സഹോദരിയും ഗായികയുമായ എ.ആര്‍ റെയ്ഹാനയുടെ ആരോപണത്തോടു പ്രതികരിച്ച് എആര്‍ റഹ്മാന്‍. സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ 'മീ ടൂ' ആരോപണങ്ങള്‍ പുറത്ത് വരുന്നതിനിടെ ക്യാംപയിനെക്കുറിച്ച് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കയാണ്. 'മീ ടൂ മൂവ്മെന്റ് ആദ്യം മുതലേ കാണുന്നുണ്ട്. ആരോപണം ഉന്നയിച്ചവരും ഇരകളുമായ ചിലരുടെ പേരുകള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഞാന്‍ കൂടി ഉള്‍പ്പെടുന്ന സിനിമാ ഇന്‍ഡസ്ട്രി സ്ത്രീകളെ ബഹുമാനിക്കുകയും അവര്‍ക്ക് കൂടി ഇടമൊരുക്കുകയും ചെയ്യുന്നതാകണമെന്നാണ് എന്റെ ആഗ്രഹം. ഇരകള്‍ കൂടുതല്‍ ശക്തരാകട്ടെ...'- റഹ്മാന്‍ പ്രതികരിച്ചു.
എല്ലാവര്‍ക്കും സുരക്ഷിതമായും ക്രിയാത്മകമായും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവരും ഉറപ്പുവരുത്തണമെന്നും അതോടൊപ്പം തന്നെ ഒരു പുതിയ ഇന്റര്‍നെറ്റ് ജസ്റ്റിസ് സിസ്റ്റം ഉണ്ടാകുമ്പോള്‍ അത് തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും റഹ്മാന്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് റഹ്മാന്‍ തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്.
ഗായിക ചിന്മയി ഗാനരചയിതാവ് വൈരമുത്തുവിനെതിരേ മീ ടു ആരോപണവുമായി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ സഹോദരിയും ഗായികയുമായ എ.ആര്‍ റെയ്ഹാന രംഗത്തെത്തിയിരുന്നു. വൈരമുത്തുവിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒരുപാട് സ്ത്രീകള്‍ തന്നോട് നേരത്തേ തന്നെ പറഞ്ഞിട്ടുണ്ടെന്നും അതൊരു പരസ്യമായ രഹസ്യമാണെന്നും റൈയ്ഹാന ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു.
വിവാദങ്ങള്‍ പുറത്ത് വന്നപ്പോള്‍ എ.ആര്‍ റഹ്മാന്‍ ഞെട്ടിപ്പോയെന്നും ,ഇതൊക്കെ സത്യമാണോ എന്നാണ് റഹ്മാന്‍ ആദ്യം എന്നോട് ചോദിച്ചത് കാരണം റഹ്മാന്‍ വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു വ്യക്തിയാണ്. ചിന്‍മയിക്ക് റഹ്മാന്‍ ഇപ്പോള്‍ പാടാന്‍ അവസരങ്ങള്‍ നല്‍കുന്നില്ല എന്ന പ്രചരണങ്ങളെക്കുറിച്ചും റൈയ്ഹാന പ്രതികരിച്ചു.പൊതുവേ വിവാദങ്ങളുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്ക് റഹ്മാന്‍ അവസരം നല്‍കാറില്ല. ഈ വിഷയത്തില്‍ റഹ്മാന്റെ നിലപാട് എനിക്ക് അറിയില്ല. ഞങ്ങള്‍ ഒരിക്കലും ജോലി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും റൈയ്ഹാന വ്യക്തമാക്കി.
തനിക്ക് അത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് തന്നെ വൈരമുത്തുവിനെ വിമര്‍ശിക്കാന്‍ സാധിക്കില്ലെന്നും റൈയ്ഹാന വ്യക്തമാക്കി. ഞങ്ങള്‍ കുറിച്ച് തവണ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളൂ. അപ്പോഴെല്ലാം അദ്ദേഹം എന്നോട് മര്യാദയോടു കൂടി തന്നെയാണ് പെരുമാറിയിട്ടുള്ളതെന്നും റൈയ്ഹാന പറഞ്ഞു.ചിന്‍മയിയുടെ ആരോപണങ്ങള്‍ താന്‍ പൂര്‍ണമായി വിശ്വസിക്കുന്നുവെങ്കിലും അത് പുറത്ത് പറയാന്‍ അവര്‍ ഇത്രയും കാലം താമസിച്ചത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും റൈയ്ഹാന കൂട്ടിച്ചേര്‍ത്തു.
അവര്‍ വൈരമുത്തുവിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം പറഞ്ഞത് എന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ എന്തുകൊണ്ട് ചിന്‍മയി പതിനഞ്ച് വര്‍ഷങ്ങള്‍ കാത്തിരുന്നു. അന്ന് തന്നെ പ്രതികരിക്കണമായിരുന്നു. കാരണം മറ്റൊന്നുമല്ല ചിന്‍മയിയും അമ്മയും (ടി. പത്മഹാസിനി, വൈരമുത്തുവിനെതിരേ ചിന്‍മയിയുടെ അമ്മയും രംഗത്ത് എത്തിയിരുന്നു) അത്ര ഭീരുക്കളൊന്നുമല്ല. ഒരിക്കല്‍ ഞാനുമായി ചിന്‍മയിയുടെ അമ്മ വഴക്കിട്ടിട്ടുണ്ട്. എന്റെ സംഗീത പരിപാടിക്ക് ജനങ്ങളെ കൂട്ടാന്‍ ഞാന്‍ ചിന്‍മയിയുടെ പേര് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ആ വഴക്ക് റൈയ്ഹാന പറഞ്ഞു.