെത്തിക്കുകയെന്നതാണ്. ഡബ്യു.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്ന നടി മഞ്ജുവാര്യര്‍ സംഘടനയ്‌ക്കൊപ്പമുണ്ടെന്ന സൂചന പൊതുജനസമക്ഷം നല്‍കാന്‍ ഇതിനകം കഴിഞ്ഞതും മുഖംമെച്ചപ്പെടുത്താന്‍ സഹായകമായതായി അമ്മ വിലയിരുത്തുന്നു.
മഞ്ജുവാര്യര്‍ ഡബ്യുസിസിയില്‍ ഉണ്ടെന്ന് പറയുമ്പോഴും കൊച്ചിയില്‍ ദിലീപിനും താരസംഘടനയ്ക്കുമെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍പോലും അവരെ പങ്കെടുപ്പിക്കാന്‍ കഴിയാതെപോയതില്‍ ഡബ്യുസിസിതുടരുന്ന മൗനവും 'അമ്മ'യ്ക്ക് നേട്ടമാണ്. മഞ്ജുവാര്യരെ പ്രഫഷണലായി സഹായിച്ചതാണ് ഒടിയന്‍ സിനിമയ്‌ക്കെതിരെ നവമാധ്യമങ്ങളില്‍ ഉണ്ടായ സംഘടിത ആക്രമണത്തിന് പ്രധാന കാരണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുറന്നടിച്ചപ്പോള്‍ ഡബ്യുസിസി മഞ്ജുവിനെ പ്രതിരോധിക്കാനെത്തിയില്ലെന്നതും താരസംഘടനയായ 'അമ്മ' നേട്ടമായി കൂട്ടുന്നു.