ഏഴു ദിനരാത്രങ്ങള്‍ നീണ്ടുനിന്ന 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. പെഡ്രോ ഫിയറെ സംവിധാനം ചെയ്ത ബ്രസീലിയന്‍ ചിത്രം 'മാലു'വിനാണ് സുവര്‍ണ ചകോരം. ഫര്‍ശദ് ഹാഷ്മിക്കും(മികച്ച സംവിധായകന്‍) ക്രിസ്‌ടോബല്‍ ലിയോണിനും(മികച്ച നവാഗത സംവിധായകന്‍) രജതചകോരവും ലഭിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.
വൈകീട്ട് ആറിനു നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു. ചലച്ചിത്രമേളയില്‍ ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ'യാണ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ശ്രദ്ധ നേടിയത്. മികച്ച മലയാളം സിനിമ, ഫിപ്രസി പുരസ്‌കാരം, ജനപ്രിയ ചിത്രം, മികച്ച തിരക്കഥ എന്നീ അംഗീകാരങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. മേളയ്ക്കിടെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണുമായുള്ള വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ സംവിധായിക ഇന്ദുലക്ഷ്മിക്കും പുരസ്‌കാരം ലഭിച്ചു.
'അപ്പുറം' എന്ന ചിത്രത്തിലൂടെ ഇന്ത്യയില്‍നിന്നുള്ള മികച്ച നവാഗത സംവിധായികയായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 68 രാജ്യങ്ങളില്‍നിന്നുള്ള 177 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. രണ്ടാം ദിവസമാണ് മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചത്. മലയാളത്തില്‍നിന്നെത്തിയ രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം ലഭിച്ചു. ഏഷ്യന്‍ സിനിമയുടെ വളര്‍ച്ചയുടെ ദിശ സൂചിപ്പിക്കുന്നതായിരുന്നു മൂന്നാം ദിവസം. സംവിധായക ആന്‍ ഹുഴിയുമായുള്ള പ്രത്യേക സംഭാഷണ പരിപാടിയും നടന്നു.
നാലാം ദിവസം മലയാള സിനിമയിലെ മുതിര്‍ന്ന നടിമാര്‍ക്ക് ആദരമര്‍പ്പിച്ച ചടങ്ങും ശ്രദ്ധേയമായി.ഫെസ്റ്റിവല്‍ ഫേവറേറ്റ് വിഭാഗത്തിലെ ചിത്രങ്ങളാണ് അഞ്ചാം ദിവസം ചര്‍ച്ചയായത്. കാനില്‍ ഗ്രാന്‍ഡ് പ്രിക്സ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റും' സംവിധായക പായല്‍ കപാഡിയയും ആറാം ദിവസം തിളങ്ങിനിന്നു.