മെയ് ഏഴിന് പുലര്‍ച്ചെ 1.04നാണ് ഇന്ത്യന്‍ മണ്ണില്‍ നിന്നും പറന്നുയര്‍ന്ന ആദ്യ മിസൈല്‍ പാക്കിസ്ഥാന്‍ തീവ്രവാദികളെ ചുട്ടെരിച്ചത്. പിന്നെയങ്ങോട്ടുള്ള 15 മിനിറ്റുകളില്‍ പാക്കിസ്ഥാന് ശ്വാസം വിടാന്‍ പറ്റിയിട്ടില്ല. പാക്ക് മണ്ണിലേക്ക് തുടര്‍ച്ചയായി നടത്തിയ ഈ ആക്രമണത്തിനു നേതൃത്വം നല്‍കിയവരില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. മണിക്കൂറുകള്‍ക്കിപ്പുറം ആര്‍മിയും നേവിയും എയര്‍ഫോഴ്സും ചേര്‍ന്നു നടത്തിയ പത്ര സമ്മേളനത്തിലാണ് കേണല്‍ സോഫിയ ഖുറേഷി എന്ന 51കാരിയെ ലോകം മുഴുവന്‍ കണ്ടത്. പിന്നീട് അറിഞ്ഞത് ജനിച്ചു വളര്‍ന്ന നാടിനും ജാതി മത ചിന്തകള്‍ക്കും അപ്പുറം രാജ്യസ്നേഹം നെഞ്ചിലേറ്റിയ ഒരു വലിയ കുടുംബത്തിന്റെ കഥയാണ്.
ഗുജറാത്ത് വഡോദരയിലെ ഒരു പട്ടാള കുടുംബത്തിലാണ് സോഫിയ ഖുറേഷി ജനിച്ചത്. 1974ലാണ് ജനനം. സോഫിയയുടെ മുത്തച്ഛന്‍ ആര്‍മിയില്‍ മതാധ്യാപകനായിരുന്നു. പിതാവ് താജ് മുഹമ്മദ് ഖുറേഷി സൈനിക ഉദ്യോഗസ്ഥനും ആയിരുന്നു. അതുകൊണ്ടു തന്നെ ചെറുപ്പം മുതല്‍ക്കെ രാജ്യസ്നേഹം നെഞ്ചിലേറ്റിയാണ് സോഫിയ വളര്‍ന്നത്. പഠിക്കാനും ബഹുമിടുക്കിയായിരുന്നു. സയന്‍സ് വിഷയമായിരുന്നു പഠനകാലത്തുടനീളം സോഫിയ തെരഞ്ഞെടുത്തത്. അങ്ങനെ 23-ാം വയസില്‍ മനോന്‍മണിയം സുന്ദരന്മാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോകെമിസ്ട്രിയില്‍ മാസ്റ്റേഴ്സ് നേടിയ സോഫിയ ശാസ്ത്രജ്ഞയായി ജോലി ചെയ്യുകയും വൈകാതെ തന്നെ ഇന്ത്യന്‍ ആര്‍മിയിലേക്ക് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ഇന്ത്യന്‍ ആര്‍മിയിലെ ശ്രദ്ധേയ വ്യക്തിത്വമായി മാറാന്‍ സോഫിയയ്ക്ക് സാധിച്ചിരുന്നു. 25-ാം വയസിലാണ് സ്വന്തം നാട്ടില്‍ നടന്ന ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലൂടെ കമ്മീഷന്‍ ചെയ്യപ്പെട്ട ഈ വനിതാ ഓഫീസര്‍, സിഗ്‌നല്‍ റെജിമെന്റുകളിലെ കലാപവിരുദ്ധ മേഖലകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചത്.
പിന്നാലെയായിരുന്നു ആര്‍മി മേജറുമായുള്ള വിവാഹം നടന്നത്. മേജര്‍ താജുദ്ദീന്‍ ഖുറേഷിയാണ് ജീവിതപങ്കാളി. ഇവര്‍ക്ക് ഒരു മകന്‍ ഉണ്ട്. സിഗ്‌നല്‍സ് കോര്‍പ്‌സിലാണ് അവര്‍ ജോലി ചെയ്യുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മിയിലെ മെക്കനൈസ്ഡ് ഇന്‍ഫാന്‍ട്രിയില്‍ കേണല്‍ ഓഫീസറായി ജോലി ചെയ്യുന്ന സോഫിയയുടെ ശ്രദ്ധേയമായ ആദ്യ ഉദ്യമം ഓപ്പറേഷന്‍ പരക്രം ആണ്. 2001 ഡിസംബറില്‍ നടന്ന ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് പഞ്ചാബ് അതിര്‍ത്തിയില്‍ നടന്ന ഈ ഓപ്പറേഷനില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു സോഫിയയുടേത്. തുടര്‍ന്നാണ് അവരുടെ മാതൃകാപരമായ സേവനത്തിന് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫില്‍ നിന്ന് അവര്‍ക്ക് ഒരു അഭിനന്ദന കാര്‍ഡും ലഭിച്ചിരുന്നു.
യുദ്ധക്കളത്തില്‍ മാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ പീസ്‌കീപ്പിംഗ് ഓപ്പറേഷനിലും അവര്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2006 മുതല്‍ ആറ് വര്‍ഷക്കാലത്തോളം അവര്‍ കോംഗോയിലും സേവനം അനുഷ്ടിച്ചിരുന്നു. സോഫിയ ഖുറേഷിയുടെ ഈ നേട്ടങ്ങള്‍, ഇന്ത്യയിലെ വനിതകള്‍ക്ക് സൈന്യത്തില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിന് പ്രചോദനമായിട്ടുണ്ട്. 2016ല്‍, ഇന്ത്യയിലെ പൂണെയില്‍ നടന്ന ആസിയാന്‍ പ്ലസ് അന്താരാഷ്ട്ര സൈനിക പരിശീലനത്തില്‍ ഇന്ത്യയുടെ 40 അംഗ സംഘത്തെ നയിച്ച് സോഫിയ ഖുറേഷി ചരിത്രം സൃഷ്ടിച്ചിരുന്നു. അന്ന് ആ പരിശീലനത്തില്‍ പങ്കെടുത്ത 18 രാജ്യങ്ങളിലെ ആര്‍മി ടീമുകളില്‍ അവയെ നയിച്ചതില്‍ ഏക വനിതാ സംഘനേതാവ് എന്ന നിലയിലാണ് സോഫിയ ശ്രദ്ധിക്കപ്പെട്ടത്.
ഇതുകൂടാതെ, വടക്കുകിഴക്കന്‍ മേഖലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായി. സൈന്യത്തില്‍, തുല്യ അവസരത്തിലും തുല്യ ഉത്തരവാദിത്തത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് സോഫിയ എപ്പോഴും പറയാറുള്ളത്.