പ്രശസ്ത മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായിരുന്ന തോപ്പില്‍ ഭാസി 1924 ഏപ്രില്‍ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജനിച്ചു. ഭാസ്‌കരന്‍ പിള്ള എന്നായിരുന്നു യഥാര്‍ത്ഥ നാമം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചങ്ങന്‍കുളങ്ങര സംസ്‌കൃതസ്‌കൂളില്‍ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിന്നു വൈദ്യകലാനിധി പാസ്സായി.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു തോപ്പില്‍ ഭാസി. ഒന്നാം കേരളനിയമസഭയില്‍ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്. അദ്ദേഹത്തിന്റെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം മലയാള നാടക ചരിത്രത്തില്‍ അവിസ്മരണീയമായ ഒന്നാണ്.കെ.പി.എ.സിയുടെ ആഭിമുഖ്യത്തില്‍ 1952 ഡിസംബര്‍ 6-ന് കൊല്ലം ജില്ലയിലെ ചവറയിലാണ് ഈ നാടകം ആദ്യമായി അരങ്ങേറിയത്. കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡുകളുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1992 ഡിസംബര്‍ 8-ന് അദ്ദേഹം അന്തരിച്ചു.